ന്യൂ മെക്‌സികോ: പ്രസിദ്ധ ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാന്‍ (95), ഭാര്യയും പിയാനിസ്റ്റുമായ ബെറ്റ്‌സി എന്നിവരെ ന്യൂ മെക്‌സികോയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ഇവര്‍ എങ്ങനെയാണ് മരണപ്പെട്ടത് എന്നതു സംബന്ധിച്ച ദുരൂഹത നിലനില്‍ക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകള്‍ പുറത്തുവന്നതോയെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന വാര്‍ത്തകള്‍ വരുന്നത്.

തുടക്കത്തില്‍, ഹാക്ക്മാന്റെ മകള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞതിനാല്‍ മരണത്തില്‍ മറ്റ് സംശയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുകയാണ്. ജീന് ഹാക്ക്മാന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ രണ്ട് മുറികളില്‍ നിന്നാണ് കണ്ടെത്തിയത്. ഭാര്യയുടെ മൃതദേഹത്തിന് സമീപം ചിതറിക്കിടക്കുന്ന ഗുളികകള്‍ കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇതോടെ വിശദമായ അന്വേഷണം പോലീസ് നടത്തിയേക്കും.

വീട്ടില്‍ വാതക ചോര്‍ച്ചയുണ്ടായതായി കണ്ടെത്താനായിട്ടില്ലെന്നും യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും മരണത്തിന്റെ ഔദ്യോഗിക കാരണം വ്യക്തമല്ല. ടോക്‌സിക്കോളജി റിപ്പോര്‍ട്ട് ഇതുവരെ പങ്കുവെച്ചിട്ടില്ലെന്നും യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറായിരുന്നു ജീനിന്റേത്. രണ്ടുതവണ ഓസ്‌കര്‍ നേടിയ അഭിനേതാവ്. 1972ല്‍ 'ദി ഫ്രഞ്ച് കണക്ഷനിലെ' ഡിറ്റക്റ്റീവ് ജിമ്മി പോപ്പേ ഡോയല്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചു. 1992ല്‍ 'അണ്‍ഫോര്‍ഗിവന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്‌കാറും സ്വന്തമാക്കി. ഓസ്‌കറിന് പുറമേ രണ്ട് ബാഫ്റ്റ അവാര്‍ഡുകള്‍, നാല് ഗോള്‍ഡന്‍ ഗ്ലോബുകള്‍, ഒരു എസ്.എ.ജി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും ജീന്‍ നേടിയിട്ടുണ്ട്.

കാലിഫോര്‍ണിയ സ്വദേശിയായ ജിന്‍ ഹാക്ക്മാന്‍ 1930 ജനുവരി 30നാണ് ജനിച്ചത്. പതിനാറാം വയസ്സില്‍ യു.എസ് മറൈന്‍സില്‍ ചേര്‍ന്ന ഹാക്ക്മാന്‍, ചൈന, ജപ്പാന്‍, ഹവായ് എന്നിവിടങ്ങളില്‍ നാലര വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം ഇല്ലിനോയിസ് സര്‍വകലാശാലയില്‍ ജേണലിസത്തിലും ടെലിവിഷന്‍ പ്രൊഡക്ഷനിലും ബിരുദം നേടി. 'യങ് ഫ്രാങ്കന്‍സ്‌റ്റൈന്‍' (1974) 'നൈറ്റ് മൂവ്‌സ്' (1975), 'ബൈറ്റ് ദി ബുള്ളറ്റ്' (1975), 'സൂപ്പര്‍മാന്‍' (1978) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. നൂറിലധികം സിനിമകളില്‍ അഭിനയിച്ച ഹാക്ക്മാന്റെ അവസാന ചിത്രം 'വെല്‍ക്കം ടു മൂസ്‌പോര്‍ട്ട്' ആണ്.