കരിപ്പൂര്‍: മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനില്‍നിന്നെത്തിയ യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍. ഇന്നലെ രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മസ്‌കറ്റ് വിമാനത്താവളത്തില്‍നിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍എസ് സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.

വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ആണ് പൊലീസ് എത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് സംഘം വിമാനത്താവളത്തിലെത്തി നിരീക്ഷണം ആരംഭിച്ചിരുന്നു. പിടിയിലായ പത്തനംതിട്ട സ്വദേശി സൂര്യയെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാജ്യത്തിന് പുറത്ത് നിന്നും കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന സംഘത്തെ കുറിച്ചടക്കം പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഒരു കിലോഗ്രാം എം.ഡി.എം.എയുമായാണ് പത്തനംതിട്ട സ്വദേശി സൂര്യയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ജൂലൈ 16 നാണ് ജോലി തേടി സൂര്യ ഒമാനില്‍ പോയത്. കണ്ണൂര്‍ സ്വദേശിയായ പരിചയക്കാരന്‍ നൗഫലായിരുന്നു ഒമാനിലുണ്ടായിരുന്ന ബന്ധം. നാലാം നാള്‍ സൂര്യ നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് നൗഫല്‍ കയ്യിലൊരു ബാഗ് കൊടുത്തുവിട്ടു. കരിപ്പൂരില്‍ നിന്ന് അത് സ്വീകരിക്കാന്‍ ആളെത്തുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ, കാത്തിരുന്നവരില്‍ പൊലീസും ഉണ്ടാകുമെന്ന് സൂര്യക്ക് കരുതിയിരുന്നില്ല.

മിഠായി കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സൂര്യയുടെ ബാഗിനകത്തായിരുന്ന ഈ ലഹരിമരുന്ന് വിമാനത്താവളത്തിലെ പരിശോധനയെ വിജയകരമായി മറികടന്നു. എന്നാല്‍ പുറത്ത് കാത്തുനിന്നവരെ നിരീക്ഷിച്ചുകൊണ്ടിരുന്ന പൊലീസിന് സംശയങ്ങള്‍ ബലപ്പെട്ടത് സൂര്യ എത്തിയപ്പോഴാണ്. കയ്യിലിരുന്ന ബാഗ് കണ്ട് പൊലീസ് ചോദിച്ചതോടെ സൂര്യ ഒന്നു പരുങ്ങി. 'ഇത് നീ പുതിയ ബാഗ് വാങ്ങിയതാണോ എന്നായിരുന്നു പൊലീസിന്റെ ചോദ്യം. അവര് തന്നതാ സാറേ...എന്ന് സൂര്യ പറഞ്ഞു. ബാഗ് തുറന്നപ്പോള്‍ കണ്ടത് മിഠായി കവറില്‍ ഒളിപ്പിച്ച എംഡിഎംഎ. അധികം വൈകാതെ നാല് പേരും അറസ്റ്റിലായി.

ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് സൂര്യ മസ്‌കറ്റിലേക്കു പോയതെന്നും കണ്ടെത്തി. കഴിഞ്ഞ 16നു മസ്‌കറ്റിലെത്തിയതായാണു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ സൂര്യ നാട്ടിലേക്കു മടങ്ങുകയും ചെയ്തു. എംഡിഎംഎ നാട്ടിലെത്തിക്കാന്‍ കാരിയര്‍ ആയി പോയതാകാമെന്നാണു പൊലീസ് നിഗമനം.

സൂര്യയെ സ്വീകരിക്കാനെത്തിയ മൂന്ന് പേരെയും കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശികളായ അലി അക്ബര്‍ (32), സിപി ഷഫീര്‍ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരാണ് അറസ്റ്റിലായത്. സൂര്യയുടെ കൈയ്യില്‍ നിന്നും എംഡിഎംഎ വാങ്ങുക, സൂര്യയെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ ഇവരുടെ വാഹനം കണ്ട് കരിപ്പൂര്‍ പൊലീസിന് തോന്നിയ സംശയമാണ് നിര്‍ണായക അറസ്റ്റിലേക്ക് എത്തിച്ചത്.

കരിപ്പൂരിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ഏറെ നേരം പ്രതികളെ ചോദ്യം ചെയ്തു. അന്തര്‍ദേശീയ ലഹരി കടത്ത് സംഘത്തിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക അറസ്റ്റാണ് സൂര്യയിലൂടെ ഇന്ന് കരിപ്പൂര്‍ പൊലീസ് നടത്തിയത്. മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത് ആര്‍ക്കുവേണ്ടി, എവിടെ കൈമാറാനായിരുന്നു നിര്‍ദേശം തുടങ്ങിയ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. നാലു പേരെയും ചോദ്യം ചെയ്യുകയാണ്.