വൈക്കം: ഗുണ്ടാസംഘം വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍. ശനിയാഴ്ച രാത്രിഎട്ടോടെയാണ് ഗുണ്ടാസംഘം പ്ലസ് ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വൈക്കം വെച്ചൂര്‍ വേരുവള്ളി സ്വദേശികളായ രണ്ടു പേരാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീടിന്റെ മെയിന്‍ സ്വിച്ച് ഓഫാക്കിയ ശേഷം പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും അനിയത്തിയെയും വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പ്ലസ് ടു വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയത്.

വെച്ചൂര്‍ പഞ്ചായത്ത് വേരുവള്ളില്‍ കളരിക്കല്‍ത്തറ വീട്ടില്‍ അമ്പിളി എന്നു വിളിക്കുന്ന മനുവും സുഹൃത്തായ അര്‍ജുനും ചേര്‍ന്നാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയത്. മുഖ്യപ്രതിയായ മനു വിവിധ ജില്ലകളിലായി എട്ട് കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ റിമാന്‍ഡിലായിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടനെയാണ് തട്ടിക്കൊണ്ടു പോകല്‍. വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്നു പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ സിപിഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമന്റെ നേതൃത്വത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഇടപെട്ടാണ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റെനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. തുടര്‍ന്ന് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിനും പിടിച്ചുപറിക്കും നേതൃത്വം നല്‍കുന്ന സംഘാണ് ഇത്. ഭീതിമൂലം ഈ ഗുണ്ടാ സംഘത്തിനെതിരേ പരാതി പറയാന്‍ പോലും മടിക്കുകയാണ് നാട്ടുകാര്‍. രണ്ടാമത്തെ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അടക്കം പ്രതിയാണ് അമ്പിളി. വെച്ചൂര്‍ പുത്തന്‍പാലം ഷാപ്പിന് സമീപം വച്ച് തലയാഴം സ്വദേശിയായ അഖിലിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു അന്ന്. സുഹൃത്തുക്കളായ പ്രതികള്‍ തമ്മില്‍ കുളത്തില്‍ കുളിക്കാന്‍ എത്തിയ സമയം വാഹനം കഴുകുന്നതിനിടയില്‍ യുവാക്കളില്‍ ഒരാളുടെ ചെരുപ്പ് കുളത്തില്‍ എറിഞ്ഞതുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലി വൈകിട്ട് വീണ്ടും സംഘര്‍ഷം ഉണ്ടാവുകയും പുത്തന്‍പാലം ഷാപ്പിന് സമീപം വച്ച് അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. 2023ലായിരുന്നു ഈ സംഭവം.

പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അമ്പിളി എന്ന് വിളിക്കുന്ന മനു കെ.എം, കുഞ്ഞന്‍ എന്ന് വിളിക്കുന്ന വിമല്‍ കെ.എസ്, ഇയാളുടെ സഹോദരനായ കൊട്ടാരം എന്ന് വിളിക്കുന്ന വിഷ്ണു കെ.എസ്, ചാത്തന്‍ എന്ന് വിളിക്കുന്ന വൈഷ്ണവ്, അച്ചു എന്ന് വിളിക്കുന്ന അശ്വിന്‍ മധു എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. പിന്നീട് കൂടുതല്‍ അറസ്റ്റുമുണ്ടായി. ഈ സംഘം ഇപ്പോഴും വൈക്കത്ത് ഭീഷണിയായി തുടരുകയാണ്.