- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറമേ നിന്ന് നോക്കിയാല്‍ ആള് കൂള്‍! കാമുകിയെയോ, കാമുകനെയോ സംശയമുണ്ടെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്ത് സകലവിവരവും ഹാജരാക്കും; ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ഞൊടിയിടയില്‍ കോള്‍ റെക്കോര്‍ഡും രഹസ്യ പാസ്വേഡുകളും അടക്കം സകലതും ചോര്‍ത്തും; വെറും വ്യക്തിവിവര ചോര്‍ച്ച മാത്രമല്ല പണിയെന്ന് കേന്ദ്ര ഏജന്‍സികള്‍; അടൂരിലെ ഹാക്കര്‍ ജോയലിന്റെ വിദ്യകള്‍ കണ്ട് ഞെട്ടി പൊലീസ്
ജോയലിന്റെ വിദ്യകള്‍ കണ്ട് ഞെട്ടി പൊലീസ്
പത്തനംതിട്ട: സിഡിആറും ലൈവ് ലൊക്കേഷനുമടക്കം വ്യക്തിഗത വിവരങ്ങളും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും ചോര്‍ത്തിയെന്ന സംശയത്തില്‍ പിടിയിലായ അടൂര്‍ സ്വദേശിയായ ഹാക്കര്‍ ജോയല്‍ വി ജോസ് 'ചെറിയ മീനല്ലെന്ന്' പൊലീസ്. അടൂര്‍ കണ്ണംകോട് കോട്ടമുകള്‍ വാഴവിള പുത്തന്‍വീട്ടില്‍ ജോയല്‍ വി. ജോസിനെ(23)യാണ് ഇന്നലെ വൈകിട്ട് അടൂരിലെ വീട്ടില്‍ നിന്നും പത്തനംതിട്ട സൈബര്‍ ക്രൈം സ്റ്റേഷന്‍ എസ്.എച്ച്.ഓ ബി.കെ. സുനില്‍കൃഷ്ണന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ജോയലിന്റെ ഹാക്കിംഗ് വിദ്യകള്‍ കണ്ട് പൊലീസും ഞെട്ടിയിരിക്കുകയാണ്.
അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകള്‍:
ഹാക്കിംഗ് രംഗത്തെ അതികായരെ പോലും ഞെട്ടിക്കുന്ന സാങ്കേതിക വിദ്യകളാണ് ജോയലിനുള്ളതെന്ന് പോലീസ് പറയുന്നു. ഒരു ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ഉടന്‍തന്നെ കോള്‍ റെക്കോര്‍ഡുകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍, രഹസ്യ പാസ്വേഡുകള്‍ എന്നിവ ചോര്‍ത്താനുള്ള കഴിവ് ഇയാള്‍ക്കുണ്ട്.
ഹൈദരാബാദിലെ ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയുടെ ഏജന്റായാണ് ജോയല്‍ പ്രവര്‍ത്തിച്ചിരുന്നത്. സംശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന കമിതാക്കളായിരുന്നു ഇയാളുടെ പ്രധാന കസ്റ്റമേഴ്സ്. അവര്‍ക്ക് വേണ്ടിയുള്ള ഹാക്കിംഗിന് ഉയര്‍ന്ന ഫീസാണ് ഈടാക്കിയിരുന്നത്.
ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഹാക്കിംഗ് സേവനങ്ങള്‍ക്കായി ഇയാള്‍ പരസ്യം നല്‍കിയിരുന്നത്. കസ്റ്റമേഴ്‌സിന് ആവശ്യമുള്ളതെല്ലാം ചോര്‍ത്തി നല്‍കും. ഇങ്ങനെ തന്റെ കഴിവുകള്‍ സമൃദ്ധമായി വിനിയോഗിച്ച് വിളയാടുന്നതിനിടയാണ് കേന്ദ്ര ഏജന്‍സിയുടെ നിരീക്ഷണത്തില്‍ വരുന്നത്.
വിവരം കിട്ടിയ ഉടന്‍ പത്തനംതിട്ട പോലീസ് സമയം പാഴാക്കാതെ ആളെ വലയിലാക്കി. അടൂര്‍ കോട്ടമുകളിലെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ കാരണം സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയിലേക്ക് അടക്കം അന്വേഷണം നീളാന്‍ സാധ്യതയുണ്ട്. അന്വേഷണ വിവരങ്ങള്‍ പുറത്തുപോകരുതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വ്യക്തികളുടെ സി.ഡി.ആര്‍, ലൈവ് ലൊക്കേഷന്‍ അടക്കം ഇയാള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ വ്യാപ്തി ഗൗരവമേറിയതാണെന്നാണ് വിവരം. ഇത് സംബന്ധിച്ച് സൈബര്‍ സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുറ്റകൃത്യം ഗൗരവമേറിയതാണെന്നും എന്‍ഐഎ അടക്കം അന്വേഷണത്തിനെത്തുമെന്നുമാണ് വിവരം. ഐ.ബി ഉദ്യോഗസ്ഥര്‍ അടക്കം അന്വേഷണം നടത്തുന്നുണ്ട്. വെറും സിഡിആര്‍ ചോര്‍ത്തല്‍ മാത്രമല്ല ഉണ്ടായിട്ടുള്ളതെന്നതാണ് സംശയം. ഇതു തന്നെയാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് പോലീസ് സംഘം ജോയലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഇയാള്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കമ്പ്യൂട്ടര്‍ സുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വ്യക്തിഗത നേട്ടത്തിന് ഉപയോഗിച്ചുവെന്നതാണ് കുറ്റം.
വെബ്‌സൈറ്റും സിസ്റ്റങ്ങളും ഹാക്ക് ചെയ്ത് വ്യക്തികളുടെ സ്വകാര്യമായ മൊബൈല്‍ ഫോണ്‍ നമ്പരുകളുടെ ലൈവ് ലൊക്കഷന്‍, കാള്‍ ഡേറ്റ റെക്കോഡ് (സിഡിആര്‍) എന്നിവ സംഘടിപ്പിച്ച് വിതരണം നടത്തി സാമ്പത്തിക ലാഭമുണ്ടാക്കിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 ലെ സെക്ഷന്‍ 43 ആര്‍/ഡബ്യൂ 66, 72 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.




