- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസിൽ സുധാകരന്റെ പേര് പറയാൻ പൊലീസ് നിർബന്ധിച്ചു; പീഡനം നടന്ന സമയത്ത് കെ സുധാകരൻ അവിടെ ഉണ്ടായിരുന്നു എന്ന് മൊഴി നൽകാൻ അന്വേഷണത്തിനിടെ ആവശ്യപ്പെട്ടു; അനൂപിൽ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരന് നൽകാനാണെന്ന് പറയിക്കാൻ ശ്രമിച്ചു; ഡിവൈഎസ്പി ഭീഷണിപ്പെടുത്തി; മോൻസൺ മാവുങ്കൽ കോടതിയിൽ
കൊച്ചി: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചുവെന്ന് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട മോൻസൺ മാവുങ്കൽ. കോടതിയിലാണ് ഇക്കാര്യം മോൻസൻ വ്യക്തമാക്കിയത്. പുരാവസ്തു തട്ടിപ്പുകേസിലെ പരാതിക്കാരൻ അനൂപിൽ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരൻ നൽകാനാണെന്ന് പറയാൻ പൊലീസ് പറഞ്ഞതായും മോൻസൻ കോടതിയിൽ ആരോപിച്ചു.
കെ. സുധാകരന്റെ പേര് പറയുന്നതിനായി അന്വേഷണ ഉദ്യാസ്ഥർ സമ്മർദം ചെലുത്തിയെന്നാണ് മോൻസന്റെ ആരോപണം. പീഡനം നടന്ന സമയത്ത് കെ. സുധകരൻ അവിടെ ഉണ്ടായിരുന്നു എന്ന് മൊഴി നൽകാൻ പോക്സോ കേസിന്റെ അന്വേഷണത്തിനിടയിൽ ആവശ്യപ്പെട്ടു. ഇതിന് പുറമെ അനൂപിൽ നിന്ന് 25 ലക്ഷം വാങ്ങിയത് സുധാകരനെന്ന് പറയാൻ പൊലീസ് നിർബന്ധിച്ചുവെന്നും മോൻസൺ കോടതിയിൽ പറഞ്ഞു. ഇതേത്തുടർന്ന് ഇക്കാര്യങ്ങൾ ജയിൽ സൂപ്രണ്ട് വഴി എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചു.
സുധാകരനെതിരെ മൊഴി നൽകിയില്ലെങ്കിൽ അതിന്റെ പ്രത്യാഖാതം രൂക്ഷമായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭാര്യയെ പറ്റി മോശമായ രീതിയിൽ സംസാരിച്ചു. അവശ്യമായ ഭക്ഷണം നൽകിയില്ലെന്നും മോൻസൺ കോടതിയെ അറിയിച്ചു. മോൻസന്റെ അഭിഭാഷകൻ ശ്രീജിത്താണ് ഇക്കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചത്. മോൻസനെതിരായ പോക്സോ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് റസ്തം.
കഴിഞ്ഞ ദിവസം പോക്സോ കേസ് വിധി വന്നശേഷം ഡിവൈഎസ്പി റസ്തമാണ് മോൻസനെ ജയിലിലേക്കു കൊണ്ടുപോയത്. അതിനിടെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിനു സമീപമുള്ള പെട്രോൾ പമ്പിൽ എത്തിച്ചശേഷം കെ.സുധാകരനെതിരെ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ഇപ്പോൾ മോൻസൻ മാവുങ്കൽ കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് വളരെ മോശം ഭാഷയിലും ഭീഷണിയുടെ സ്വരത്തിലുമാണ് ഡിവൈഎസ്പി സംസാരിച്ചത്.
25 ലക്ഷം സുധാകരൻ തന്റെ കയ്യിൽനിന്ന് വാങ്ങിയെന്ന് പറയാനും നിർബന്ധിച്ചു. തനിക്കൊപ്പം ജയിലിൽനിന്നു വന്ന രണ്ടു പൊലീസുകാർ ഇതിന് സാക്ഷികളാണെന്നും മോൻസൻ പറഞ്ഞു. അതേസമയം, ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പരാതി നൽകാൻ കോടതി നിർദ്ദേശിച്ചു. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ്, സുധാകരനെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് സമ്മർദ്ദം ചെലുത്തിയതായി മോൻസൻ വെളിപ്പെടുത്തിയത്. കേസ് 19-ാം തീയതിയിലേക്ക് മാറ്റി.
ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം സ്ഥാപിക്കാനെന്നു വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം ടി. ഷമീർ, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോൻ, തൃശ്ശൂർ സ്വദേശി അനൂപ് അഹമ്മദ് എന്നിവർ നൽകിയ പരാതിയിലാണ് മോൻസനെ 2021 സെപ്റ്റംബർ 26-ന് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