തിരുവനന്തപുരം: പതിനാറുകാരിയെ പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അമ്പത് വര്‍ഷം കഠിന തടവ്. തിരുവല്ലം വേട്ടകല്ല് സ്വദേശി ഷൈനു (37) വിനെയാണ് അമ്പത് വര്‍ഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പീഡനത്തിന് ഇരയായ അതിജീവിതയുടെ സ്വകാര്യഭാഗത്തു നിന്നും ലഭിച്ച പുരുഷബീജം പ്രതിയുടേത് ആണെന്ന് ഡി എന്‍ എ പരിശോധനയിലൂടെ തെളിഞ്ഞിരുന്നു. പിഴ ഒടുക്കാത്ത പക്ഷം മൂന്ന് വര്‍ഷം കൂടുതല്‍ ആയി അനുഭവിക്കണം.

2018 ഡിസംബര്‍ 31 നാണ് കേസിന് ആസ്പദമായ ആദ്യ പീഡനം നടന്നത്. ന്യൂഇയര്‍ ആഘോഷിക്കാന്‍ പ്രതിയും അതിജീവിതയും കൂട്ടുകാരുമായി കോവളത്ത് പോയി തിരികെ വരവേ പ്രതി എല്ലാവരെയും പ്രതിയുടെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു. പ്രാഥമിക ആവശ്യത്തിന് പോകണം എന്ന് അതിജീവിത ആവശ്യപ്പെട്ടപ്പോള്‍ പ്രതി കൂട്ട് പോകുകയും അവിടെ വച്ച് പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ആയിരുന്നു.

കുട്ടി ബഹളം വച്ചപ്പോള്‍ തുണി വച്ച് വാ പൊത്തിപിടിക്കുകയും ചെയ്തു. മറ്റു സുഹൃത്തുക്കള്‍ അറിഞ്ഞു നാണക്കേട് ആകുമോ എന്ന് പേടിച്ചു കുട്ടി പുറത്ത് പറഞ്ഞില്ല. 2019 ജനുവരി 12 നായിരുന്നു അടുത്ത സംഭവം. ആദ്യ സംഭവം പറഞ്ഞു ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടിനുള്ളില്‍ കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടയില്‍ പ്രതി നിര്‍ബന്ധപൂര്‍വം കുട്ടിയുടെ സ്വകാര്യ ഭാഗത്തേക്ക് പ്രതിയുടെ ബീജം ഒഴിക്കുകയും ചെയ്തു.

രണ്ട് ദിവസം കഴിഞ്ഞ് കുട്ടിയും സഹോദരിയുമായി ഉത്സവം കാണാന്‍ ദൂരെ സ്ഥലത്ത് പോയി തിരികെ വരാന്‍ താമസിച്ചു. ഇവര്‍ താമസിച്ചതിനാല്‍ അച്ഛന്‍ പൂന്തുറ പോലീസ്ല്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൂന്തുറ പോലീസ് കേസ് എടുക്കുകയും കുട്ടികള്‍ തിരികെ എത്തിയപ്പോള്‍ അവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.

മെഡിക്കല്‍ പരിശോധനയിന്‍ കുട്ടികളുടെ സ്വകാര്യഭാഗത്തു നിന്നും സാമ്പിള്‍ എടുക്കുകയും അത് കെമിക്കല്‍ പരിശോധനക്ക് വിധയമാക്കുകയും ചെയ്തിരുന്നു. പത്തുമാസം കഴിഞ്ഞ് വന്ന കെമിക്കല്‍ പരിശോധന ഫലത്തില്‍, പുരുഷ ബീജത്തിന്റെ അംശം അതിജീവിതയില്‍ നിന്ന് എടുത്ത സാമ്പിളില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് കുട്ടിയുടെ മൊഴി എടുക്കുകയും പീഡനത്തിന് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് അറിയുകയും ആയിരുന്നു.

പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ ആണ് സംഭവം പുറത്ത് പറയാത്തത് എന്ന് കുട്ടി മൊഴിയില്‍ പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് മറ്റൊരു കേസ് എടുത്തു. ഈ സമയം മറ്റൊരു മോഷണ കേസില്‍ കസ്റ്റഡിയില്‍ ആയിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയും ഡിഎന്‍എ പരിശോധനയ്ക്കായി രക്ത് സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. പ്രതിയുടെ രക്തവും കുട്ടിയുടെ സാമ്പിളും ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ സാമ്പിളില്‍ നിന്നും ലഭിച്ച പുരുഷ ബീജം പ്രതിയുടേത് ആണ് എന്ന് പരിശോധനയില്‍ തെളിഞ്ഞു .

പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ .ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി. പൂന്തുറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍മാരായ മാരായ ബി . എസ് സജികുമാര്‍,അനൂപ്. എ എന്നിവര്‍ ആണ് കേസ് അന്വേഷിച്ചത്.