- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി ഇഡി; നടപടി രണ്ടാംഘട്ട കുറ്റപത്രം നല്‍കാനിരിക്കെ; പുതിയ അന്വേഷണ ഉദ്യോഗസ്ഥന് എത്തുന്നതോടെ കുറ്റപത്രം നല്‍കുന്നത് നീണ്ടുപോകാന്‍ ഇടയാക്കിയേക്കും; സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍ ഇന്നും ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി ഇഡി
കൊച്ചി: കേരളത്തെ നടുക്കിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിലെ അന്വേഷണം ഏതാണ്ട് അന്തിമഘട്ടത്തിലാണ്. കേസില്‍ രണ്ടാംഘട്ട കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കെ. രാധാകൃഷ്ണന്‍ എംപിയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിനിടെ കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് മാറ്റം സംഭവിച്ചിരിക്കയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റി. ചെന്നൈയില്‍നിന്ന് സ്ഥലംമാറി വരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് കുമാറിനാണ് പകരംചുമതല. രണ്ടാംഘട്ട കുറ്റപത്രം നല്‍കാനിരിക്കെയാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്.
കരുവന്നൂര്‍ കേസില്‍ ഈ മാസംതന്നെ രണ്ടാംഘട്ട കുറ്റപത്രം നല്‍കാന്‍ ഡല്‍ഹി ഹെഡ് ഓഫീസ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സിപിഎം നേതാവും എംപിയുമായ കെ. രാധാകൃഷ്ണന്റെ മൊഴിയെടുക്കാനുള്ള തിരക്കിട്ട നീക്കം നടക്കുന്നത്. കരുവന്നൂര്‍ തട്ടിപ്പ് നടന്ന കാലയളവില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിമാരായിരുന്നവരെയെല്ലാം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതില്‍ കെ. രാധാകൃഷ്ണനെ മാത്രമായിരുന്നു ചോദ്യംചെയ്യാന്‍ ബാക്കിയുണ്ടായിരുന്നത്
കൊച്ചി ഇഡി ഓഫീസില്‍ നാല് അന്വേഷണ യൂണിറ്റുകളാണുള്ളത്. ഇതില്‍ യൂണിറ്റ് രണ്ടില്‍നിന്ന് താരതമ്യേന പ്രാധാന്യം കുറഞ്ഞ കേസുകളുള്ള യൂണിറ്റ് ഒന്നിലേക്കാണ് രാധാകൃഷ്ണനെ മാറ്റിയത്. കരുവന്നൂരിന് പുറമേ ഹൈറിച്ച് തട്ടിപ്പ് കേസ്, പാലിയേക്കര ടോള്‍ കമ്പനിയുടെപേരിലുള്ള കേസ്, സപ്ലൈകോ ഉദ്യോഗസ്ഥന്‍ കോടികള്‍ തട്ടിച്ച കേസ്, പാതിവില തട്ടിപ്പിലെ അന്വേഷണം എന്നിവയെല്ലാം യൂണിറ്റ് രണ്ടാണ് അന്വേഷിക്കുന്നത്. ഇതില്‍ ഹൈറിച്ചിലും പാലിയേക്കര കേസിലും ആദ്യഘട്ട കുറ്റപത്രം നല്‍കിയിട്ടുണ്ട്. സപ്ലൈകോ കേസില്‍ എട്ടുകോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. പാതിവില തട്ടിപ്പിന്റെ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ.
കരുവന്നൂര്‍ കേസില്‍ രണ്ടാംഘട്ട കുറ്റപത്രം നല്‍കുന്നതിന്റെ നടപടിക്രമം 95 ശതമാനം പൂര്‍ത്തിയായെന്നാണ് സൂചന. എന്നാല്‍, പുതിയ അന്വേഷണ ഉദ്യോഗസ്ഥനെത്തുന്നതോടെ കേസ് സംബന്ധിച്ച് പഠിക്കാന്‍തന്നെ സമയമെടുക്കും. ഇത് കുറ്റപത്രം നല്‍കുന്നത് നീണ്ടുപോകാന്‍ ഇടയാക്കിയേക്കുമെന്നുണ് അറിയുന്നത്.
അതിനിടെ കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിനായി കെ രാധാകൃഷ്ണന്‍ എംപി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജാരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണം എന്നും അതിനാല്‍ ഇഡിയോട് സാവകാശം തേടുമെന്നും അറിയിച്ചു. ഭൂസ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതം ഹാജരാകാനായിരുന്നു ഇ ഡിയുടെ നിര്‍ദ്ദേശം. കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടക്കുന്ന സമയത്ത് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണന്‍.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി ഓഫീസില്‍ നിന്ന് സമന്‍സ് നല്‍കിയിരുന്നെങ്കിലും അന്നും കെ രാധാകൃഷ്ണന്‍ എത്തിയിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡിക്ക് കത്തുനല്‍കിയിരുന്നു. ഇഡി അന്വേഷണത്തില്‍ ഭയമില്ലെന്നും കെ രാധാകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സമന്‍സിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമാണെന്നും കെ രാധാകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. മൊഴിയെടുക്കാന്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ ഏത് കേസെന്നില്ല. വ്യക്തിപരമായ സ്വത്തിന്റെ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ഹാജരാകാമെന്ന് രേഖാമൂലം അറിയിച്ചതായും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമന്‍സ് അയച്ചിരുന്നത്. അതേസമയം, കരുവന്നൂര്‍ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് ഇ ഡി പറയുന്നത്. കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ഇ ഡിയുടെ നിലപാട്. കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇ ഡിയുടെ നീക്കം.