കലവൂര്‍: ജോസ്മോന്‍ മകളെ കഴുത്തുഞെരിച്ചു കൊന്നെന്ന് അറിഞ്ഞപ്പോള്‍ ഓമനപ്പുഴ ഗ്രാമം വലിയ ഞെട്ടലിലാണ്. കാരണം പൊതുവേ ശാന്തനായി നാട്ടുകാര്‍ക്ക് മുന്നില്‍ പരോപകാരിയായ ജോസ്‌മോന് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ എന്നാണ് നാട്ടുകാര്‍ ചോദിച്ചത്. ജോസ്മോനെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ല മതിപ്പായിരുന്നു. പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കുന്ന ആളല്ല. അത്യാവശ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എന്നിട്ടും, 28 വയസ്സുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊന്നു.

അതേസമയം സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്മോന്‍ പോലീസിനോടു പറഞ്ഞത്.'വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാല്‍ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ.'- ഇതായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലില്‍ ജോസ്മോന്റെ കുറ്റസമ്മതം. അതേസമയം എയ്ഞ്ചല്‍ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുന്‍പും വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ഫ്രാന്‍സിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാന്‍സിസ് ശകാരിച്ചു. ഇതു വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാന്‍സിസ് എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിച്ചു. തുടര്‍ന്ന് തോര്‍ത്തിട്ടു മുറുക്കിയത്.

ഫ്രാന്‍സിസ് എന്ന ജോസ്‌മോന്റെയും കുടുംബത്തിന്റെയും പശ്ചാത്തലം മനസ്സിലാക്കിയ പൊലീസ് ആദ്യം സംശയിച്ചത് എയ്ഞ്ചലിന്റേത് ആത്മഹത്യയാണെന്ന്. അച്ഛനും അമ്മയും മകളും അച്ഛന്റെ മാതാപിതാക്കളും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ആത്മഹത്യ ചെയ്ത മകളുടെ മൃതദേഹം നാണക്കേട് ഭയന്നു കുടുംബാംഗങ്ങള്‍ സാധാരണ മരണമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നു പൊലീസ് കരുതി. പരിശോധനയില്‍ കണ്ടെത്തിയ കഴുത്തിലെ മുറിവാണ് കൊലപാതകമാണെന്ന് സംശയിക്കാന്‍ കാരണം.

ആരോടും ദേഷ്യപ്പെടുക പോലും ചെയ്യാത്ത ഫ്രാന്‍സിസ് എങ്ങനെ സ്വന്തം മകളെ കൊലപ്പെടുത്തുമെന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്. പകല്‍ സമയത്ത് ഓട്ടോറിക്ഷ ഓടിച്ചും രാത്രി സെക്യൂരിറ്റി ജോലി ചെയ്തും ഇതിനിടയിലെ ഒഴിവു സമയങ്ങളില്‍ ബോട്ടുകളില്‍ സഹായിയായി പോയുമാണ് ഫ്രാന്‍സിസ് കുടുംബം പുലര്‍ത്തിയിരുന്നത്. എയ്ഞ്ചല്‍ ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ കഴിയുന്നത് സംബന്ധിച്ച തര്‍ക്കങ്ങളും രാത്രിയാത്രമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ജാസ്മിന്റെ കൊലപാതക വാര്‍ത്തയറിഞ്ഞപ്പോള്‍ ആരും ആദ്യം വിശ്വസിച്ചില്ല. കാരണം, ആ വീട്ടില്‍നിന്ന് അത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ല. ജാസ്മിനും ചിരിച്ചുകൊണ്ട് ചുറുചുറുക്കോടെയാണ് നാട്ടുകാരോടും ഇടപഴകിയിരുന്നത്. പക്ഷേ, ഭര്‍ത്താവിന്റെ വീട്ടില്‍ വഴക്കിട്ട് സ്വന്തം വീട്ടിലെത്തിയ ജാസ്മിന്‍ അവരോടും എന്നും വഴക്കുകൂടി.

അമ്മയുടെ കണ്‍മുന്നില്‍ വെച്ച് 28 വയസ്സുകാരിയെ അച്ഛന്‍ തോര്‍ത്തുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ എയ്ഞ്ചല്‍ ജാസ്മിന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ജോസ്മോനെ (ഫ്രാന്‍സിസ് -52) മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. അമ്മ ജെസിക്ക് കൃത്യത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.

ചൊവ്വാഴ്ച രാത്രി 11- ഓടെ വീട്ടില്‍വെച്ച് കൊലപാതകം നടത്തിയെന്നാണ് ജോസ്മോന്‍ പോലീസിനോടു പറഞ്ഞത്. കൊലപാതക സമയത്ത് താനും ഒപ്പമുണ്ടായിരുന്നതായി എയ്ഞ്ചലിന്റെ അമ്മ ജെസിയും ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ഇവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. കഴുത്തിലെ രണ്ടു രക്തക്കുഴലുകള്‍ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ മകള്‍ മരിച്ചു കിടക്കുന്നതായി ജോസ്മോനും ഭാര്യയും അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം പി.ജെ. ഇമ്മാനുവേല്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയാണ് മൃതദേഹം ചെട്ടികാട് ആശുപത്രിയിലേക്കു മാറ്റിയത്.

മൂന്നുവര്‍ഷം മുന്‍പ് വിവാഹിതയായ എയ്ഞ്ചല്‍ ജാസ്മിന്‍, ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളുമായി വഴിക്കിടുന്നതു പതിവായിരുന്നു. ജോസ്മോന്‍ തടഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രി സ്‌കൂട്ടറെടുത്ത് എയ്ഞ്ചല്‍ പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ എയ്ഞ്ചലും ജോസ്മോനുമായി മല്‍പ്പിടിത്തമുണ്ടായി. ഇതിനിടെ തറയില്‍ വീണ തോര്‍ത്തുപയോഗിച്ച് ജോസ്മോന്‍, എയ്ഞ്ചലിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയം ജെസിയും കൂടെയുണ്ടായിരുന്നു.

ചെട്ടികാട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഇന്‍ക്വസ്റ്റ് നടപടി നടത്തിയപ്പോള്‍ എയ്ഞ്ചലിന്റെ കഴുത്തിലെ പാടുകണ്ട് അസ്വാഭാവികത തോന്നി. പോലീസ് ജോസ്മോനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. ഇന്‍സ്‌പെക്ടര്‍ ടോള്‍സന്‍ പി. ജോസഫിന്റെ ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞദിവസം തന്റെ അച്ഛന്‍ സേവ്യറിനെ എയ്ഞ്ചല്‍ മര്‍ദിച്ചതായും ജോസ്മോന്‍ മൊഴില്‍ നല്‍കി. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ പോലീസ് എല്ലാവരെയും ചോദ്യംചെയ്ത ശേഷം വീടുപൂട്ടി സീല്‍ ചെയ്തു.

സംഭവസമയത്ത് ഫ്രാന്‍സിന്റെ ഭാര്യ ജെസിയും പിതാവ് സേവ്യറും മാതാവ് സൂസിയും വീട്ടിലുണ്ടായിരുന്നു. കൊലപാതക ശേഷം ഇവര്‍ നാലുപേരും അതേ വീട്ടില്‍ തന്നെ കഴിഞ്ഞു. ഇന്നലെ പുലര്‍ച്ചെ ആറോടെ വീട്ടുകാരുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ മരണ വിവരമറിയുന്നത്. മകളെ വിളിച്ചിട്ട് ഉണരുന്നില്ലെന്നും എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നുമാണു കുടുംബം ബന്ധുക്കളെയും അയല്‍വാസികളെയും അറിയിച്ചത്.