മലപ്പുറം: നിറത്തിന്റെ പേരില്‍ നിരന്തരം അവേഹളനം നേരിട്ടതിനെ തുടര്‍ന്ന് മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മലപ്പുറം മൊറയൂര്‍ സ്വദേശല അബ്ദുള്‍ വാഹിദാണ് പിടിയിലായത്. വിദേശത്ത് നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പോലീസ് പിടികൂടുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം കൊണ്ടോട്ടിയില്‍ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്. 19 കാരി ഷഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിറം കുറവ്, ഇംഗ്ലീഷ് അറിയില്ല തുടങ്ങിയ കാര്യംപറഞ്ഞ് ഷഹാനയെ അബ്ദുള്‍ വാഹിദ് നിരന്തരം അവഹേളിച്ചിരുന്നുവെന്നും, ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 20 ദിവസമേ താമസിച്ചുള്ളൂ, എന്തിനാണ് ഇതില്‍ തന്നെ തൂങ്ങുന്നേ വേറെ ഭര്‍ത്താവിനെ കിട്ടില്ലെ എന്നും പെണ്‍കുട്ടിയുടെ മുന്നില്‍ വച്ച് ഭര്‍തൃ മാതാവ് ചോദിച്ചിരുന്നു.

തിരികെ വിദേശത്തേക്ക് പോയ ഭര്‍ത്താവ് കുറേ ദിവസം വിളിക്കാതിരുന്നത് പെണ്‍കുട്ടിക്ക് മാനസിക സംഘര്‍ഷമുണ്ടാക്കി. ഒന്ന് വിളിക്കാന്‍ പറഞ്ഞ് നിരവധി തവണ മെസേജ് അയച്ചത് ഷാഹന കാണിച്ചിരുന്നുവെന്നും ബന്ധു പറഞ്ഞു. വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചതിലെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്ന് വീട്ടുകാരും പറഞ്ഞു.

ഷഹാനയുടെ ഭര്‍ത്താവിനെതിരെ പോലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഭര്‍ത്താവിനെതിരെ ചുമത്തിയിരിക്കുന്നത്. 2024 മെയ് 27 നായിരുന്നു മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് നിറത്തിന്റെ പേരില്‍ നിരന്തരം പെണ്‍കുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.