- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
343 കോടിയുടെ തട്ടിപ്പിൽ കണ്ടു കെട്ടിയത് 200 കോടി; നിക്ഷേപകർക്കു നഷ്ടപ്പെട്ടതിന്റെ പകുതി തുക വീണ്ടെടുത്തതിനാൽ ബാങ്കിനെ നിലനിർത്താൻ കഴിയുമെന്ന് പ്രതീക്ഷ; തട്ടിപ്പുകാരെ രക്ഷിക്കാൻ അട്ടിമറി നീക്കവും സജീവം; കരുവന്നൂരിൽ ഇഡിയെ പ്രതിയാക്കാൻ മാഫിയയും
കൊച്ചി: തൃശൂർ കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ഉൾപ്പെട്ടതായി കരുതുന്ന 200 കോടി രൂപയുടെ വസ്തുവകകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയതോടെ പ്രമുഖർ അങ്കലാപ്പിൽ. കേസിലെ പ്രതികൾ, ബന്ധുക്കൾ, കൂട്ടാളികൾ എന്നിവരുടെ പേരിലുള്ള ബെനാമി നിക്ഷേപമായതിനാൽ രേഖകളുടെ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ കണ്ടുകെട്ടൽ നടപടികളിലേക്കു കടക്കാൻ കഴിയൂ. 350ഓളം കോടിയുടെ തട്ടിപ്പാണ് കരുവന്നൂരിൽ നടന്നത്. സതീഷ് കുമാറിലേക്ക് അന്വേഷണം എത്തിയതാണ് നിർണ്ണായകമായത്. ഇഡി നടപടികൾ കരുവന്നൂരിനെ രക്ഷിക്കുമെന്നാണ് സൂചന.
കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പ് 343.6 കോടിയുടേതാണെന്ന വെളിപ്പെടുത്തൽ ഇഡി നടത്തിയിരുന്നു. 126.8 കോടിയുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പും 112 കോടിയെന്ന് ക്രൈംബ്രാഞ്ചും പറഞ്ഞയിടത്താണ് അതിന്റെ രണ്ടര ഇരട്ടിയോളം തുകയുടെ തട്ടിപ്പ് നടന്നതായി ഇഡി കണ്ടെത്തിയത്. 2022 ഡിസംബർ 31 വരെയുള്ള കിട്ടാക്കടങ്ങൾ, വ്യാജവായ്പകൾ എന്നിവ കണക്കാക്കി തിരിച്ചപ്പോഴാണ് ഇത്രയും വലിയ തട്ടിപ്പിന്റെ കണക്ക് വ്യക്തമായത്. പ്രധാനമായും 90 പേരാണ് ഈ തട്ടിപ്പുകൾക്ക് പിന്നിലുള്ളത്. വ്യാജരേഖകളും വിലമതിക്കാനാവത്ത ഈടുകളും നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഇതിൽ 200 കോടിയാണ് കണ്ടു കെട്ടുന്നത്.
നിക്ഷേപകർക്കു നഷ്ടപ്പെട്ടതിന്റെ പകുതി തുകയിൽ വീണ്ടെടുത്തതിനാൽ ബാങ്കിനെ നിലനിർത്താൻ കഴിയുമെന്നാണു പ്രതീക്ഷ. സംസ്ഥാന സഹകരണ രജിസ്റ്റ്രാറെ വിളിച്ചുവരുത്തി ഇ.ഡി സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ട്. കുറഞ്ഞ മൂല്യമുള്ള സ്വത്തുവകകളും മുക്കുപണ്ടങ്ങളും ഈടായി സ്വീകരിച്ച് ഭരണസമിതിയെ നിയന്ത്രിക്കുന്ന പാർട്ടികൾക്കു വേണ്ടപ്പെട്ടവർക്ക് കോടികളുടെ വായ്പ നൽകിയതാണു കരുവന്നൂരിനെ തകർത്തത്. കേരളത്തിലെ സഹകരണ ബാങ്കുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്. അതിനിടെ ഇഡി അന്വേഷണം അട്ടിമറിക്കാനും നീക്കം സജീവമാണ്.
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിനെതിരായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രതികരിച്ചതും ശ്രദ്ധേയമാണ്. ബാങ്കിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഇഡി ഉദ്യോഗസ്ഥരുടെ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ എറണാകുളം പിഎംഎൽഎ കോടതിയിൽ ഹർജി നൽകി. ഇതിന് പിന്നിലും സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമുണ്ട്. സിപിഎം നിയന്ത്രിക്കുന്ന ബാങ്കാണ് ഇതും.
കരുവന്നൂർ കേസ് അന്വേഷണവുമായി ഇഡിയുമായി പൂർണമായും തങ്ങൾ സഹകരിക്കുന്നുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സമയബന്ധിതമായി തന്നെ ഹാജരാക്കി. കേസിൽ പ്രതിചേർക്കപ്പെട്ട അരവിന്ദാക്ഷന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട് വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ ഒന്നിലേറെ തവണ ബാങ്കിനോട് ചോദിച്ച് വാങ്ങി. അതിന് പുറമേ പ്രത്യേകമായി മറ്റൊരു അവസരത്തിൽ ഒരു അക്കൗണ്ടിലെ വിവരങ്ങൾ ചോദിച്ചു വാങ്ങി-ഹർജിയിൽ പറയുന്നു.
