കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ ആണ് സംഭവം നടക്കുന്നത്. തട്ടിപ്പ് നടത്തിയ സ്ഥാപനത്തെ പോലീസ് പൂട്ടിച്ചു. എന്നിട്ട് ആ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൽ കയറി തന്നെ കള്ളന്റെ അടുത്ത മൂവ്. എന്തായാലും വിചിത്രമായി സംഭവം ആണ് കോഴിക്കോട് അരങേറിയത്.

ഉയർന്ന പലിശ വാഗ്‌ദാനംചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് പോലീസ് അടച്ചുപൂട്ടിയ കോഴിക്കോട് പാലാഴിയിലെ 'എനി ടൈം മണി' എന്ന സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ കേസിലെ പ്രതിയെ പന്തീരാങ്കാവ് പോലീസ് പിടികൂടി.

സേലം കിച്ചി പാളയം പഞ്ചാങ്ങി സേലം മാരിയമ്മ മുരുകനെയാണ് (28) ബെംഗളൂരുവിൽ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇപ്പോൾ ജയിലിലാണ്. തട്ടിപ്പ് കേസിലെ പരാതികൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പൂട്ടി സീൽ ചെയ്ത ഓഫീസിലാണ് 2023 ഓഗസ്റ്റ് 17-നും 2024 സെപ്‌റ്റംബർ രണ്ടിനും ഇടയിൽ മോഷണം നടന്നിരിക്കുന്നത്.

സ്ഥാപനത്തിലെ സാധനങ്ങൾ ലേലം ചെയ്യുന്നതിന് കോടതിയിൽ സമർപ്പിക്കാൻ വില നിശ്ചയിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഓഫീസറുടെ (ഇക്കണോമിക് ഒഫൻസ് വിങ്) നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി. സിവിൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് ഉദ്യോഗസ്ഥർ സെപ്‌റ്റംബർ രണ്ടിന് എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. എ.സി.കൾ, 16 വാൾ ഫാനുകൾ, ഇലക്‌ട്രിക്കൽ വയറുകൾ, മറ്റുവസ്തുക്കൾ എന്നിവ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

രാമനാട്ടുകരയിൽ താമസിച്ചിരുന്ന കള്ളൻ മോഷണം നടത്തിയതിന് ശേഷം തമിഴ്നാട്ടിലെ സേലത്തേക്ക് കടന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ബെംഗളൂരുവിലാണെന്നറിഞ്ഞ് ഫറോക്ക് അസിസ്റ്റൻറ് കമ്മിഷണർ എ.എം. സിദ്ദീഖിന്റെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും പന്തീരാങ്കാവ് ഇൻസ്പെക്ടർ ജി. ബിജുകുമാർ, സബ് ഇൻസ്പെക്ടർ മഹേഷ്, സി.പി.ഒ.മാരായ സുബീഷ്, നീതു കൃഷ്ണ, അതുല്യ എന്നിവർ ബെംഗളൂരൂവിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിക്ക് കളമശ്ശരി പോലീസ് സ്റ്റേഷനിലും മോഷണവുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.