തിരുവനന്തപുരം: തലസ്ഥാനത്ത് വഴുതയ്ക്കാട്ടെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജ് ഇടപ്പഴഞ്ഞിയില്‍ വച്ച് കൊല്ലപ്പെട്ടത് ജോലി മുടക്കിയ ഹോട്ടല്‍ ജീവനക്കാരുമായുള്ള വാക്കുതര്‍ക്കത്തിനിടെ മര്‍ദനമേറ്റതോടെ. ജോലിക്ക് വരാതിരുന്ന നേപ്പാള്‍ സ്വദേശി ഡേവിഡ്, വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് എന്നിവരെ വിളിക്കാനായി ചൊവ്വാഴ്ച രാവിലെ ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ ജസ്റ്റിന്‍ രാജ് എത്തിയപ്പോഴാണ് വാക്കേറ്റമുണ്ടായത്. സംഘര്‍ഷത്തിനിടെ, പ്രതികളുടെ മര്‍ദനമേറ്റാണ് ജസ്റ്റിന്‍ രാജ് മരിച്ചതെന്നാണ് പൊലീസ് നിഗമനം. രാവിലെ എട്ടുമണിയോടെയായിരുന്നു കൊല എന്നാണ് സൂചന.

മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന എം.സത്യനേശന്റെ മകള്‍ അജിതയാണ് ജസ്റ്റിന്‍ രാജിന്റെ ഭാര്യ. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഏകമകന്‍ കിരണ്‍ വിദേശത്തുനിന്ന് എത്തിയ ശേഷം വെള്ളിയാഴ്ച സംസ്‌കരിക്കും. ഏറെ നാള്‍ കരാറുകാരനായി പ്രവര്‍ത്തിച്ചിരുന്ന ജസ്റ്റിന്‍ രാജ് മൂന്നു പേര്‍ക്കൊപ്പം ചേര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപം 'കേരള കഫേ' എന്ന ഹോട്ടല്‍ ആരംഭിച്ചത്.

ജസ്റ്റിനാണ് ദിവസവും പുലര്‍ച്ചെ 5ന് ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണു ഹോട്ടലിലുള്ളത്. ഇതില്‍ ഡേവിഡും രാജേഷും ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്രവാഹനത്തിലാണ് ജസ്റ്റിന്‍ രാജ് വാടക വീട്ടില്‍ പോയത്. വൈകിട്ടായിട്ടും ജസ്റ്റിനെ കാണാത്തതിനാല്‍ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പായ കൊണ്ടു മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ വിഴിഞ്ഞം അടിമലത്തുറയില്‍നിന്ന് രാത്രി പ്രതികളെ പിടികൂടുകയായിരുന്നു.

ഇവരെ പിടികൂടാന്‍ പോയ പോലീസുകാര്‍ക്കു നേരേ ആക്രമണമുണ്ടായി. പിടിയിലാകുമ്പോള്‍ ഇരുവരും അമിത മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിടികൂടുന്നതിനിടെ ഇരുവരും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. മര്‍ദനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. അക്രമാസക്തരായ പ്രതികളെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയതു.