പാനിപ്പത്ത്: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും കേട്ടുകേൾവിയില്ലാത്തതുമായ കൊലപാതക പരമ്പരയുടെ ചുരുളാണ് ഹരിയാനയിലെ പാനിപ്പത്തിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. തന്നെക്കാൾ സൗന്ദര്യം കൂടുതലുണ്ടെന്നുള്ള ഒരൊറ്റ തോന്നലിൽ, അയൽവാസിയായ ആറ് വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ അറസ്റ്റിലായ യുവതി, സ്വന്തം മകനെയടക്കം നാല് പിഞ്ചു കുട്ടികളെ സമാനമായ രീതിയിൽ കൊലപ്പെടുത്തിയതായി പോലീസിനോട് സമ്മതിച്ചു.

2023 മുതൽ പാനിപ്പത്ത് സ്വദേശിനിയായ പൂനം എന്ന യുവതിയാണ് ഈ കൊടുംക്രൂരതകൾ ചെയ്തിരുന്നതെന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കണ്ടെത്തി. ഹരിയാന സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ച ഈ സംഭവം, സ്ത്രീകളിലെ മാനസികാരോഗ്യ പ്രശ്നങ്ങളുടെയും അസൂയയുടെയും ഭീകരമായ പരിണിതഫലങ്ങളെക്കുറിച്ച് ഗൗരവമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ ക്രൂരതയുടെ തുടക്കം. കുടുംബാംഗങ്ങൾ ഒരു വിവാഹ ചടങ്ങുകൾക്കായി ഒത്തുകൂടിയ സന്തോഷകരമായ അന്തരീക്ഷത്തിലായിരുന്നു ദുരന്തം. ചടങ്ങിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം എത്തിയതായിരുന്നു ആറ് വയസ്സുകാരിയായ വിധി. എന്നാൽ, തിരക്കിനിടയിൽ കുട്ടിയെ കാണാതാകുകയായിരുന്നു. പരിഭ്രാന്തരായ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.

അവിടെയുണ്ടായിരുന്ന ഒരു ജലസംഭരണിക്ക് സമീപം തല മാത്രം വെള്ളത്തിൽ മുങ്ങിയ നിലയിൽ കാലുകൾ നിലത്തൂന്നിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കൊല്ലപ്പെട്ടതാണെന്ന് സംശയം തോന്നിയ പിതാവ് ഉടൻ തന്നെ പോലീസിൽ പരാതി നൽകി.

വിധി അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചതാണെന്ന പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തീവ്രമായ അന്വേഷണത്തിനൊടുവിൽ പോലീസ് പൂനം എന്ന യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പൂനം നടത്തിയ ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത്.

"തന്നേക്കാൾ സുന്ദരിമാരായ" കുട്ടികളോടുള്ള കടുത്ത അസൂയയാണ് വിധി ഉൾപ്പെടെയുള്ള നാല് കുട്ടികളുടെ മരണത്തിന് പിന്നിലെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി. ഏറ്റവും ഞെട്ടിക്കുന്ന വിവരം, കൊല്ലപ്പെട്ട നാല് കുട്ടികളിൽ ഒരാൾ ഇവരുടെ സ്വന്തം മകനാണ് എന്നതാണ്. 2023 മുതൽ ഓരോ ഇടവേളകളിൽ പൂനം ഈ ക്രൂരകൃത്യങ്ങൾ തുടർന്നു വരികയായിരുന്നു.

ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പോലീസ് ഇപ്പോൾ കൊലപാതക പരമ്പരയുടെ വിവരങ്ങൾ കൂടുതൽ ആഴത്തിൽ അന്വേഷിക്കാൻ തീരുമാനിച്ചു. യുവതിയുടെ മാനസികനില, മുൻപ് മരിച്ച കുട്ടികളുടെ വിവരങ്ങൾ, മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കും. ഈ സംഭവം മേഖലയിലെ മാതാപിതാക്കൾക്കിടയിലും പൊതുസമൂഹത്തിലും വലിയ ഭീതിയും ആശങ്കയുമാണ് ഉണ്ടാക്കിയിരിക്കുന്നത്.