കണ്ണൂര്‍ : പള്ളിക്കുന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ വയോധികന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസില്‍ കരുണാകരനാണ് (86) ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

ഞായറാഴ്ച്ച രാത്രിയിലാണ് ജയിലിലെ പത്താം ബ്ലോക്കിലെ ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസില്‍ കരുണാകരനെ വീണ് പരിക്കേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. രാത്രി 10.10 ന് ഇയാള്‍ ചികിത്സയ്ക്കിടെ മരിച്ചു. തലയ്‌ക്കേറ്റ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതമാണെന്ന് വ്യക്തമായത്.

സഹ തടവുകാരനായ പാലക്കാട് സ്വദേശി അയ്യപ്പനെന്ന വേലായുധനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് പൊലിസ് പറയുന്നത്. വേലായുധനെ ഇയാള്‍ പിന്നില്‍ നിന്നും തലയ്ക്ക് പിന്നില്‍ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് അടിച്ചതായാണ് വിവരം. 86 കാരനായ കരുണാകരന്‍ മാവേലിക്കര ചന്ദ്രന്‍ വധക്കേസ് കേസില്‍ പ്രതിയായാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്നത്.

കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി യാണ് കേസ് അന്വേഷണം നടത്തിവരുന്നത്. തടവുകാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ആയിരത്തോളം തടവുകാര്‍ വസിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷയെ കുറിച്ചു ആശങ്ക ഉയര്‍ന്നിട്ടുണ്ട്.