- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പോലീസ് ജീപ്പ് മോഷ്ടിച്ചു കടന്നു; യൂണിഫോമിട്ട് വാഹനപരിശോധന നടത്തി; പോലീസ് വരെ സല്യൂട്ട് ചെയ്തുവെന്നും കഥ; 'കാമാക്ഷി എസ്ഐ' കൂടുതലും നോട്ടമിട്ടത് ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍: കാമാക്ഷി ബിജുവും മകനും പിടിയിലാകുമ്പോള്‍
പോലീസ് ജീപ്പ് മോഷ്ടിച്ചു കടന്നു; യൂണിഫോമിട്ട് വാഹനപരിശോധന നടത്തി

കട്ടപ്പന: മോഷണമെന്നാല്‍ വെറുമൊരു കവര്‍ച്ചയല്ല, കാമാക്ഷി ബിജുവിന് അതൊരു ലഹരിയാണ്. പൊലീസിനെ വിറപ്പിച്ചും അമ്പരപ്പിച്ചും ഇടുക്കിയുടെ മലയോര മേഖലകളില്‍ ബിജു തുന്നിച്ചേര്‍ത്തത് ക്രിമിനല്‍ ലോകത്തെ അവിശ്വസനീയമായ വീരഗാഥകളാണ്. കഴിഞ്ഞ ദിവസം മകനോടൊപ്പം ഏലയ്ക്ക മോഷണക്കേസില്‍ പിടിയിലാകുമ്പോള്‍, അവസാനിക്കുന്നത് കാല്‍നൂറ്റാണ്ടോളം നീണ്ട ഒരു 'സമാന്തര എസ്ഐ'യുടെ പരാക്രമങ്ങള്‍ക്കാണ്.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളായ കാമാക്ഷി എസ്.ഐ എന്ന പേരില്‍ അറിയപ്പെടുന്ന കാമാക്ഷി വലിയപറമ്പില്‍ ബിജു (53), മകന്‍ വിപിന്‍ ബിജു (23) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടുന്നതിനിടെ പെപ്പര്‍ സ്പ്രേ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ ബലം പ്രയോഗിച്ചാണ് കീഴടക്കിയത്.
തൊടുപുഴയില്‍ നടന്ന മോഷണക്കേസിന്റെ അന്വേഷണത്തിനിടെയാണ് മുന്‍കാല കുറ്റവാളികളെ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയത്. ഇതിനിടെ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവിലായിരുന്ന ബിജുവിനെയും മകനെയും കുറിച്ച് പോലീസിന് വിവരം ലഭിച്ചു. പ്രതികള്‍ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവില്‍ ഇവരെ കുടുക്കിയത്.
മോഷണലോകത്ത് ബിജുവിന് 'കാമാക്ഷി എസ്ഐ' എന്ന പേര് വീണതിന് പിന്നില്‍ പൊലീസിനേറ്റ കനത്ത പ്രഹരത്തിന്റെ കഥയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഔദ്യോഗിക ജീപ്പ് മോഷ്ടിച്ചാണ് ബിജു എല്ലാവരെയും ഞെട്ടിച്ചത്. ജീപ്പുമായി കടന്നുകളയുക മാത്രമല്ല,പൊലീസ് യൂണിഫോമും തൊപ്പിയും ധരിച്ച് പാതയോരങ്ങളില്‍ വാഹനപരിശോധന നടത്താനും ഇയാള്‍ ധൈര്യം കാട്ടി. തങ്ങള്‍ക്കു മുന്‍പില്‍ നില്‍ക്കുന്നത് സാക്ഷാല്‍ എസ്ഐ ആണെന്ന് തെറ്റിദ്ധരിച്ച് പൊലീസുകാര്‍ പോലും സല്യൂട്ട് അടിച്ച വിചിത്രമായ സാഹസത്തിന്റെ ചരിത്രമാണ് ബിജുവിന്റേത്.
പിടികൂടാന്‍ എത്തുന്ന പൊലീസുകാരെ പലതവണ ബിജു അതിസാഹസികമായി വെട്ടിച്ചിട്ടുണ്ട്. വളയുന്ന പൊലീസ് സംഘത്തിന് നേരെ മാരകായുധങ്ങളുമായി പാഞ്ഞടുക്കുന്നതും പുഴയില്‍ ചാടി നീന്തി രക്ഷപ്പെടുന്നതും ഇയാളുടെ പതിവായിരുന്നു. ഒരിക്കല്‍ കിലോമീറ്ററുകളോളം പൊലീസിനെ ഓടിച്ച ശേഷം കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ബിജുവിനെ കണ്ടെത്താന്‍ ദിവസങ്ങളോളം വനമേഖലയില്‍ തിരച്ചില്‍ നടത്തേണ്ടി വന്നിട്ടുണ്ട്.
ഹൈറേഞ്ചിലെ ബുള്ളറ്റ് പ്രേമികളുടെ പേടിസ്വപ്നമായിരുന്നു ഇയാള്‍. ലോക്കുകള്‍ തകര്‍ക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ബിജു, നിമിഷങ്ങള്‍ക്കുള്ളില്‍ പുത്തന്‍ ബുള്ളറ്റുകളുമായി അതിര്‍ത്തി കടക്കും. തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് വന്‍തുകയ്ക്ക് ഇവ മറിച്ചുവില്‍ക്കുകയായിരുന്നു രീതി. അഞ്ഞൂറോളം കേസുകളില്‍ പ്രതിയായ ഇയാള്‍ 15 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാപ്പ ചുമത്തി നാടുകടത്തിയിട്ടും മോഷണമെന്ന 'തൊഴില്‍' ഉപേക്ഷിക്കാന്‍ ബിജു തയ്യാറായിരുന്നില്ല.
ഒടുവില്‍ ഏലയ്ക്ക മോഷണങ്ങളുടെ പരമ്പരയുമായാണ് ബിജു വീണ്ടും സജീവമായത്. ഇത്തവണ തന്റെ എല്ലാ 'വിദ്യകളും' പഠിപ്പിച്ചെടുത്ത മകന്‍ ബിപിനെയും കൂടെ കൂട്ടിയിരുന്നു. ഏലയ്ക്ക കവര്‍ന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വിരിച്ച വലയില്‍ ഇത്തവണ പിതാവിനും മകനും വീഴേണ്ടി വന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് പൊലീസ് ഇവരെ കീഴ്പ്പെടുത്തിയത്. ബിജുവിന്റെ വീരഗാഥകള്‍ക്ക് ജയിലഴികള്‍ക്ക് പിന്നില്‍ താല്‍ക്കാലിക വിരാമമാകുമ്പോള്‍ ഹൈറേഞ്ചിലെ പൊലീസ് സേനയ്ക്ക് ഇതൊരു വലിയ ആശ്വാസമാണ്.


