അഞ്ചല്‍: വിദേശ ജോലിയുടെ പേരില്‍ തട്ടിപ്പുകള്‍ പതിവാകുന്നു. ലണ്ടനില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റിലായി. കോട്ടയം പാമ്പാടി പുത്തന്‍പറമ്പില്‍ ഹൗസില്‍ ജോളി വര്‍ഗീസിനെ (62)യാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരില്‍ നിന്ന് 28 ലക്ഷം രൂപ കബളിപ്പിച്ചെന്ന പരാതിയില്‍ അഞ്ചല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവര്‍ അറസ്റ്റിലായത്.

കേസില്‍ സുവിശേഷപ്രവര്‍ത്തകന്‍ പായിപ്പാട് സ്വദേശി തോമസ് രാജനെ ഒരുമാസം മുമ്പ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.2022ല്‍ മണ്ണൂരില്‍ സുവിശേഷപ്രവര്‍ത്തകയായി പ്രവര്‍ത്തിക്കവേയാണ് ജോളി വര്‍ഗീസ് ഇംഗ്ലണ്ടില്‍ നഴ്‌സിങ് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരില്‍നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്തത്.

വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ തട്ടിപ്പുകേസുകളില്‍ പ്രതിയാണ് ജോളി വര്‍ഗീസ്. കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഗ്രേസ് ഇന്റര്‍നാഷണല്‍ റിക്രൂട്ടേഴ്‌സ് യുകെ ആന്‍ഡ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ഒളിവില്‍പോയ ജോളി വര്‍ഗീസിനെ പത്തനംതിട്ട കുഴിക്കാലയില്‍ നിന്നാണ് പിടികൂടിയത്.

ബര്‍മ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് യുകെ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ജോലിതരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കോതമംഗലം, മുണ്ടക്കയം, നെടുങ്കണ്ടം, മരുതമംഗലം തുടങ്ങിയ സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ നിരവധി സമാന കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ജോളി വര്‍ഗീസിനെ കോടതിയില്‍ ഹാജരാക്കി കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ രണ്ടു പ്രതികള്‍ ഒളിവിലാണ്.