ഹൈദരാബാദ്: ആഭിചാര ക്രിയയുടെ ഭാഗമായി സ്വന്തം മകളെ ബലിനല്‍കിയ മാതാവിന് വധശിക്ഷ. തെലങ്കാനയിലെ സൂര്യപേട്ട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് അമ്മയെ കൊന്ന മാതാവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. സര്‍പ്പദോഷ അനാചാരങ്ങളില്‍ വിശ്വസിച്ചിരുന്ന യുവതി, സര്‍പ്പദോഷത്തില്‍നിന്ന് മുക്തി നേടാനായി ഏഴ് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് നരബലി നല്‍കിയത്.

ഭാരതി എന്ന യുവതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതി നിലവില്‍ ജയിലിലാണ്. 2021 ഏപ്രില്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കു കാരണം സര്‍പ്പദോഷമാണെന്ന് യുവതി വിശ്വസിച്ചിരുന്നു. ഈ അന്ധമായ വിശ്വാസമാണ് അരുംകൊല ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചത്.

വീട്ടിലെ കിടപ്പുമുറിയില്‍ പ്രത്യേക പൂജ നടത്തുന്നതിനിടെ ഭാരതി മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയുമായിരുന്നുവെന്ന് ഭാരതിയുടെ ഭര്‍ത്താവ് കൃഷ്ണ നല്‍കിയ പരാതിയില്‍ പറയുന്നു.

കൊലപാതകം നടക്കുന്ന സമയത്ത് കൃഷ്ണയുടെ രോഗിയായ അച്ഛനും വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് സംശയം തോന്നി നോക്കിയപ്പോഴാണ് രക്തം പുരണ്ട വസ്ത്രങ്ങളുമായി നില്‍ക്കുന്ന ഭാരതിയെ കണ്ടത്. കുഞ്ഞിനെ ദൈവങ്ങള്‍ക്കു ബലിയര്‍പ്പിച്ചെന്നും സര്‍പ്പദോഷത്തില്‍നിന്നു മുക്തി നേടിയെന്നുമായിരുന്നു ഭാരതി വിളിച്ചുപറഞ്ഞത്. തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും എത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2023ല്‍, ഉറങ്ങിക്കിടന്നിരുന്ന ഭര്‍ത്താവ് കൃഷ്ണയെ ഭാരതി കല്ലു കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ ഭാരതിയെ കോടതി ഒരു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ഈ ശിക്ഷ അനുഭവിക്കവെയാണ് കുട്ടിയെ നരബലി കൊടുത്ത കേസില്‍ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഭാരതിയുടേത് രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കു സര്‍പ്പദോഷമുണ്ടെന്ന് ഒരു ജ്യോതിഷി ഭാരതിയോട് പറഞ്ഞിരുന്നു.

സര്‍പ്പദോഷ ആചാരങ്ങളില്‍ യുവതി അമിതമായി ആകൃഷ്ടയായിരുന്നുവെന്നും സ്ഥിരമായി ഇതിന്റെ വിഡിയോകള്‍ ഫോണില്‍ കാണാറുണ്ടെന്നുമാണ് ഭര്‍ത്താവ് കൃഷ്ണ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ വനിതാ സെന്‍ട്രല്‍ ജയിലിലാണ് ഭാരതി ഇപ്പോള്‍.