അടൂർ: ഇതൊരു സിനിമക്കഥയെ വെല്ലുന്ന ജീവിത കഥയാണ്. കടത്തിണ്ണയിൽ വല്യമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം അന്തിയുറങ്ങിയ കുട്ടികളെ മൂന്നു പേർ ദത്തെടുക്കുന്നു. കൊച്ചുമക്കൾക്ക് സുരക്ഷിത ജീവിതം കിട്ടിയെന്ന് കരുതി വല്യമ്മ തീ കൊളുത്തി ജീവനൊടുക്കുന്നു. ദത്ത് നൽകിയയാൾ പന്ത്രണ്ടുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു. ഇയാളുടെ ഭാര്യയ്ക്ക് അപകടം പറ്റിയതോടെ നോക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പന്ത്രണ്ടുകാരിയെ തിരികെ ശിശുക്ഷേമ സമിതിക്ക് നൽകുന്നു.

സഹോദരനെ ദത്തെടുത്ത വീട്ടുകാർ ഈ കുട്ടിയെക്കൂടി തങ്ങൾക്ക് കിട്ടാൻ അപേക്ഷ കൊടുക്കുന്നു, അനുവദിക്കുന്നു. തനിക്ക് ആദ്യത്തെ സ്ഥലത്ത് നേരിടേണ്ടി വന്ന ക്രൂരലൈംഗിക പീഡനത്തിന്റെ കഥ പെൺകുട്ടി അവരോട് പറയുന്നു. അവർ പൊലീസിനെ അറിയിക്കുന്നു. പോക്സോ കേസിൽ ആദ്യ വളർത്തച്ഛൻ ജയിലിൽ ആകുന്നു. ഇപ്പോൾ അയാൾക്കെതിരേ പോക്സോ പ്രത്യേക കോടതിയുടെ വിധി വന്നു. 109 വർഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ വീണ്ടും മൂന്നു വർഷവും രണ്ടു മാസവും കൂടി അധിക തടവ് അനുഭവിക്കണം.
പന്തളം കുരമ്പാല പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കോമത്ത് തെക്കേതിൽ അനിയനെന്നു വിളിക്കുന്ന തോമസ് സാമുവലി(63)നാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ച വിധിച്ചത്. പിഴത്തുക പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചു.

2021 മാർച്ച് 26 നും 2022 മെയ്‌ 30 നുമിടയിലുള്ള കാലയളവിലാണ് പ്രതിയുടെ വീട്ടിൽ വച്ച് പീഡനം നടന്നത്. തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കൾ ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയ പന്ത്രണ്ട് വയസുകാരി ഉപ്പെടെ രണ്ടു പെൺകുട്ടികളും ആൺകുട്ടിയും പിതാവിന്റെ അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്ത് കടത്തിണ്ണയിൽ ഇവർ കഴിയുന്നതു കണ്ട ജനപ്രതിനിധി ശിശുക്ഷേമസമിതിയെ വിവരം അറിയിച്ചു. സമിതി കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിച്ചു. ആൺകുട്ടിയെ തിരുവല്ലയിലെ കുടുംബവും ഒരു പെൺകുട്ടിയെ അടൂരുള്ള കുടുംബവും ദത്തെടുത്തു. പന്ത്രണ്ടുകാരിയെ പ്രതിയുടെ പന്തളത്തെ വീട്ടിലും ദത്തുനൽകി.

കുട്ടികളെ സുരക്ഷിതയിടങ്ങളിൽ എത്തിച്ചുവെന്ന് കരുതിയ വല്യമ്മ തീ കൊളുത്തി ജീവനൊടുക്കുകയും ചെയ്തു. മക്കൾ ഇല്ലാതിരുന്ന സാമുവലും ഭാര്യയും പന്ത്രണ്ടുകാരിയെ വീട്ടിലെത്തിച്ച് ഒപ്പം താമസിപ്പിച്ചു. സംരക്ഷിക്കാമെന്ന് സമ്മതിച്ച് വാക്കു നൽകി ഏറ്റെടുത്ത ശേഷം കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനാണ് പിന്നീട് പ്രതി വിധേയയാക്കിയത്. ഒരു വർഷത്തോളം ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. മലയാളം ശരിക്കറിയാത്ത കുട്ടിക്ക് തനിക്ക് ഏൽക്കേണ്ടിവന്ന ക്രൂരമായ പീഡനത്തെപ്പറ്റി പുറത്തുപറയാൻ കഴിഞ്ഞില്ല. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന പ്രതിയുടെ ഭീഷണിയും കുട്ടിയെ ഭയപ്പെടുത്തിയിരുന്നു.

അതിനിടെ പ്രതിയുടെ ഭാര്യ സ്‌കൂട്ടറിൽ നിന്ന് വീണു പരുക്കേറ്റു. ആ സമയം കുട്ടിയെ നോക്കാൻ കഴിയില്ലെന്നുപറഞ്ഞു ഇയാൾ ശിശുക്ഷേമസമിതിയെ സമീപിച്ചു. കുട്ടിയെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞപ്പോൾ, ആൺകുഞ്ഞിനെ ദത്തെടുത്ത വീട്ടുകാർ സമിതിയെ സമീപിച്ച് പന്ത്രണ്ടുകാരിയെക്കൂടി ദത്ത് കിട്ടാൻ അപേക്ഷ നൽകി. അനുകൂലമായ ഉത്തരവുണ്ടാവുകയും അവർ പെൺകുട്ടിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. ആ വീട്ടിലെ അമ്മയോട് കുട്ടി വിവരങ്ങൾ പറയുകയായിരുന്നു. അങ്ങനെ വീട്ടുകാർ പന്തളം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23 ന് അന്നത്തെ പന്തളം പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എസ്. ശ്രീകുമാറാണ് കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷ്യനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത പി. ജോൺ ഹാജരായി.

അത്യന്തം ദുരിതപൂർണമായ ജീവിതത്തിനിടെ ബാലിക നേരിട്ട ദുരനുഭവങ്ങൾ ബോധ്യപ്പെട്ട കോടതി ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ, ബാലനീതി നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി പ്രതിക്ക് കടുത്ത ശിക്ഷ വിധിക്കുകയായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തെളിയിക്കപ്പെടുന്ന കേസുകളിൽ, കൂടുതൽ കാലയളവ് കഠിനതടവ് ഉൾപ്പെടെയുള്ള വിധികൾ പുറപ്പെടുവിപ്പിക്കുന്ന അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ ഉത്തരുവകൾ ശ്രദ്ധേയമായിരുന്നു. ഈ കേസിന്റെ വിചാരണയ്ക്കിടെ, പ്രോസിക്യൂഷൻ 26 രേഖകളും 16 സാക്ഷികളെയും ഹാജരാക്കി.