കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രത്തിലുള്ളത് കള്ളപ്പണ ഇടപാടുകളുടെ വിശദാംശങ്ങൾ. കേസിൽ ഉന്നത ബന്ധത്തിലും അന്വേഷണം തുടരുകയാണെന്നാണ് ഇഡി കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കേരള പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. കേസ് അന്വേഷണത്തിനിടെ ഇതുവരെയായി 87.75 കോടിയുടെ സ്വത്ത് ആണ് ഇഡി കണ്ടുകെട്ടിയത്. പൊലീസ് കണ്ടെത്താത്ത പലതും ഇഡി കണ്ടെത്തിയെന്നതാണ് നിർണ്ണായകം.

50 പ്രതികളെ ഉൾപ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. 12,000 പേജുള്ള കുറ്റപത്രം കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിക്കുക. കരുവന്നൂർ ബാങ്കിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി കുറ്റപത്രം. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം. 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി എന്നാണ് ഇഡി വ്യക്തമാക്കന്നത്. രണ്ടാം ഘട്ട കുറ്റപത്രത്തിൽ വമ്പൻ സ്രാവുകൾ പ്രതിയാകും. ഇപ്പോൾ പ്രതികളായവർക്ക് ജാമ്യം കിട്ടാതിരിക്കാനാണ് ഈ കുറ്റപത്രം നൽകുന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റൃത്യത്തിൽ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പി പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റെ സി കെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഇഡി സമർപ്പിക്കാനൊരുങ്ങുന്നത്.

തട്ടിപ്പിന്റെ പിന്നിലെ സൂത്രധാരർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നുമാണ് ഇഡി കണ്ടെത്തൽ. കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കുന്ന വെളിപ്പെടുത്തുകൾ പുറത്തുവന്നിരുന്നു. കരുവന്നൂർ ബാങ്കിലെ വായ്പ നിയന്ത്രിച്ചത് സിപിഎം ആണെന്നാണ് ഇ ഡി പറയുന്നത്. സിപിഎം പാർലമെന്ററി സമിതി ആണ് വായ്പ അനുവദിച്ചത്. ബനാമി അടക്കം അനധികൃത ലോണുകൾക്ക് പാർട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ.

സ്വത്ത് കണ്ട് കെട്ടിയ റിപ്പോർട്ടിൽ ആണ് ഇ ഡിയുടെ ഈ വെളിപ്പെടുത്തൽ. മുൻ മാനേജർ ബിജു കരീം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജു കരീമിനെ കൂടാതെ സെക്രട്ടറി സുനിൽ കുമാറും ഇ ഡിക്ക് ഇതേ മൊഴിയാണ് നൽകിയത്. ഉന്നത സിപിഎം നേതാക്കളുടെ അറിവോടെയാണ് ലോണുകൾ അനുവദിച്ചതെന്നുമാണ് വെളിപ്പെടുത്തിയത്.

കരുവന്നുർ സഹകരണബാങ്കിൽ നടന്നത് വെറുമൊരു നിക്ഷേപത്തിട്ടപ്പ് മാത്രമല്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന പല അതിനിർണ്ണായക പ്രശ്‌നങ്ങളും ഉൾപ്പെടുമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കിട്ടിയ പ്രാഥമിക വിവരങ്ങൾ. തീവ്രവാദ പണമൊഴുക്കലും കള്ളപ്പണം വെളുപ്പിക്കലും സഹകരബാങ്കുകളിലൂടെയോ എന്ന സംശയമാണ് ഇതോടൊപ്പം ഉയരുന്നത്. നോട്ട് നിരോധനമുണ്ടായ നവംബർ ആദ്യം കരുവന്നൂർ ബാങ്കിൽ കോടികളുടെ നിക്ഷേപം എത്തിയതാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്. അല്ലാതെ നിക്ഷേപത്തട്ടിപ്പനിക്കെുറിച്ചൊക്കെ ഒക്കെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

നോട്ട് നിരോധന സമയത്ത് കരുവന്നൂർ ബാങ്കിലേക്കെത്തിയ നിക്ഷേപത്തിന്റെ വിവരങ്ങൾ തേടിയാണ് ഇ ഡി ചേർപ്പിലെ സ്വർണവ്യാപാരി അനിൽ സേഠിന്റെയും കോലഴിയിലെ സതീശൻ വെളപ്പായയുടെയും വീടുകളിലെത്തിയത്. വൻ തോതിൽ എത്തിയ നിക്ഷേപത്തിൽ നിരോധിച്ച നോട്ടുകളും മാറ്റിയെടുത്തെന്ന സൂചന ഇഡിക്ക് കിട്ടിട്ടുണ്ട്. ബാങ്കിൽ 2015-16 സാമ്പത്തിക വർഷം 405.51 കോടി നിക്ഷേപമുണ്ടായിരുന്നത് 2016-17-ൽ 501 കോടിയായി. 96 കോടിയാണ് ഒറ്റ വർഷത്തിൽ കൂടിയത്. നോട്ട് നിരോധനമുണ്ടായ നവംബർ ആദ്യം നിക്ഷേപം കുമിഞ്ഞുകൂടുകയായിരുന്നു. 2017-18-ൽ നിക്ഷേപം 405 കോടിയായി ഇടിഞ്ഞു.

ഇതിനടുത്ത വർഷം 340 കോടിയായും നിക്ഷേപം കുറഞ്ഞു. 300 കോടിയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തി കേസെടുത്ത 2021-ൽ നിക്ഷേപം 301 കോടിയായിരുന്നു. അഞ്ച് വർഷത്തിൽ 200 കോടിയാണ് പിൻവലിച്ചത്. ഇത്ര ചെറിയ കാലത്ത് വൻതോതിൽ നിക്ഷേപം പിൻവലിച്ചതിന് പിന്നിൽ ബാങ്ക് പ്രതിസന്ധി അറിയുന്നവരുടെ ഇടപെടലുള്ളതായും അവർ വേണ്ടപ്പെട്ടവരെ സഹായിച്ചുവെന്നും ഇ ഡി കരുതുന്നു. ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ നേരത്തെ സഹകരണ ബാങ്കുകളിലുടെ വൻ തുക വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന സംശയവും ഇ ഡിക്ക് മുന്നിലുണ്ട്. ഇതെല്ലാം ആദ്യ ഘട്ട കുറ്റപത്രത്തിൽ പ്രതിഫലിക്കുമോ എന്നതും ചോദ്യമായി ഉയരുന്നുണ്ട്.