ആലപ്പുഴ: ചേര്‍ത്തലയിലെ ജയ്‌നമ്മ തിരോധാന കേസിലെ അന്വേഷണം പുരോഗമിക്കുമ്പോല്‍ ഇലന്തൂര്‍ മോഡല്‍ നരബലി സംശയത്തില്‍ അന്വേഷണ സംഘം. കേസിലെ പ്രതിയായ സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി ഉയരുന്ന ദുരൂഹതകള്‍ അനുദിനം വര്‍ധിച്ചു വരികയാണ്. സെബാസ്റ്റ്യന്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന സൂചനകള്‍. ഓരോ തിരോധാനവും നടന്നിരിക്കുന്നത് കൃത്യമായ ഇടവേളകളിലാണെന്നത് അടക്കം ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സൂചനകള്‍ വരും ദിവസങ്ങളില്‍ കേസിലെ നിര്‍ണായക ഘട്ടത്തിലേക്കും കടന്നേക്കാം. കാണാതായ സ്ത്രീകളെ ആഭിചാരക്രിയകള്‍ക്കു വേണ്ടിയാണോ ഉപയോഗിച്ചത് എന്ന സംശയമാണ് ഉയരുന്നത്. അന്വേഷണം ആ വഴിക്കാണ് പുരോഗമിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന സംശയങ്ങളില്‍ വ്യക്തത വരുത്താന്‍ ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുയാണ്. ഇതിനോടകം തന്നെ ചില തെളിവുകള്‍ ലഭിച്ചതായും സൂചനയുണ്ട്.

ആറ് വര്‍ഷത്തെ ഇടവേളയിലാണ് ഓരോ സ്ത്രീയെയും കാണാതായിരിക്കുന്നത്. 2006ല്‍ ബിന്ദു പത്മനാഭന്‍, 2012ല്‍ സിന്ധു പിന്നീട് ജെയ്‌നമ്മ. 2024 ഡിസംബറിലാണ് ഇവരെ കാണാതാകുന്നത്. കുടുംബപ്രശ്‌നങ്ങളോ മറ്റുകാര്യങ്ങളോ കാരണം ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നവരാണ് സെബാസ്റ്റ്യന്റെ ഇരയായിരുന്നതെന്ന് ചില ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിക്കുന്നുണ്ട്. ഇലന്തൂര്‍ നരബലി, നന്തന്‍കോട് കൊലപാതകം എന്നീ കേസുകള്‍ക്ക് നിലവിലത്തെ തിരോധാനക്കേസുമായി സമാനതകള്‍ ഈ കേസിനുമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്ന കാര്യം.

ധ്യാനകേന്ദ്രങ്ങളില്‍ പോയിരുന്നയാളാണ് സെബാസ്റ്റ്യനെങ്കിലും അയാളൊരു വിശ്വാസിയായിരുന്നില്ലെന്നാണ് അന്വേഷണസംഘം മനസ്സിലാക്കിയിട്ടുള്ളത്. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന സ്ത്രീകളുമായി സൗഹൃദമുണ്ടാക്കാന്‍ സെബാസ്റ്റ്യന്‍ തെരഞ്ഞെടുത്തിരുന്ന സ്ഥലമാണ് ധ്യാനകേന്ദ്രങ്ങളെന്ന നിഗമനത്തിലേക്കും അന്വേഷണസംഘമെത്തിയിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയമായ തെളിയിവുകളില്ലാതെ ഇക്കാര്യങ്ങളെല്ലാം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനാകില്ല. ശനിയാഴ് സെബാസ്റ്റ്യനെ ചേര്‍ത്തലയിലെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സെബാസ്റ്റ്യന്‍ റഫ്രിജിറേറ്റര്‍ വാങ്ങിയ കടയിലാണെത്തിച്ചത്. മാംസവും രക്തവും സൂക്ഷിക്കാനാണോ ഫ്രിഡ്ജ് വാങ്ങിയതെന്ന സംശയം ക്രൈംബ്രാഞ്ച് സംഘത്തിനുണ്ട്.

പല കാലഘട്ടങ്ങളിലായി കാണാതായ നാലു സ്ത്രീകളേ കേന്ദ്രീകരിച്ചതാണ് അന്വേഷണം. 40തിനും 55നും ഇടയില്‍ പ്രായമുള്ള, കുടുംബത്തില്‍ പ്രശ്‌നങ്ങളുള്ളതോ, ഒറ്റയ്ക്ക് താമസിക്കുന്നതോ ആയ സ്ത്രീകളെയാണ് സെബാസ്റ്റ്യന്‍ ലക്ഷ്യംവച്ചത്. 2024ല്‍ കാണാതായ കോട്ടയം അതിരമ്പുഴ സ്വദേശി ജൈനമ്മ, 2002 മതുല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്‍,2012ല്‍ കാണാതായ ചേര്‍ത്തല വാരനാട് സ്വദേശി ഐഷ, 2020ല്‍ കാണാതായ ചേര്‍ത്തല വള്ളാകുന്നത്ത് സ്വദേശി സിന്ധു എന്നിവരുടെ തിരോധാനക്കേസുകളാണ് ഇപ്പോള്‍ സെബാസ്റ്റ്യനു പിന്നാലെ പായുന്നത്.

