ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ നാലുമാസം മുമ്പ് കാണാതായ 32കാരിയെ ജിം ട്രെയിനർ കൊലപ്പെടുത്തിയത് പ്രണയ നൈരാശ്യത്തിൽ. യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതർ താമസിക്കുന്ന മേഖലയിൽ യുവതിയുടെ മൃതദേഹം പ്രതി കുഴിച്ചിടുകയായിരുന്നു. കേസിൽ ജിം ​ട്രെയിനർ വിമൽ സോണിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരന്റെ ഭാര്യയായ ഏക്ത ഗുപ്തയാണ് കൊല്ലപ്പെട്ടത്.

യുവതിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ ജൂൺ 24 മുതൽ അന്വേഷണം നടക്കുകയായിരുന്നു. ജിം പരിശീലകനായ വിമൽ സോണിയും യുവതിയുമായി അടുപ്പത്തിലായിരുന്നു. വിമലിന്റെ ജിമ്മിലായിരുന്നു ഏക്ത പരിശീലനത്തിനെത്തിയിരുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. മറ്റൊരു യുവതിയുമായി വിമലിന്റെ വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി.

ഒരു ദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിമൽ കാറിൽ പുറത്തേക്ക് പോയി. തർക്കത്തിനിടെ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പ്രതിയിലായ വിമൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി.

പ്രതി മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കം പ്രമുഖർ താമസിക്കുന്നുണ്ട്. കൂടാതെ ഇവിടെയുള്ള ഓരോ വീടുകളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥനും സി.സി.ടി.വി ക്യാമറകളുമുണ്ടായിരുന്നു. എന്നാൽ ഇതിലൊന്നും പെടാതെ വളരെ തന്ത്രപരമായാണ് ഇയാൾ മൃതദേഹ കുഴിച്ചിട്ടത്.

കാറിൽ സംഭവ സ്ഥലത്തെത്തിയ പ്രതി അഞ്ചു മണിക്കൂറോളം സമയമെടുത്ത് മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹം ലഭിച്ച സ്ഥലത്ത് അടുത്തിടെ നിർമാണ പ്രവൃത്തി ആരംഭിച്ചിരുന്നു. റായ്പുര സ്വദേശിയായ തൊഴിലാളിയാണ് പരിസരം കുഴിച്ചുകൊണ്ടിരിക്കെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ ഇയാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പ്രതിയെ ഏറെ ബുദ്ധിമുട്ടിയാണ് പോലീസ് കണ്ടെത്തിയത്. പ്രത്യേക സംഘത്തെ പുനെ, ആഗ്ര, പഞ്ചാബ് മേഖലകളിലേക്ക് അയച്ചിരുന്നു. ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.