- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മരണമുറപ്പിക്കാന്‍ ബിജുവിന്റെ മൃതദേഹവുമായി പ്രതികള്‍ ജോമോന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് ഭാര്യ; വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കി; തുടയ്ക്കാന്‍ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചു; പെപ്പര്‍ സ്‌പ്രേ വാങ്ങി നല്കിയതും സീന; ബിജു കൊലക്കേസില്‍ ജോമോന്റെ ഭാര്യയും കുറ്റസമ്മതം നടത്തുമ്പോള്‍
തൊടുപുഴ: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ബിസിനസ് പങ്കാളിയെ കൊലപ്പടുത്തിയ കേസില്‍ ഒന്നാംപ്രതി ജോമോന്‍ ജോസഫിന്റെ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍. കലയന്താനി തേക്കുംകാട്ടില്‍ സീന (45) തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടെന്ന സംശയത്തില്‍ ചോദ്യംചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ ഹാജരായിരുന്നില്ല. മുട്ടം നീലൂരുള്ള അകന്ന ബന്ധുവിന്റെ വീട്ടില്‍ ഒളിവിലായിരുന്നു. ഇവര്‍ക്കെതിരെ മുന്നൊരുക്കത്തിന് സഹായം, തെളിവ് നശിപ്പിക്കല്‍, കൊലപാതക വിവരമറിഞ്ഞിട്ടും മറച്ചുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുമെന്ന് സീനയ്ക്ക് അറിയാമായിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും പൊലീസിന് ഒരു പെപ്പര്‍ സ്‌പ്രേ ലഭിച്ചിരുന്നു. ഇത് ജോമോന്‍ ആവശ്യപ്പെട്ട പ്രകാരം സീനയാണ് മറ്റൊരാളില്‍നിന്ന് വാങ്ങി നല്‍കിയത്. ബിജുവിനെ ജോമോന്റെ വീട്ടിലെത്തിച്ചപ്പോള്‍ മുറിയില്‍ വീണ രക്തക്കറ കഴുകി കളഞ്ഞതും സീനയാണ്. ബിജുവിന്റെ കൈകള്‍ കെട്ടാന്‍ ഉപയോഗിച്ച ഷൂ ലെയ്‌സ്, തോര്‍ത്ത്, രക്തക്കറ കഴുകാന്‍ ഉപയോഗിച്ച മോപ്പ് എന്നിവ വീടിന് സമീപത്തെ പട്ടിക്കൂടിനടുത്ത് കുഴിച്ചിട്ടു. സീനയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ പൊലീസ് ഇവയെല്ലാം കണ്ടെടുത്തു. കേസില്‍ അഞ്ചാം പ്രതിയാണ് സീന. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. തട്ടിക്കൊണ്ടുപോകലും കൊലപാതക വിവരവും അറിയാമായിരുന്ന ജോമോന്റെ അടുത്ത ബന്ധുവായ എബിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പ്രതികളുടെ എണ്ണം ആറായി. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ച ജേമോന്‍, മുഹമ്മദ് അസ്‌ലം, ജോമിന്‍ കുര്യന്‍ എന്നിവരെ വീണ്ടും റിമാന്‍ഡ് ചെയ്തു.
മരണമുറപ്പിക്കാന്‍ ബിജുവിന്റെ മൃതദേഹവുമായി പ്രതികള്‍ ജോമോന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് ഭാര്യ സീനയാണ്. വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കിയെന്നും തുടയ്ക്കാന്‍ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചെന്നും സീന പൊലീസിനോട് സമ്മതിച്ചു. കൊലപാതകശേഷം ജോമോന്‍ ആദ്യം വിവരം പറഞ്ഞത് എബിനോടായിരുന്നു. കലയന്താനിയിലെ ഗോഡൗണില്‍ ബിജുവിന്റെ മൃതദേഹം മറവ് ചെയ്ത ശേഷം 'ദൃശ്യം 4' നടത്തിയെന്നാണ് ജോമോന്‍ ഫോണ്‍ വിളിച്ചു എബിനോട് പറഞ്ഞത്.തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെയുളള കാര്യങ്ങളെ കുറിച്ച് എബിന് കൃത്യമായ വിവരങ്ങള്‍ ഉണ്ടായിട്ടും മറച്ചു വച്ചതിനാണ് ഇയാളെയും പ്രതി ചേര്‍ത്തത്. ഇയാള്‍ ആറാം പ്രതിയാണ്. ജോമോന്റെ ഫോണില്‍ നിന്നാണ് എബിനുമായുള്ള സംഭാഷണം കിട്ടിയത്.
ജോമോന്‍, ആഷിക് ജോണ്‍സണ്‍, മുഹമ്മദ് അസ്‌ലം, ജോമിന്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് മാര്‍ച്ച് 20 നാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ബിജുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് അഞ്ച് ദിവസത്തെ ആസൂത്രണത്തിനൊടുവിലെന്നാണ് പൊലീസ് കണ്ടെത്തല്‍. എറണാകുളത്ത് വെച്ച് ഗൂഡാലോചന നടത്തിയ പ്രതികള്‍ കൃത്യത്തിന് മുമ്പ് പ്രത്യേക പൂജയും നടത്തി. ദൃശ്യം-4 നടപ്പാക്കിയെന്ന് പറഞ്ഞ ഒന്നാം പ്രതി ജോമോന്റെ ശബ്ദ പരിശോധനയും പൊലീസ് നടത്തി. 15-ാം തിയതി വൈപ്പിനിലെ ബാറിലും നെട്ടൂരിലെ ലോഡ്ജിലും വെച്ച് പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നും പറവൂരിലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.
പിന്നാലെ തൊടുപുഴയിലെത്തിയ സംഘം ബിജുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു.19 ന് നടത്തിയ ആദ്യ ശ്രമം പാളിയെങ്കിലും 20 ന് കൃത്യം നടപ്പാക്കി. ഒമ്‌നി വാനിലും ജോമോന്റെ വീട്ടില്‍ വെച്ചും ബിജുവിനേറ്റ മര്‍ദനമാണ് മരണകാരണം. ദൃശ്യം 4 നടപ്പാക്കിയെന്ന് പലരോടും പറഞ്ഞ ജോമോന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണില്‍ നിന്ന് ബിജുവിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തു. പിന്നാലെ പ്രതികളിലേക്കുമെത്തി. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസന്വേഷണം.