മലപ്പുറം: പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കാപ്പ പ്രതിയെ പിടികൂടിയത് സാഹസികമായി. ഈസ്റ്റ് കോഡൂർ സ്വദേശി ആമിയാൽ വീട്ടിൽ ഷംനാദി (31) നെയാണ് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ ഷംനാദിനെതിരേ കാപ്പ ഉത്തരവ് വന്നതിന് ശേഷം ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.

ഒളിവിൽ കഴിഞ്ഞിരുന്ന സമയത്തും ഷംനാദ് പോലീസിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. സ്വന്തം വീട്ടിലോ ഭാര്യവീട്ടിലോ പോലീസെത്തുമ്പോൾ അവരെ നിരീക്ഷിക്കാൻ ഇയാൾ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിരുന്നു. പോലീസ് സംഘം വരുന്നത് തത്സമയം നിരീക്ഷിച്ച് ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ സ്ഥിരം രീതിയായിരുന്നു. നേരിട്ടുള്ള മൊബൈൽ ഫോൺ കോളുകൾ ഒഴിവാക്കി നെറ്റ് കോൾ വഴിയായിരുന്നു ഇയാൾ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസ് സംഘത്തിനെതിരേ പരാതി നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഷംനാദ് പെരിന്തൽമണ്ണയിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ സ്പെഷ്യൽ ടീമും മലപ്പുറം സ്റ്റേഷനിലെ അന്വേഷണ സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ്, ഹാരിസ് ദിധീഷ്, നെബുഹാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.