കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് മെന്‍സ് ഹോസ്റ്റലില്‍ വ്യാഴാഴ്ച നടന്ന റെയ്ഡില്‍ കെഎസ്യു നേതാക്കളില്‍നിന്നും 10 കിലോ കഞ്ചാവ് പിടകൂടിയെന്ന് വ്യാജ പ്രചാരണമെന്ന് സ്ഥിരീകരിച്ച് പോലീസും. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ ആഭ്യന്തര മന്ത്രി. അതായത് സിപിഎം ഭരണത്തിന് കീഴിലെ പോലീസ്. ഇതേ പോലീസാണ് എസ് എഫ് ഐ നേതാവിനെ കഞ്ചാവ് കേസില്‍ പ്രതിയാക്കിയത്. ഇതിനൊപ്പം കെ എസ് യുക്കാരന്‍ ഉള്‍പ്പെട്ടില്ലെന്നും പറയുന്നു. ഇതോടെ കഞ്ചാവ് കേസില്‍ നിന്നും തടിയൂരാന്‍ ഉന്നത രാഷ്ട്രീയ ഗൂഡാലോചന എസ് എഫ് ഐ നടത്തിയെന്നാണ് വ്യക്തമാകുന്നത്. കഞ്ചാവ് കേസിലെ പ്രതികളെ എന്തുകൊണ്ട് എസ് എഫ് ഐ പൂര്‍ണ്ണമായും തള്ളി പറയുന്നില്ലെന്നതും ഉയരുന്ന ചോദ്യമാണ്. എസ് എഫ് ഐ നേതൃത്വം അറിഞ്ഞാകണം ഇത്തരം കഞ്ചാവ് വില്‍പ്പന നടക്കുന്നതെന്ന് ആരും ആരോപിക്കുന്നില്ല. കഞ്ചാവ് കേസില്‍ പ്രതികളെ പരസ്യമായി പിന്തുണയ്ക്കുന്നതാണ് എസ് എഫ് ഐ സംഘടനയെ സംശയ നിഴലില്‍ നിര്‍ത്തുന്നത്.

വിദ്യാര്‍ഥികളുമായോ രാഷ്ട്രീയപാര്‍ട്ടികളുമായോ വ്യക്തിപരമായി പ്രശ്നങ്ങളില്ല. കഞ്ചാവ് പിടികൂടിയ സംഭവം രാഷ്ട്രീയവത്കരിക്കരുത്. വ്യാഴാഴ്ചത്തെ പരിശോധനയ്ക്ക് മുന്‍പ് പോലീസ് തന്റെ അനുമതി തേടിയിരുന്നുവെന്നും പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആര്‍ട്സ് ഡേ ആഘോഷങ്ങള്‍ക്കിടയിലും പുറത്തുനിന്നും വന്നൊരാളെ കഞ്ചാവുമായി പിടികൂടിയിരുന്നു. പ്രദേശത്തെ കോളേജുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പ്രിന്‍സിപ്പലിനെ അറിയിച്ചുള്ള സുതാര്യ റെയ്ഡാണ് പോലീസ് നടത്തിയത്. ക്യാമ്പസില്‍ കയറണമെങ്കില്‍ വേണ്ട നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചുള്ള റെയ്ഡ്. അതിനിടെ കോളേജില്‍ നിന്ന് തന്നെയാണ് കഞ്ചാവ് കച്ചവടത്തിന്റെ സൂചനകള്‍ പോലീസിന് കിട്ടിയതും എന്നും സൂചനകളുണ്ട്. എസ് എഫ് ഐക്കാരന്‍ കുടുങ്ങിയതോടെ എങ്ങനേയും അത് കെ എസ് യുവിന് കൂടി പങ്കുള്ളതാണെന്ന് വരുത്താന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.

കെ എസ് യുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റര്‍ രൂപേണയാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. സംഭവസമയത്ത് കെഎസ്യു പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ഥികള്‍ മുറിയില്‍ നിന്നിറങ്ങി ഓടിയതായി പിടിയിലായ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജും പ്രാദേശിക എസ്എഫ്‌ഐ നേതാവ് ദേവരാജും ആരോപിച്ചിരുന്നു. എന്നാല്‍, പരിശോധനാ സമയത്ത് ഹോസ്റ്റലില്‍നിന്ന് ആരും ഇറങ്ങി ഓടിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. രാത്രി റെയ്ഡ് നടക്കുന്ന സമയത്ത് ഹോസ്റ്റലിലുണ്ടായിരുന്നില്ലെന്ന് രണ്ട് വിദ്യാര്‍ഥികളും പറഞ്ഞു. ഇവരുടെ ചിത്രം സഹിതമുള്ള പോസ്റ്റുകളാണ് 10 കിലോ കഞ്ചാവുമായി പിടികൂടിയതെന്ന് പറഞ്ഞ് ഇടത് അനുകൂല സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങളാണ് എസ് എഫ് ഐ അടക്കമുള്ള സംഘടനകളുടെ ലഹരി വിരുദ്ധ നിലപാടുകളെ സംശയത്തിലാക്കുന്നത്. എന്തിന് വേണ്ടിയാണ് ഇതെന്ന് ആര്‍ക്കും വ്യക്തമല്ല. കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവര്‍ക്കെതിരെ എല്ലാ തെളിവും പോലീസിന് മുന്നിലുണ്ട്. വീഡിയോ പോലും ചിത്രീകരിച്ചു. ഇത്തരമൊരു കേസിലാണ് എസ് എഫ് ഐയുടെ ന്യായീകരണങ്ങള്‍.

അതിനിടെ കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റല്‍ മുറിയില്‍നിന്നും കഞ്ചാവുമായി പിടിയിലായ മൂന്ന് വിദ്യാര്‍ഥികളെയും ഉടനടി സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ് അറിയിച്ചു. അവസാനവര്‍ഷ വിദ്യാര്‍ഥികളായ അഭിരാജ്, ആദിത്യന്‍, ആകാശ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തിന് പിന്നാലെയാണ് തീരുമാനം. വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ഹോസ്റ്റലില്‍ രണ്ട് അജ്ഞാതര്‍ വന്നുപോയതായി ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതിപ്പെട്ടിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍, ഹോസ്റ്റലില്‍ സിസിടിവി ഇല്ലാത്തതിനാല്‍ ഇവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കോളേജ് പരിസരം സോണുകളായി തിരിച്ച് കോളേജ് അധ്യാപകരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധനകള്‍ നടത്താറുണ്ട്. പക്ഷേ, പകല്‍ വിദ്യാര്‍ഥികള്‍ ഇല്ലാത്തതുകാരണം പരിശോധന നടത്താറില്ല.

അതിനിടെ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിലെ പ്രതികള്‍ക്കെതിരേ മുഖം നോക്കാതെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എല്ലാ സ്വകാര്യ ഹോസ്റ്റലുകളിലും ഗവണ്‍മെന്റ് ഹോസ്റ്റലുകളിലും വിദ്യാര്‍ഥികള്‍ താമസിക്കുന്ന മറ്റെല്ലാ ഇടങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വരുംദിവസങ്ങളിലും ഇത് തുടരും. ഇതോടൊപ്പം വിപുലമായ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.