പത്തനംതിട്ട: കോടികളുടെ ക്രമക്കേട് നടന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ ഒരു കേസിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ചിന്റെ എക്കണോമിക്സ് ഓഫൻസ് വിങ് അറസ്റ്റ് ചെയ്തു. ഡിവൈ.എസ്‌പി എം.എ അബ്ദുൾ റഹിമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാവിലെ 11.30ന് അഞ്ചക്കാലായിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ഉത്തരവിട്ടിട്ടും അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ ഒളിച്ചുകളിക്കുകയായിരുന്നു ജോഷ്വ. മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടിയുടെ ക്രമക്കേട് നടത്തിയ കേസിലാണ് അറസ്റ്റ്. മറുനാടനാണ് ഈ വിവരം പുറത്തു കൊണ്ടു വന്നത്. അന്ന് മറുനാടൻ ലേഖകർക്ക് നിരവധി ആരോപണങ്ങളാണ് ജോഷ്വായും സിപിഎമ്മും കൊണ്ടു വന്നത്.

ഓഗസ്റ്റ് ഒന്നിന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാനായിരുന്നു മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ആരോഗ്യപരമായ കാരണങ്ങളും പിതാവിന്റെ മരണവും ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയിൽ കോടതി തന്നെ ജോഷ്വയ്ക്ക് സമയം അനുവദിച്ചു. സെപ്റ്റംബർ ഏഴു വരെയായിരുന്നു ഇതിന്റെ കാലാവധി. അന്നും ഹാജരാകാതിരുന്ന ജോഷ്വായുടെ ചികിൽസാ വിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇദ്ദേഹത്തിന് കാര്യമായ പ്രശ്നങ്ങളില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും ഇതിനോടകം മൂന്നാഴ്ചത്തേക്ക് കൂടി ഹാജരാകാനുള്ള സമയം നീട്ടി നൽകി.

അന്വേഷണ സംഘത്തിന് മുന്നിൽ ജോഷ്വാ ഹാജരാകുമ്പോൾ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ജോഷ്വാ അറസ്റ്റ് ചെയ്യപ്പെട്ടാൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് മാതൃകയിൽ മറ്റ് ചിലരും അകത്ത് പോകേണ്ടി വരുമെന്ന് മനസിലാക്കിയതോടെ ഉന്നതതല ഇടപെടൽ ഉണ്ടായെന്നാണ് പറയുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി അബ്ദുൾ റഹിമിന്റെ നേതൃത്വത്തിലുള്ള സംഘം അന്തിമ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചതോടെയാണ് ജോഷ്വാ മാത്യുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ സഹോദര സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതിൽ 3.94 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് എടുത്ത കേസിലാണ് ജോഷ്വാ മാത്യു പ്രതിയായിട്ടുള്ളത്.

മൂന്നു മാസം മുൻപ് സഹകാരിയുടെ പരാതിയിൽ 86 കോടിയുടെ മറ്റൊരു കേസ് ജോഷ്വാ മാത്യു, ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ എന്നിവർക്കെതിരേ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ഇവരുടെ മുൻകൂർ ജാമ്യഹർജി തള്ളിയിരുന്നു. നിലവിൽ ഇയാൾ ഒളിവിലായിരുന്നു. വീട്ടിലെത്തിയ വിവരം അറിഞ്ഞ് ക്രൈംബ്രാഞ്ച് സംഘം എത്തുകയായിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഇടപെടലാണ് അറസ്റ്റ് വൈകാൻ കാരണമായതെന്നും പറയുന്നു.

നൽകിയതിലേറെയും ബിനാമി വായ്പകൾ: തിരികെ കിട്ടാനുള്ളത് 100 കോടിയിലേറെ

പത്തനംതിട്ട: ബിനാമി പേരിലും അതിർത്തി വിട്ടും ചതുപ്പുനിലങ്ങളുടെ സർവേ നമ്പർ ഉപയോഗിച്ചും കോടികൾ വായ്പ നൽകിയതാണ് മൈലപ്ര സർവീസ് സഹകരണ ബാങ്കിനെ തകർച്ചയിലേക്ക് നയിച്ചത്. അനുബന്ധ സ്ഥാപമായ മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് പർച്ചേസ് നടത്തിയ വകയിലും കോടികൾ അടിച്ചു മാറ്റി. നൽകിയ വായ്പകളിൽ മുതലും പലിശയുമായി തിരികെ കിട്ടാനുള്ളത് നൂറു കോടിയോളം രൂപയാണ്. നിലവിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

70 കോടിയോളം രൂപയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി വായ്പയായി നൽകിയിട്ടുള്ളത്. മുതലും പലിശയും കണക്കാക്കുമ്പോൾ തിരികെ ലഭിക്കാനുള്ളത് 100 കോടി കവിയും. കോന്നി ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ പറയുന്നത് 89 ബിനാമി വായ്പകളുണ്ടെന്നാണ്. ഇതിൽ പേരെടുത്ത് പറഞ്ഞിരിക്കുന്ന പലർക്കും കോടിക്കണക്കിന് രൂപയാണ് വായ്പ നൽകിയിരിക്കുന്നത്. ഒരേ വസ്തു ഈടായി കാണിച്ചു കൊണ്ട് ഒന്നിലധികം പേർക്ക് വായ്പ നൽകിയിട്ടുണ്ട്.

നിക്ഷേപങ്ങൾ തിരിച്ചു നൽകാൻ ബാങ്കിന്റെ ആസ്തികൾ വിൽക്കുന്ന കാര്യം അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി പരിഗണിക്കുന്നുണ്ട്. മൈഫുഡ് റോളർ ഫാക്ടറി, അവിടെയുള്ള വാഹനങ്ങൾ, അഴൂർ, കുമ്പളാംപൊയ്ക എന്നിവിടങ്ങിലെ ഭൂമി, മണ്ണാറക്കുളഞ്ഞി, ശാന്തിനഗർ ബ്രാഞ്ചുകൾ എന്നിവയുടെ മൂല്യനിർണയം നടത്താൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി തയ്യാറെടുക്കുകയാണ്. ഭരണ സമിതി പിരിച്ചു വിടുന്നതിന് മുൻപ് ബാങ്കിന്റെ ആസ്തികൾ വിൽക്കുന്നതിന് പൊതുയോഗം അനുവാദം നൽകിയെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം, കേസിൽപ്പെട്ട് കിടക്കുന്ന ഫാക്ടറി വിൽക്കുന്നതെങ്ങനെ എന്ന ചോദ്യം ഉയരുന്നുണ്ട്. അതിനിടെ തട്ടിപ്പിൽ ബാങ്കിനുണ്ടായ നഷ്ടത്തിന് ഉത്തരവാദികൾ ആരെല്ലാമാണെന്നും അവരുടെ ബാധ്യത എത്രയാണെന്നും കണ്ടെത്തുന്നതിനുള്ള സർചാർജ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ജോയിന്റ് രജിസ്ട്രാർ ഒരു മാസം കൂടി നീട്ടി നൽകി. കോന്നി അസിസ്റ്റന്റ് രജിസ്ട്രാർ ആണ് അന്വേഷണം നടത്തുന്നത്. വകുപ്പ് 68(1) പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നത്. നഷ്ടം വന്ന തുക മുൻ സെക്രട്ടറി, ബാങ്ക് പ്രസിഡന്റ്, ഭരണ സമിതിയംഗങ്ങൾ എന്നിവരിൽ നിന്ന് ഈടാക്കാനുള്ള നീക്കമാണ് നടക്കുന്നത്.