സ്ത്രീകളെ മാത്രമാണ് സെബാസ്റ്റ്യന്‍ ലക്ഷ്യമിട്ടതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആലപ്പുഴയിലെ പള്ളിപ്പുറത്ത് രണ്ടരയേക്കര്‍ സ്ഥലം കേരളത്തിലെ ധര്‍മ്മസ്ഥലയോ എന്നു പോലും അന്വേഷണ സംഘം സംശയിക്കുന്നു. ഏറെ ദുരൂഹതകള്‍ നിറയ്ക്കുന്നൊരു ഭൂമിയാണിത്. ആലപ്പുഴയിലെ പള്ളിപ്പുറത്തെ രണ്ടരയേക്കര്‍ സ്ഥലം സെബാസ്റ്റ്യനു പാരമ്പര്യസ്വത്തായി കിട്ടിയതാണ്. അവിടെ ഒത്ത നടുക്കായി നിഗൂഢതകള്‍ നിറയുന്നൊരു പഴയവീടുണ്ട്. വീടിനു ചുറ്റും നിറയെ പുല്ലും കാടും നിറഞ്ഞ പ്രദേശമായിരുന്നു. പൊലീസ് ഇതെല്ലാം ജോലിക്കാരെ നിര്‍ത്തി വെട്ടിത്തെളിയിച്ചുകഴിഞ്ഞു.

ഈ സ്ഥലത്തിന്റെ അതിര്‍ത്തികളിലായി മൂന്ന് കുളങ്ങളും കിണറുകളുമുണ്ട്. വീടിനകത്ത്, ഒരു മുറി മാത്രം ഗ്രാനൈറ്റ് പാകിയതും സംശയങ്ങള്‍ പലതുണ്ടാക്കുന്നുണ്ട്, ബാക്കിയെല്ലാ മുറികളും ടൈലിട്ടതാണ്. കടാവറും മണ്ണുമാന്തിയന്ത്രങ്ങളും എത്തിച്ച് നടത്തുന്ന പരിശോധനയില്‍ മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥിക്കഷ്ണങ്ങളും തലയോട്ടിയും തുടയെല്ലും ക്ലിപ്പിട്ട പല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി. തുടയെല്ലും ക്ലിപ്പിട്ട പല്ലുകളും കണ്ടെടുത്തു. ഐഷയുടെ പല്ലായിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണസംഘമുള്ളത്. ഈ രണ്ടരയേക്കറിലെ കുളം വറ്റിച്ചു നടത്തിയ പരിശോധനയില്‍ സ്ത്രീകളുടെ വസ്ത്രഭാഗങ്ങളും ലേഡീസ് ബാഗും കൊന്തയും കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റിക് ടാങ്ക് ഉള്‍പ്പെടെ പരിശോധിച്ചു.

ആസൂത്രിതമായ കൊലപാതകങ്ങളാണ് സെബാസ്റ്റ്യന്‍ നടത്തിയതെന്ന സൂചനകളാണ് ലഭിക്കുന്നത്. ജൈനമ്മയുടെ കേസില്‍ മാത്രമാണ് സെബാസ്റ്റ്യന്‍ അല്‍പമെങ്കിലും പൊലീസിനോട് സഹകരിക്കുന്നത്. ബാക്കി സ്ത്രീകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൗനിയായി ഇരുന്ന് പൊലീസിനെ നോക്കി ചിരിക്കുകയാണ് സെബാസ്റ്റ്യന്‍. സ്ത്രീകളുടെ തിരോധാന കേസില്‍ സീരിയല്‍ കില്ലര്‍ എന്ന് സംശയിക്കുന്ന സെബാസ്റ്റ്യനുമായി ബന്ധമുള്ളവരില്‍ നിന്നും ചില വിവരങ്ങള്‍ ഇതൊടൊപ്പം പുറത്തുവരുന്നുണ്ട്. സെബാസ്റ്റ്യനെ അറിയാമെന്നും ക്രൂരനായി തോന്നിയില്ലെന്നും കാണാതായ ഐഷയുടെ അയല്‍ക്കാരി റോസമ്മ പറയുന്നു.

2016ല്‍ താന്‍ മേടിച്ച സ്ഥലം സെബാസ്റ്റ്യനും ഐഷയും ചേര്‍ന്ന് തന്നെ അറിയിക്കാതെ ജെസിബി കൊണ്ടുവന്നു തെളിച്ചു. തന്നെ അറിയിക്കാത്തതെന്തെന്ന് ചോദിച്ചപ്പോള്‍ സ്ഥലം വാങ്ങാന്‍ ആരാണ്ടോ വരുന്നുണ്ടെന്നറിഞ്ഞതുകൊണ്ടാണ് തെളിച്ചതെന്ന് ഐഷ മറുപടി നല്‍കി. അത്യാവശ്യം ബ്രോക്കര്‍ പണിയും സ്ഥലക്കച്ചവടവും നടത്തുന്നയാളാണ് സെബാസ്റ്റ്യനെന്നാണ് അവര്‍ക്ക് അറിയാവുന്നത്. എന്നാല്‍ റോസമ്മയുടെ വാക്കുകളിലും തികഞ്ഞ അവ്യക്തത തുടരുകയാണ്. സ്ഥലം വില്‍പനയ്ക്കായി സെബാസ്റ്റ്യന്‍ പലതവണ ആ പ്രദേശത്ത് വന്നുപോയി. ഇതിനിടെ സെബാസ്റ്റ്യന്‍ തന്നെ കല്യാണമാലോചിച്ചുവെന്നും റോസമ്മ.

കോടതി മുഖാന്തിരവും അരമന മുഖാന്തിരവും വിവാഹമോചനം നേടിയിട്ടുണ്ടെന്നും പുളളിക്ക് കല്യാണത്തിനു തടസമില്ലെന്നും പറഞ്ഞു. റജിസ്റ്റര്‍ വിവാഹം നടത്താമെന്നും സെബാസ്റ്റ്യന്‍ ഒരു തവണ പറഞ്ഞതായി റോസമ്മ പറയുന്നു. സെബാസ്റ്റ്യനെ കണ്ടാല്‍ ക്രൂരനാണെന്നൊന്നും തോന്നില്ലെന്നും റോസമ്മ പറയുന്നു.