- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൊയ്തീനെ പ്രതിയാക്കുമെന്ന് ഉറപ്പ്; എംഎം വര്‍ഗ്ഗീസിനും സാധ്യത ഏറെ; രാധാകൃഷ്ണനെ കൂടി പ്രതിയാക്കിയാല്‍ സിപിഎമ്മിന് മുന്നില്‍ വമ്പന്‍ പ്രതിസന്ധി; കരുവന്നൂരില്‍ പ്രാദേശിക ഘടകങ്ങളുടെ അക്കൗണ്ടുകളിലൂടെ സിപിഎം കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി; അന്തിമ കുറ്റപത്രം കോടതിയിലേക്ക് എത്തുമ്പോള്‍
തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീനെ ഇ.ഡി പ്രതിചേര്‍ത്തേക്കും. മൊയ്തീനു പുറമേ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെയും ഇ.ഡി. പ്രതിചേര്‍ക്കുമെന്നു സൂചനയുണ്ട്. എംപിയായ കെ രാധാകൃഷ്ണനും പ്രതിയാകുമെന്നാണ് സൂചന. അന്തിമ കുറ്റപത്രം ഇന്ന് ഇഡി കോടതിയില്‍ സമര്‍പ്പിക്കും. പാര്‍ട്ടിയുടെ ചില ബാങ്ക് അക്കൗണ്ടിലൂടെ കരുവന്നൂരില്‍ കള്ളപ്പണം എത്തിച്ച് പാര്‍ട്ടി വെളുപ്പിച്ചെന്നാണ് കണ്ടെത്തല്‍. പ്രാദേശിക ഘടകങ്ങളുടെ പേരിലെ അക്കൗണ്ടുകള്‍ നിയന്ത്രിച്ചത് ജില്ലാ സെക്രട്ടറിമാരാണെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികളാകുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കാലത്താണ് ഈ നീക്കം. ഇതിനൊപ്പം കരുവന്നൂരില്‍ സിബിഐയും അന്വേഷണത്തിന് എത്തിയേക്കും.
കരുവന്നൂര്‍ ബാങ്കിലെ മുന്‍ ജീവനക്കാരന്‍ എം.വി. സുരേഷ് ആണ് ഇ.ഡിയുടെയും സിബിഐയുടെയും അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണ ഇടപാടു വ്യക്തമായതോടെ ഇ.ഡി അന്വേഷണം ആരംഭിച്ചെങ്കിലും സിബിഐ അന്വേഷണ ആവശ്യത്തില്‍ തീരുമാനം നീണ്ടുപോയി. പലവട്ടം കേസ് മാറ്റിവച്ചെങ്കിലും വൈകാതെ അന്തിമ തീരുമാനത്തിലെത്തുമെന്നാണു സൂചന. ബാങ്ക് ജീവനക്കാരും സിപിഎം പ്രാദേശിക നേതാക്കളുമടക്കം പ്രതിപ്പട്ടികയിലുണ്ടെങ്കിലും എ.സി. മൊയ്തീനെയോ എം.എം. വര്‍ഗീസിനെയോ പ്രതിചേര്‍ത്തിരുന്നില്ല. മൊയ്തീനെ പലവട്ടം ചോദ്യം ചെയ്തും വീടു റെയ്ഡ് ചെയ്തും അക്കൗണ്ടുകള്‍ മരവിപ്പിച്ചും ഇ.ഡി അന്വേഷണം പുരോഗമിച്ചെങ്കിലും കടുത്ത നടപടികളിലേക്കു നീങ്ങിയിരുന്നില്ല. തട്ടിപ്പു നടന്ന കാലത്തു ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടി അക്കൗണ്ടുകളുടെ കസ്റ്റോഡിയനായി പ്രവര്‍ത്തിച്ചുവെന്നതാണു വര്‍ഗീസിനെ ആരോപണവിധേയനാക്കിയത്.
ഇ.ഡി കേസില്‍ പരാമര്‍ശിച്ചിരിക്കുന്ന രാഷ്ട്രീയക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്താന്‍ ഹൈക്കോടതി അടുത്തിടെ ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു രാഷ്ട്രീയക്കാരെ ആരെയും സംരക്ഷിക്കരുതെന്നും രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും സമ്മര്‍ദം ചെലുത്തി വിളിച്ചാല്‍ ഉടന്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്യണമെന്നും കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ഡി.കെ.സിങ് നിര്‍ദേശിച്ചു. രാഷ്്ട്രീയ, ഉദ്യോഗസ്ഥ സമ്മര്‍ദത്തിനു വിധേയമാകാതെ അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചു. ഇതും ഇഡിയുടെ നീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു.
സിപിഎം നേതാക്കള്‍ക്കെതിരെ ഉള്‍പ്പെടെ അന്വേഷണം നടത്താനാണു കോടതിയുടെ നിര്‍ദേശം. നിലവില്‍ കൃത്യമായ അന്വേഷണമല്ല നടക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ പങ്ക് അന്വേഷിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടവര്‍ സിപിഎം നേതാക്കളാണ്. ഇവരെക്കുറിച്ചൊക്കെ അന്വേഷിക്കാന്‍ കഴിയുമോ എന്ന് കോടതിയില്‍ നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആരാഞ്ഞിരുന്നു. ഇ.ഡിയുടെ കേസ് രേഖയും (ഇസിഐആര്‍) സത്യവാങ്മൂലത്തിന്റെ പകര്‍പ്പും അന്വേഷണ ഉദ്യോഗസ്ഥനു നല്‍കാനും കോടതി നിര്‍ദേശം നല്‍കി.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എം.വി.സുരേഷ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഇടക്കാല ഉത്തരവ്.
2021 ജൂലായ് 14നാണ് കരുവന്നൂര്‍ തട്ടിപ്പില്‍ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 125 കോടിയിലധികം വായ്പക്കാരില്‍ നിന്നും തിരിച്ചുപിടിച്ചപ്പോള്‍ 135 കോടി തിരികെ നല്‍കി. 273 കോടി നിക്ഷേപിച്ചവര്‍ കൂടി തങ്ങളുടെ പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിക്കുന്നത് പതിവായി. കിട്ടാനായി 382 കോടിയുണ്ടെങ്കിലും ഈ തുക ലഭിച്ചിട്ടില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നേതാക്കള്‍ അവരുടെ മക്കളുടെ പേരിലും മറ്റും വായ്പ വാങ്ങി തിരിച്ചടയ്ക്കാത്തതായുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കാനും ബാങ്ക് തയ്യാറല്ല. ചികിത്സ, പഠനം, വിവാഹം തുടങ്ങിയ കാര്യങ്ങളുമായി എത്തുന്നവര്‍ക്കും നിക്ഷേപത്തിന്റെ വിഹിതം തിരികെ നല്‍കാന്‍ വിഷമിക്കുകയാണ് ബാങ്ക്.