- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊടി സുനിയില്‍ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി; സുനിയുടെ അടുത്ത ബന്ധുവില്‍ നിന്നും ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍; എട്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന്; വഴിവിട്ട നടപടികളില്‍ വിനോദ് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉടന്‍
കൊടി സുനിയില്‍ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി
തിരുവനന്തപുരം: ജയില്‍ കോഴക്കേസില്‍ കേസെടുത്ത് അന്വേഷണം നേരിടുന്ന ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജയില്‍ ഭരിക്കുന്ന ടി പി ചന്ദ്രശേഖര്‍ വധക്കേസ് പ്രതി കൊടി സുനിയില്‍ നിന്നും വിനോദ്കുമാര്‍ കൈക്കൂലി വാങ്ങിയെന്ന വിവരങ്ങളാണ് പുറത്തുവന്നത്. സുനിയുടെ ബന്ധുവില്‍ നിന്നുമാണ് പണം കൈപ്പറ്റിയത്.
ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവില്‍ നിന്നും വിനോദ് കുമാര്‍ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. പരോളിനും ജയിലില്‍ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാര്‍ തടവുകാരുടെ ബന്ധുക്കളില്‍ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്.
പരോള്‍ നല്‍കാനും പരോള്‍ നീട്ടി നല്‍കാനും തടവുകാരുടെ ബന്ധുക്കളില്‍ നിന്നും പണ പിരിവ്, ജയിനുള്ളില്‍ സൗകര്യങ്ങളൊരുക്കാനും സ്ഥലം മാറ്റത്തിനും കൈക്കൂലി. ജയില്‍ ആസ്ഥാന ഡിഐജി വിനോദ് കുമാറിന്റെ വഴിവിട്ട നടപടികള്‍ മാസങ്ങളായി വിജിലന്‍സ് നിരീക്ഷിച്ചുവരുകയായിരുന്നു.
ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയില്‍ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച് ജയില്‍ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വിയ്യൂര്‍ ജയിലിലെ തടവുകാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം വാങ്ങിയതില്‍ വിജിലന്‍സിന് തെളിവ് ലഭിച്ചു.
തെക്കന്‍ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടില്‍ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചതോടെയാണ് ഇന്നലെ കേസെടുത്തത്. സ്ഥലംമാറ്റത്തിനും വിനോദ് കുമാര്‍ ജീവനക്കാരില്‍ നിന്നും പണം വാങ്ങിയിരുന്നു എന്നാണ് വിവരം. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്.
സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടായിരുന്നപ്പോള്‍ സസ്‌പെന്‍ഷന്‍ നേരിട്ട ആളാണ് വിനോദ് കുമാര്‍. ടിപി കേസിലെ പ്രതികള്‍ക്ക് വിയ്യൂരില്‍ വഴിവിട്ട സൗകര്യങ്ങളൊരുക്കിയതിനാണ് രണ്ടാമത്തെ സസ്‌പെന്‍ഷന്‍. വകുപ്പതല അന്വേഷണങ്ങളെല്ലാം ഒതുക്കി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡിഐജിയായ ഉയര്‍ത്തിയ വിനോദ് കുമാറിനെ ജയില്‍ ആസ്ഥാനത്ത് നിയമിച്ചു.
നിരവധി പരാതികള്‍ വന്നപ്പോഴും, ജോലിയില്‍ വീഴ്ച വരുത്തിയിപ്പോഴും ഡിഐജിയെ ജയില്‍ ആസ്ഥാനത്തുമാറ്റണമെന്ന് ജയില്‍ മേധാവിമാര്‍ ആഭ്യന്തരവകുപ്പിനോട് പല ആവശ്യപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥന് സംരക്ഷണം നല്‍കി. വിരമിക്കാന്‍ നാല് മാസം ബാക്കി നില്‍ക്കേയാണ് വിജിലന്‍സ് കേസില്‍ പ്രതിയാകുന്നത്.
പരോള്‍ നല്‍കാന്‍ പ്രതികളുടെ ബന്ധുക്കളില്‍ നിന്ന് 1.80 ലക്ഷം രൂപ വാങ്ങിയെന്ന് കണ്ടെത്തല്‍. എഡിജിപി കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള ഏറ്റവും പ്രധാനപ്പെട്ട പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഡിഐജി വിനോദ് കുമാര്‍. കൈക്കൂലി വാങ്ങി എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് എടുത്തത്. ഗൂഗിള്‍ പേ വഴി വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം വാങ്ങി എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 1,80,000 രൂപ വാങ്ങിയതായി വിനോദ് കുമാറിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വ്യക്തമായി. പൂജപ്പുരയിലുള്ള വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല . കേസ് എടുത്ത പശ്ചാത്തലത്തില്‍ വിനോദ് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും.




