- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അജാസും ഇന്ദുജയും രണ്ടാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവര്‍; ഇരുവരും തമ്മില്‍ അടുത്ത ബന്ധം; അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചത് രണ്ട് ദിവസം മുമ്പ് കാറില്‍ വെച്ച്; യുവതി ഒടുവില്‍ ഫോണില്‍ സംസാരിച്ചതും അജാസുമായി; ഫോണ്‍കോളിന് പിന്നാലെ ജനലില്‍ തൂങ്ങി ജീവനൊടുക്കലും; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവും സുഹൃത്തും പ്രതികളാകും
അജാസും ഇന്ദുജയും രണ്ടാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവര്‍
തിരുവനന്തപുരം: പാലോട് നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും സുഹൃത്തുക്കളും പ്രതികളാകും. ഇന്ദുജയെ മരണത്തിലേക്ക് തള്ളിവിട്ടതില്‍ യുവതിയുടെ ഭര്‍ത്താവ് അഭിജിത്തിനും സുഹൃത്ത് അജാസിനും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഇരുവരെയും പോലീസ് പ്രതിചേര്‍ത്ത് ഉടന്‍ അറസ്റ്റു ചെയ്യും. രണ്ട് പേരെയും ചോദ്യം ചെയ്തതില്‍ നിന്നും ഇവരില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെയാണ് ഇന്ദുജ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് കണ്ടെത്തിയത്.
ഇന്ദുജയുടെ അടുത്ത സുഹത്താണ് അജാസ്. എന്നാല്‍, അജാസുമായുള്ള സുഹൃത്ബന്ധത്തിന്‍രെ പേരില്‍ ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു എന്നാണ് സൂചന. ഇന്ദുജ അവസാനമായി ഫോണില്‍ വിളിച്ചത് അജാസുമായാണ്. ഈ ഫോണ്‍കോളിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതും. ഇതിന് മുമ്പ് അജാസ് യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് കാറില്‍ വെച്ചാണ് അജാസ് ഇന്ദുജയെ മര്‍ദിച്ചതെന്നാണ് ഭര്‍ത്താവ് അഭിജിത്ത് മൊഴി നല്‍കിയത്. ഇത് പ്രകാരമാണ് അജാസിനെ വിളിച്ചു വരുത്തിയതും പോലീസ് ചോദ്യം ചെയ്തതും.
കഴിഞ്ഞ ദിവസമാണ് ഇന്ദുജയെ പാലോട് അഭിജിത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നതിനാല്‍ ഗാര്‍ഹികപീഡനം നടന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ യുവതിയെ മര്‍ദിച്ചത് താനല്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഇപ്പോള്‍ അഭിജിത്ത് വ്യക്തമാക്കുന്നത്. അജാസും ഇന്ദുജയും രണ്ടാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവരാണ്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധം അറിഞ്ഞ് തന്നെയാണ് അഭിജിത്ത് യുവതിയെ വിവാഹം ചെയ്തത്.
ഈ ബന്ധം പിന്നീട് ഒഴിവാക്കാന്‍ ശ്രമിച്ചതായി അഭിജിത്ത് മൊഴി നല്‍കിയിട്ടുണ്ട്. നിര്‍ണായകമായ ഈ മൊഴിയില്‍ ഗാര്‍ഹികപീഡനമടക്കം സംശയിക്കാവുന്നതിനാല്‍ അഭിജിത്തിന്റെ വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തേക്കും. ഇന്ദുജ-അഭിജിത്ത് ബന്ധത്തില്‍ എന്ത് സംഭവിച്ചു എന്നും അജാസ് ഇന്ദുജയെ എന്തിന് മര്‍ദിച്ചു എന്നും വ്യക്തമല്ല. മരണത്തിന് പിന്നിലെ കഥ ചോദ്യം ചെയ്യലില്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു എന്നാണ് പൊലീസിന് അറിയിക്കുന്നത്.
ചോദ്യം ചെയ്യലിന് അജാസും അഭിജിത്തും വാട്സ്ആപ്പ് ചാറ്റുകള്‍ നീക്കം ചെയ്ത് എത്തിയത് പൊലീസിന്റെ സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തിയിരുന്നു. ഇരുവരുടെയും മൊഴികളനുസരിച്ചുള്ള ടവര്‍ ലൊക്കേഷന്‍ ഒത്തുപോകാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ലാബിലെ ജീവനക്കാരി ആയിരുന്നു ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനും. ഇന്ദുജയുടെയും അഭിജിത്തിന്റെയും കൂടുതല്‍ സുഹൃത്തുക്കളിലേക്ക് കൂടി മൊഴിയെടുപ്പ് നീണ്ടേക്കും എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരന് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. അടുത്തകാലത്താണ് ഇന്ദുജയ്ക്ക് മര്‍ദനമേറ്റതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. പാലോട് - ഇടിഞ്ഞാര്‍ - കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് 2 ദിവസം മുമ്പ് ഉച്ചക്ക് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃ വീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ തങ്ങളെ അറിയിച്ചതായും എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാന്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുമ്പ് ഇന്ദുജയെ അഭിജിത്ത് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി അമ്പലത്തില്‍ വച്ച് കല്യാണം കഴിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇന്ദുജ വീട്ടില്‍ വന്നപ്പോള്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു. പഠിപ്പിച്ച് മകളെ നല്ല രീതിയിലാണ് വളര്‍ത്തിയത്. പല വിവാഹാലോചനകളും വന്നിരുന്നു. അഭിജിത്ത് അതെല്ലാം മുടക്കി. വിവാഹം കഴിച്ച് വീട്ടില്‍ എത്തിയിട്ടും അഭിജിത്തിന്റെ അമ്മ അംഗീകരിച്ചിരുന്നില്ല. ഇന്ദുജയ്ക്ക് വീട്ടില്‍ സ്ഥാനമില്ലെന്നാണ് പറഞ്ഞത്. അവരെല്ലാം ചേര്‍ന്നാണ് മകളെ ഉപദ്രവിച്ചതെന്നും ഇന്ദുജയുടെ പിതാവ് ആരോപിക്കുന്നു.
ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരന്‍ ഷിനു പറയുന്നു. 'അഭിജിത്തിന്റെ വീട്ടിലേയ്ക്ക് പോയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ വീട്ടില്‍ അറിയിക്കുമായിരുന്നു. കുടുംബത്തിന് പല കാര്യങ്ങളിലും സംശയമുണ്ട്. ഇതിലും വലിയ പ്രശ്‌നങ്ങള്‍ ചേച്ചി മറികടന്നിട്ടുണ്ട്. ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ അങ്ങോട്ട് ചെല്ലുന്നതും ചേച്ചി ഇങ്ങോട്ട് വരുന്നതും അവര്‍ക്ക് ഇഷ്ടമില്ലായിരുന്നു'- ഷിനു പറഞ്ഞു.