തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളിയും താഴികക്കുടവുമെല്ലാം ചര്‍ച്ചയാകുന്നതിനിടയില്‍, സര്‍വ്വൈശ്വര്യവും അഭീഷ്ടസിദ്ധിയും കോടികളുടെ സാമ്പത്തികനേട്ടവും വന്നുചേരാന്‍ സഹായിക്കുന്ന ഇറിഡിയവും റൈസ് പുള്ളറും (ആര്‍.പി) വാഗ്ദാനം ചെയ്ത് കോടികള്‍ അടിച്ചുമാറ്റുന്ന തട്ടിപ്പു സംഘങ്ങള്‍ വീണ്ടും സജീവം. അന്‍പതു കോടിരൂപ മുതലാണ് ആര്‍.പിയുടെ വില. രാജഭരണകാലം മുതല്‍ കൈമാറിവന്ന ആര്‍.പിയാണെങ്കില്‍ നൂറുകോടിയെങ്കിലും നല്‍കണ്ടേിവരും. 'ഐശ്വര്യം' വാങ്ങി സൂക്ഷിക്കാതെ ബിസിനസില്‍ പങ്കാളിയാകാനും അവസരമുണ്ട്. ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഒരുമാസം കൊണ്ട് ഒരുകോടി രൂപയായി തിരിച്ചുകിട്ടും. പ്രമുഖ സിനിമാതാരങ്ങളാണ് കൂടുതല്‍ പണം മുടക്കിയിട്ടുള്ളതെന്നു പറഞ്ഞുമാണ് തട്ടിപ്പുകാര്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

ഒരു ഇടവേളക്കു ശേഷമാണ് സംസ്ഥാനത്ത്് ഇറിഡിയം റൈസ് പുള്ളര്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നത്. ശബരിമലയിലെ മേല്‍ക്കൂര ഇടിമിന്നലേറ്റ് ഇറിഡിയമായതു കൊണ്ടാണ് വിജയ് മല്യ കൊണ്ടുപോയതെന്നും വിശ്വാസ്യതക്ക് ഇതൊരു ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ തട്ടിപ്പ് വര്‍ധിക്കുന്നത്. ആര്‍.പി തട്ടിപ്പിന് വിവിധ ജില്ലകളില്‍ പോലീസ് ഈയ്യിടെയായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നു മടങ്ങിയെത്തിയ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളെയാണ് തട്ടിപ്പുസംഘങ്ങള്‍ കുടുതലായും സമീപിക്കുന്നത്. ശബരിമലയില്‍ ഇപ്പോള്‍ നടന്നത് സ്വര്‍ണ്ണപ്പാളി മോഷണം അല്ലെന്നും ഇടിമിന്നലേറ്റ് ഇറിഡിയമായി മാറിയ ചെമ്പ് പാളികള്‍ കടത്തിയതാണെന്നും ഈ സംഘങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

കേരളത്തിലെ പുരാതനമായ ക്ഷേത്രങ്ങളിലെ ചെമ്പ് പാളികള്‍ ഇടിമിന്നലേറ്റ് ഇറിഡിയമെന്ന ലോഹമായി മാറുന്നുണ്ടെന്നും ക്ഷേത്രങ്ങളിലെ താഴികക്കുടങ്ങളും കൊടിമരത്തിലെ വാഹനവുമൊക്കെയാണ് സാധാരണയായി ആര്‍പിയായി മാറാറുള്ളതെന്നും തട്ടിപ്പുകാര്‍ പറയുന്നു. ഇറിഡിയമായി മാറിയ ലോഹം അരിമണിയെ ആകര്‍ഷിക്കുമെന്നാണ് പ്രചരണം. ഇതാണ് പ്രാഥമിക പരീക്ഷണം. അതുകൊണ്ടാണ് ഇറിഡിയത്തിന് റൈസ് പുള്ളര്‍ എന്ന് തട്ടിപ്പുകാര്‍ വിളിക്കുന്നത്. ഇറിഡിയത്തെ ആകര്‍ഷിച്ച അരിമണി മറ്റ് അരിമണികളെ ആകര്‍ഷിക്കുമോ എന്നതാണ് രണ്ടാംഘട്ട പരീക്ഷണം. അതും വിജയിച്ചാല്‍ ആ ലോഹം സര്‍വ്വൈശ്വര്യവും നല്‍കുമെന്നാണ് വാഗ്ദാനം. പറയുന്ന വിലക്ക് ആര്‍.പി വാങ്ങാന്‍ വിദേശത്ത് ആള്‍ക്കാരുണ്ടെന്നും ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക്് ലഭിക്കുമെന്നും പറയുന്നതോടെ ഇരകള്‍ വലയില്‍ കുടുങ്ങും. എങ്ങനെയും അതു വാങ്ങാന്‍ ഇരകള്‍ തയ്യാറെടുക്കുന്നതോടെ തട്ടിപ്പിന് കളമൊരുങ്ങും. ബഹിരാകാശ ഗവേഷണങ്ങള്‍ക്കു വേണ്ടി നാസയ്ക്കു വരെ വില്‍ക്കാമെന്ന വാഗ്ദാനവും നല്‍കുന്നുണ്ട്.