ഇത് അരവിന്ദാക്ഷന്റെ മാതാവിന്റെതാണെന്ന് പ്രചരിപ്പിക്കും കോടതിയിൽ ഇഡി ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ ബാങ്കിനെതിരെ തെറ്റായ പ്രചരണത്തിന് ഇടയാക്കി. ഇഡി ഉദ്യോഗസ്ഥരുടെ മുന്നിൽ വസ്തുതകൾ മനസ്സിലാക്കാനുള്ള മുഴുവൻ രേഖകളും ഉണ്ട്. എന്നിട്ടും മനപ്പൂർവ്വമായാണ് തെറ്റായ വിവരം റിമാൻഡ് എക്സ്റ്റൻഷൻ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർ പ്രസ്താവിച്ചതെന്നും ബാങ്ക് ഹരജിയിൽ ആരോപിച്ചു. ഇതിനെ തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ വിളിച്ചുവരുത്തി. ബാങ്ക് നൽകിയ വിവരങ്ങൾ തെറ്റാണെന്ന് എഴുതി നൽകാൻ സെക്രട്ടറിയെ നിർബന്ധിച്ചു.
മാനസികമായി സെക്രട്ടറിയെ പീഡിപ്പിച്ചുവെന്നും ബാങ്ക് ഹർജിയിൽ കുറ്റപ്പെടുത്തി. ബാങ്ക് അധികൃതർ നൽകിയ വിവരത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് പ്രചരിപ്പിക്കാനാണ് ശ്രമം. ഇത് തങ്ങളുടെ നിക്ഷേപകരിൽ വലിയ പരിഭ്രാന്തി പരത്തിയെന്നും ബാങ്ക് പറയുന്നു. ഇഡി നടപടികൾക്കെതിരെയാണ് ക്രിമിനൽ നടപടി നിയമത്തിലെ ചട്ടങ്ങൾ പ്രകാരം ബാങ്ക് വിചാരണ കോടതിയെ സമീപിച്ചിട്ടുള്ളത്. കേരളത്തിലെ ക്ലാസ് 1 സൂപ്പർ ഗ്രേഡ് ബാങ്കുകളിൽ പ്രധാനപ്പെട്ട ബാങ്കാണ് പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക്.
പ്രധാന തട്ടിപ്പുകാരുടെയും അവർ ബാങ്കിനെ തട്ടിച്ച് സ്വന്തമാക്കിയ കോടികളുടെയും വിവരങ്ങൾ::
1. ബാങ്ക് മാനേജരായിരുന്ന ബിജു കരിം, റബ്‌കോ കമ്മീഷൻ ഏജന്റായ എ.കെ. ബിജോയ് എന്നിവർ തട്ടിച്ചത് 35.06 കോടി
2.ബാങ്കിന്റെ ഇടനിലക്കാരനായ പി.പി. കിരൺ തട്ടിച്ചത്- 51 വായ്പകളിൽ നിന്നായി 48.57 കോടി.
3. ബാങ്കിന്റെ അക്കൗണ്ടന്റായിരുന്ന സി.കെ. ജിൽസ് എട്ട് വായ്പകളിൽ നിന്നും തട്ടിച്ചത് -5.06 കോടി രൂപ.
4. ബാങ്കിന്റെ അംഗമായിരുന്ന വെങ്ങിണിശേരിയിലെ കെ.ബി. അനിൽ കുമാർ കുറികളിലൂടെയും ഓവർ ഡ്രാഫ്റ്റിലൂടെയും തട്ടിച്ചത്- 18.93 കോടി രൂപ.
5. സാധാരണ അംഗമായ കോടശ്ശേരിയിലെ പി.കെ. അബ്ദുൾ നാസർ എട്ടാളുടെ പേരിൽ എടുത്തത്- 7.97 കോടി.
6. സാധാരണ അംഗത്വമുള്ള ഗുരുവായൂർ സ്വദേശി വി എം. അബ്ദുൾ ഗഫൂർ-9.41 കോടി
7. സാധാരണ അംഗമായ കൊടുങ്ങല്ലൂരിലെ ഒ.ഐ. ഗോപാലകൃഷ്ണൻ 14 വായ്പകൾ വഴി- 9.86 കോടി.
8. കോടശ്ശേരിയിലെ കെ.കെ. പ്രദീപ് . പത്ത് പേരുടെ പേരിൽ- 8.37 കോടി.
9. തൊട്ടിപ്പാൾ സ്വദേശി സി.എം. രാജീവൻ 18 പേരുടെ പേരിൽ 11.07 കോടി.
10. മണലൂരിലെ കെ.ഡി. സുനിൽകുമാർ 10 രേഖകളുടെ ഈടിൽ- 5.01 കോടി.
11. ഇരിങ്ങാലക്കുട സ്വദേശി ആമിന പള്ളിപ്പറമ്പിൽ അഞ്ച് വായ്പകൾ- 4.3 കോടി.
12. തേലപ്പിള്ളിയിലെ പി.വി. രമേഷ് 12 വായ്പകൾ- 5.11 കോടി.
13. ചേലക്കോട്ടുകരയിലെ ഡേവി വർഗീസ് ഏഴ് രേഖകൾ -7.06 കോടി.
14. ചേർപ്പിലെ സ്വർണ്ണവ്യാപാരി അനിൽ സുഭാഷ് 47 ഇടപാടുകൾ- 8. 53 കോടി.
മറുനാടന് മലയാളി ബ്യൂറോ