കോഴിക്കോട്: യുകെയില്‍ എംബിയെ ജോലി വാഗ്ദാനം ചെയ്ത് വ്യാജ സര്‍ട്ടഫിക്കിറ്റ് ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സ്‌കൈമാര്‍ട്ട് എഡ്യൂക്കേഷന്‍ ഡയറക്ടര്‍മാര്‍ക്കെതിരെ കേസ്. വ്യാജരേഖ നിര്‍മ്മിക്കല്‍, വഞ്ചനാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ഷഫീഖ്, റനീഷ് എന്നിവര്‍ക്കെതിരെ കോഴിക്കോട് പോലീസ് കേസെടുത്തിരിക്കുന്നത്. കൊയിലാണ്ടി സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ്. യുവതി അറിയാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്നും എംബിഎ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നുമാണ് കേസ്.

സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് ഇവര്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പലരെയും വിദേശത്തേക്ക് കയറ്റി വിട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശ കോഴ്‌സുകള്‍ക്ക് ചേരാന്‍ മാര്‍ക്ക് ഇല്ലാത്തവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. ഇങ്ങനെ വിദേശത്തേക്ക് പോയവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

സ്‌കൈമാര്‍ക്കിന്റെ പറയഞ്ചേരിയിലേയും ,പന്തീരങ്കാവിലേയും ഓഫീസുകളില്‍ നേരത്തെ പൊലീസ് റെയ്ഡ്‌നടത്തിയിരുന്നു. റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. സ്ഥാപന നടത്തിപ്പുകാരെ ചോദ്യം ചെയ്യാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് സ്ഥാനം പോലീസ് പൂട്ടിച്ചു.