- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിന്‍ഡര്‍ ഡേറ്റിങ് ആപ്പില്‍ ആണ്‍കുട്ടി അംഗമായത് 23കാരന്റെ സഹായത്തോടെ; പീഡനത്തിന് ഇരയായത് 14 വയസു മുതല്‍; കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൊണ്ടുപോയും പീഡിപ്പിച്ചു; കുട്ടിയുടെ മൊഴിയോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ഡേറ്റിങ് ആപ്പുകളില്‍ ചതിക്കുഴികള്‍ കരുതിയിരിക്കണമെന്ന് പോലീസ്
ടിന്‍ഡര്‍ ഡേറ്റിങ് ആപ്പില്‍ ആണ്‍കുട്ടി അംഗമായത് 23കാരന്റെ സഹായത്തോടെ
കാസര്‍കോട്: കാസര്‍കോട് തൃക്കരിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ട് പീഡിപ്പിച്ച സംഭവത്തിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എങ്ങും ഞെട്ടല്‍. 14 വയസു പ്രായമുള്ളപ്പോള്‍ മുതല്‍ ആണ്‍കുട്ടി പീഡനത്തിന് ഇരയായി എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൊണ്ടുപോയും കുട്ടിയെ പീഡിപ്പിച്ചു.
ഇത് സംബന്ധിച്ച് കുട്ടിയുടെ മൊഴിയും മറ്റു ശാസ്ത്രീയതെളിവുകളും ഉപയോഗിച്ചാണ് പ്രതികളിലേക്ക് എത്തിയതും അറസ്റ്റ് ചെയ്തതും. കുട്ടിയുടെ മൊഴിയിലെ വിവരങ്ങള്‍ കേട്ട ഞെട്ടലിലാണ് പോലീസും. കാസര്‍കോട് സംഭവത്തോടെ ഡേറ്റിങ് ആപ്പുകള്‍ കേന്ദ്രീകരിച്ചുള്ള മറ്റു ഇടപാടുകളെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ആപ്പുകള്‍ നിരീക്ഷിക്കാനും പോലീസ് ഒരുങ്ങുകയാണ്.
ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഐടി വകുപ്പുള്‍പ്പെടെ കേസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന നടക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആള്‍ സ്വവര്‍ഗാനുരാഗികള്‍ക്കുള്ള ഡേറ്റിങ് ആപ്പില്‍ അക്കൗണ്ട് തുറന്നതെങ്ങനെയെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ 23-കാരന്റെ സഹായത്താലാണ് ആപ്പില്‍ കയറിയതെന്നാണ് പോലീസിന്റെ നിഗമനം.
പ്രായപൂര്‍ത്തിയായെന്ന സ്വയം സമ്മതം അറിയിച്ചാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിച്ചത്. പ്രതികള്‍ തമ്മില്‍ പരസ്പരം ബന്ധമുള്ളവരല്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കെവൈസി പോലുള്ള രേഖകള്‍ ആവശ്യപ്പെട്ടാലാണ് ഒരാള്‍ പ്രായപൂര്‍ത്തിയായോ ഇല്ലയോ എന്ന് തെളിയിക്കാന്‍ കഴിയുകയുള്ളൂ. അല്ലാത്തിടത്തോളം ഉപയോക്താവ് നല്‍കുന്ന വിവരങ്ങളാണ് വാസ്തവമെന്ന് തെറ്റിദ്ധരിക്കപ്പെടും. ഇത്തരം പഴുതുകളാണ് പലരും ഉപയോഗപ്പെടുത്തുന്നത്. ഇവിടെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ആപ്ലിക്കേഷനകത്തേക്ക് കടക്കാന്‍ സാധിച്ചത് അതുകൊണ്ടാണ്.
ഡേറ്റിങ് ആപ്പ് അടക്കം എല്ലാ ആപ്ലിക്കേഷനും ഉപയോഗിക്കുമ്പോള്‍ പരസ്പരം ചാറ്റ് ചെയ്യാന്‍ കഴിയുന്നുണ്ട്. ഇങ്ങനെയാണ് ആളുകള്‍ തമ്മില്‍ ബന്ധപ്പെടുന്നത്. നിരന്തരമായ ചാറ്റുകള്‍ക്കൊടുവിലാണ് ആളുകള്‍ അപ്പുറത്തുള്ളയാളെ ലക്ഷ്യമിടുന്നത്. ആഴത്തില്‍ ബന്ധം സ്ഥാപിച്ചശേഷം ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ആപ്പുകളെ നിരോധിക്കുന്നതടക്കമുള്ള സംവിധാനങ്ങളുണ്ട്. അത്തരത്തിലുള്ള നടപടികളൊക്കെയും നയപരമായ കാര്യങ്ങളാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
എല്ലാത്തിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുമ്പോഴും പഠനാവശ്യങ്ങള്‍ക്കോ മറ്റേതെങ്കിലും കാര്യത്തിനോ കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധ അത്യാവശ്യമാണ്. ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ നല്ലതും ചീത്തയും ഏതെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. കുട്ടികള്‍ അധികസമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് രക്ഷിതാക്കള്‍ നിരന്തരം ശ്രദ്ധിക്കേണ്ടതുണ്ട്.