കച്ചവടം ഉറപ്പിക്കുന്നതിനു മുന്‍പായി ഇതു വാങ്ങിയ സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രം കാണിക്കും. തട്ടിപ്പുകാരുമായി അവര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ കൂടി കാണുന്നതോടെ അഡ്വാന്‍സ് നല്‍കാന്‍ ഇരകള്‍ തയ്യാറാകും. ലക്ഷങ്ങള്‍ മാത്രം നല്‍കുമ്പോള്‍ ആര്‍.പിയുടെ ഫോട്ടോ കാണിക്കും. പലപ്പോഴായി പണം കൈപ്പറ്റുന്നവരും ഒറ്റയടിക്ക് വലിയ തുക വാങ്ങുന്നവരുമുണ്ട്. വിശ്വാസ്യതക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള കച്ചവടമാണ് ഇതെന്ന് പറയുന്നവരും സജീവമാണ്. ഈയ്യിടെ തൊടുപുഴ സ്വദേശികളായ ഒരു സംഘം ആര്‍.പി ബിസിനസ് ലൈസന്‍സും എന്‍.ഒ.സിയും ആര്‍.പി പൂട്ടി സൂക്ഷിച്ചിരിക്കുന്ന ലോക്കറിന്‍െ്റ ഫോട്ടോയും കാണിച്ച് തട്ടിപ്പ് നടത്തിയിരുന്നു. ലോക്കറിന്‍െ്റ ഡിജിറ്റല്‍ നമ്പര്‍ ഒന്ന് അവരുടെ കൈയ്യിലും ഒന്ന് സയന്‍്റിസ്റ്റിന്‍െ്റ പക്കലും ഒന്ന് സെല്ലറുടെ കൈയ്യിലുമാണെന്നാണ് പറഞ്ഞത്.

ഇറിഡിയം കാണാനും അതു പരിശോധിച്ച് ഉറപ്പു വരുത്താനും പണം ഈടാക്കാറുണ്ട്്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പരിശോധനക്ക് എത്തുന്ന വിദഗ്ധന് 20 മുതല്‍ 25 ലക്ഷംരൂപ വരെ നല്‍കേണ്ടിവരും. കോടികള്‍ വിലമതിക്കുന്ന അപൂര്‍വ്വ സാധനത്തിന് 25 ലക്ഷം ചെറിയൊരു തുകയാണെന്ന രീതിയില്‍ തട്ടിപ്പുകാര്‍ അവതരിപ്പിക്കുമ്പോള്‍ ഇരകള്‍ വീഴും. എല്ലാവരും ഒരേ സംഘത്തിലെ അംഗങ്ങളാണ്. ഈ അടുത്ത കാലത്താണ് ഇറിഡിയം തട്ടിപ്പ് വീണ്ടും സജീവമാകുന്നത്. വിവിധ ജില്ലകളില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം നല്‍കി തട്ടിപ്പിന് ഇരയായ ശേഷം പുറത്തു പറയാതിരിക്കുന്നവരും നിരവധിയാണ്.