പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയില്‍ ലോഡിങ് തൊഴിലാളിയായ ജിതിന്‍ കൊല്ലപ്പെട്ടക്കേസില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവത്തില്‍ പ്രധാന പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കൊലക്കുപിന്നില്‍ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍, ഈ സാധ്യത പോലീസ് തന്നെ തള്ളുകയാണ്. ജിതിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ളത് സുഹൃത്തുക്കളാണ്.

ഞായാറാഴ്ച രാത്രി പത്ത് മണിയോടെയാണ് ജിതിന്‍ കൊല്ലപ്പെട്ടത്. പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘര്‍ഷത്തിലാണ് ജിതിനു കുത്തേറ്റത്. റാന്നി പെരുനാട് സ്വദേശിയാണ് ജിതിന്‍. ലോഡിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രഥമിക നിഗമനം. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിതിന്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ തര്‍ക്കം ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേസില്‍ അഖില്‍, ശാരോണ്‍, ആരോമല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ എട്ടു പ്രതികളാണ് ഉള്ളത്. നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്ത്, മനീഷ്, ആരോമല്‍, മിഥുന്‍, അഖില്‍ എന്നിവരാണ് പ്രതികള്‍. കൊല്ലപ്പെട്ട ജിതിനൊപ്പമുണ്ടായിരുന്ന അനന്തുവിനെ പ്രതികള്‍ ആക്രമിച്ച സമയത്ത് തടസം നില്‍ക്കാനെത്തിയപ്പോഴാണ് ജിതിനെയും ആക്രമിച്ചതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

ഞായറാഴ്ച രാത്രിയാണ് സിഐടിയു പ്രവര്‍ത്തകനായ ജിതിന്‍ കൊല്ലപ്പെട്ടത്. ആസൂത്രിക കൊലപാതകമാണിതെന്നും സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു. ഞായറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘര്‍ഷത്തിലാണ് ജിതിന് കുത്തേറ്റത്. ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം ജിതിന്റെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ഞായറാഴ്ച രാത്രി 10.20ന് പെരുന്നാട് മഠത്തുംമൂഴിയിലാണ് സംഘര്‍ഷമുണ്ടായത്. യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കുമെത്തുകയായിരുന്നുവെന്നാണ് വിവരങ്ങള്‍.

ബൈക്കിന്റെ ലൈറ്റ് ഡിം ചെയ്യാത്തതുമായി ബന്ധപ്പെട്ട് ജിതിനും പ്രതികളും തമ്മില്‍ മുമ്പ് തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.