തിരുവനന്തപുരം: ജസ്‌ന ജെയിംസിന്റെ തിരോധാനത്തില്‍ പ്രതികരണവുമായി മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവ്യര്‍ രംഗത്ത് എത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് അട്ടിമറി ശ്രമം. കാണാതാവുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടിരുന്നുവെന്ന് ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. പത്രത്തിലെ പടം കണ്ടാണ് ജസ്‌നയെന്ന് തിരിച്ചറിഞ്ഞതെന്നായിരുന്നു ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഇത്തരത്തില്‍ പറഞ്ഞതില്‍ ദുരൂഹതകലും ഏറെയുണ്ടായിരുന്നു. ഇതിനിടെയാണ് ലോഡ്ജ് ഉടമയുടെ വിശദീകരണവും വരുന്നത്.

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ തള്ളി പിതാവ് ജെയിംസും രംഗത്ത് വന്നിരുന്നു. സ്ത്രീയുടെ പ്രതികരണം അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേസില്‍ സി.ബി.ഐ. കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ജെസ്നയുടെ പിതാവ് ജെയിംസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ലോഡ്ജ് ഉടമയുടെ വെളിപ്പെടുത്തല്‍ വരുന്നതും. ഇതോടെ ഈ വെളിപ്പെടുത്തിലിലെ ഗൂഡാലോചനയും സിബിഐ പരിശോധിക്കും.

ലോഡ്ജ് ജീവനക്കാരിക്കെതിരെ പലവിധ കേസുകള്‍ ഉണ്ടെന്നും അതിന്റെ പ്രതികാരമായാണ് ജസ്നയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമെന്നാണ് ബിജു പറയുന്നത്.'ജാതിപ്പേര് വിളിച്ചെന്നുപറഞ്ഞ് എനിക്കെതിരെ കഴിഞ്ഞദിവസം കേസ് കൊടുത്തിരുന്നു. അത് ജാമ്യമില്ലാ കേസാണ്. അത് പിന്‍വലിക്കണമെങ്കില്‍ അഞ്ചുലക്ഷം രൂപയും വീടും നല്‍കണമെന്ന് പറഞ്ഞു. ഒരു വിവരാവകാശ പ്രവര്‍ത്തകനാണ് ഇതിന് പിന്നില്‍. അതിന്റെ വൈരാഗ്യമാണ് വെളിപ്പെടുത്തലിന് പിന്നില്‍ എന്നും ലോഡ്ജ് മുതലാളി പറയുന്നു.

കൊലക്കേസ് പ്രതിയാണെന്നുവരെ എന്നെക്കുറിച്ച് കോടതിയില്‍ പറഞ്ഞു. കോടതി അത് പരിശോധിച്ചാണ് എനിക്ക് ജാമ്യം നല്‍കിയത്. അവര്‍ ഉദ്ദേശിച്ചത് നടക്കാത്തതുകൊണ്ട് എന്നെ ലക്ഷ്യംവച്ച് നടത്തിയ വെളിപ്പെടുത്തലാണിത്. ഏത് അന്വേഷണത്തിനും സഹകരിക്കാന്‍ തയ്യാറാണ്. ലോഡ്ജില്‍ സിസിടിവി വച്ചിട്ടില്ല. ആകെ എട്ട് മുറികളേ ഉള്ളൂ. 102 എന്ന് മുറിക്ക് നമ്പര്‍ നല്‍കിയിരിക്കുന്നതാണ്. ജെസ്ന എന്നൊരാള്‍ ഇവിടെ വന്നിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്റെ ഫോണ്‍കോളുകളും പരിശോധിച്ചു. ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ വ്യക്തിവൈരാഗ്യം മാത്രമാണ്-അദ്ദേഹം പറയുന്നു.

അഞ്ചുലക്ഷവും വീടും നല്‍കിയില്ലെങ്കില്‍ എന്റെ ലോഡ്ജും പൂട്ടിച്ച് എന്നെ തീര്‍ക്കുമെന്നാണ് പറഞ്ഞത്. അതിന്റെ രേഖകള്‍ കൈവശമുണ്ട്. ജീവനക്കാരിയുടെ പെരുമാറ്റം ശരിയല്ലാത്തതിനാല്‍ ലോഡ്ജില്‍ നിന്നിറക്കി വിട്ടതിന്റെ പ്രതികാരമാണ്. ലോഡ്ജില്‍ എത്തുന്നവരില്‍ നിന്ന് പൈസ വാങ്ങുകയും മറ്റും അവര്‍ ചെയ്തിരുന്നു. ഗുണ്ടായിസം രീതിയായിരുന്നു. ജീവനക്കാരിയെയും ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ജസ്ന വന്നിരുന്ന കാര്യം ആരോടും പറയരുതെന്ന് ഞാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല. അത് കെട്ടിച്ചമച്ചുണ്ടാക്കിയ കഥയാണ്'- ലോഡ്ജ് ഉടമ വ്യക്തമാക്കി.

അപ്രതീക്ഷിതമായാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി ആരോപണവുമായി എത്തിയത്. 'രാവിലെ പതിനൊന്നരയോടെയാണ് പെണ്‍കുട്ടിയെ കാണുന്നത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു. തലമുടിയില്‍ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. ടെസ്?റ്റ് എഴുതാന്‍ പോകുവാണെന്നും കൂട്ടുകാരന്‍ വരാനുണ്ടെന്നും അതിനാലാണ് അവിടെ നില്‍ക്കുന്നതെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. ഉച്ചയോടെ അജ്ഞാതനായ ഒരുയുവാവ് വന്ന് മുറിയെടുത്തു. രണ്ട് പേരും നാലുമണി കഴിഞ്ഞാണ് ഇറങ്ങിപോകുന്നത്. 102ാം നമ്പര്‍ മുറിയാണെടുത്തത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു യുവാവിനും' -എന്നാണ് മുന്‍ ജീവനക്കാരി പറഞ്ഞത്.

അപ്പോള്‍ തന്നെ ഇതിനെ ജെസ്‌നയുടെ പിതാവ് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. 'അവര്‍ പറഞ്ഞതിന് ഒരിക്കലും സാധ്യതയില്ല. അന്ന് സിസിടിവിയില്‍ കണ്ടത് ജെസ്ന അല്ലെന്ന് അന്നേ കണ്ടുപിടിച്ചതാണ്. ഈ സ്ത്രീ പറയുന്നതില്‍ വാസ്തവമില്ല. ഈ സ്ത്രീയാണോ അവരുടെ സുഹൃത്താണോ എന്നറിയല്ല, ഒരുമാസം മുന്‍പ് എനിക്ക് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു. എന്റെ കൂടെ സമാന്തര അന്വേഷണം നടത്തുന്ന ചില സുഹൃത്തുക്കളെ ഞാന്‍ അവരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. അവര്‍ അന്വേഷിച്ച് ഇതില്‍ വാസ്തവമില്ലെന്ന് കണ്ടെത്തിയതാണ്' ജെയിംസ് വ്യക്തമാക്കി.