ഏത് ആപ്ലിക്കേഷനിലും പ്രൊഫൈലുകള്‍ സ്വകാര്യമായി ലോക്ക് ചെയ്ത് സൂക്ഷിക്കണം. മറ്റൊരാള്‍ പ്രൊഫൈല്‍ പരിശോധിക്കാനിടവന്നാല്‍ ഫോട്ടോകളും വീഡിയോകളും പുറത്തേക്ക് പോകുമെന്നും അതുവഴിയുള്ള ചൂഷണങ്ങള്‍ക്കും സാധ്യതയുണ്ടെന്നും എഐ കാലത്ത് മോര്‍ഫിങ് ഉള്‍പ്പെടെ വേഗത്തില്‍ നടക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഇക്കാര്യത്തില്‍ ബോധവത്കരണം അത്യാവശ്യമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ആകെ 16 പ്രതികള്‍, പിടിയിലാകാനുള്ളത് 4 പേര്‍
കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി. പയ്യന്നൂര്‍ കോറോം നോര്‍ത്തിലെ സി.ഗിരീഷ് (47), കോഴിക്കോട് പേരാമ്പ്ര സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ പ്രജീഷ് (ആല്‍ബിന്‍- 40), കോഴിക്കോട് മാങ്കാവ് കിണാശ്ശേരി റഷീദ് നിവാസില്‍ അബ്ദുല്‍ മനാഫ് (37) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന ഗിരീഷ് പയ്യന്നൂരിലെ വീട്ടിലെത്തിച്ചാണു കുട്ടിയെ പീഡിപ്പിച്ചത്. െ
പരുമ്പയിലെ കണ്ണടക്കടയില്‍ മാനേജരായ ആല്‍ബിന്‍ പയ്യന്നൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചാണ് ഉപദ്രവിച്ചത്. അബ്ദുല്‍ മനാഫ് കോഴിക്കോട്ടെ 2 ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചു. ബേക്കല്‍ എഇഒ വി.കെ.സൈനുദ്ദീന്‍, റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരന്‍ ചിത്രരാജ് എന്നിവരുള്‍പ്പെടെ 9 പേരെ കഴിഞ്ഞദിവസം പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ചിത്രരാജ് ആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് എന്നായിരുന്നു ആദ്യവിവരം. എന്നാല്‍, ഇതു ശരിയല്ലെന്നു റെയില്‍വേ അറിയിച്ചു. ആര്‍പിഎഫ് മുന്‍ ഉദ്യോഗസ്ഥനായ ഇയാളെ, അപകടത്തില്‍ സാരമായ പരുക്കേറ്റതിനെത്തുടര്‍ന്നു ക്ലറിക്കല്‍ വിഭാഗത്തിലേക്കു മാറ്റിയിരുന്നു.
ആകെ 16 പ്രതികളുള്ള കേസില്‍ 12 പേര്‍ ഇതുവരെ പിടിയിലായി. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ സിറാജ് (46) ഉള്‍പ്പെടെ 4 പേര്‍ ഒളിവിലാണ്. അതേസമയം, പീഡനം നടന്ന സ്ഥലങ്ങളില്‍ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ചെറുവത്തൂരിലെ ലോഡ്ജില്‍ പരിശോധന നടത്തി.
അതേസമയം സംഭവത്തിലെ ശേഷിക്കുന്ന പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി പൊലീസ് സംഘം. വീടുകളും ലോഡ്ജ് മുറികളും കേന്ദ്രീകരിച്ചാണ് ജില്ലയില്‍ പീഡനം നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിനു സൗകര്യം ഒരുക്കി നല്‍കിയവരുണ്ട്. ഇവരെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. ചില ലോഡ്ജുകളില്‍ ഇതിനു മാത്രമായി സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്.
ജില്ലയില്‍ 4 പൊലീസ് സ്റ്റേഷനുകളിലായി 10 കേസുകളുണ്ട്. ഇതില്‍ 9 കേസുകളിലെയും പ്രതികള്‍ അറസ്റ്റിലും റിമാന്‍ഡിലുമായി. ശേഷിക്കുന്നത് മുസ്ലിം ലീഗ് നേതാവായ സിറാജ് വടക്കുമ്പാടാണ് (45). സിറാജിനു വേണ്ടി പൊലിസ് തിരച്ചില്‍ തുടരുന്നുണ്ട്. കര്‍ണാടക ഭാഗത്തുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ച സൂചന.