കാസര്‍കോഡ്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഗഫൂര്‍ ഹാജിയുടെ കൊലപാതകമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. 2023 ഏപ്രില്‍ 14-ന് പുലര്‍ച്ചെ ഗഫൂര്‍ ഹാജിയുടെ മരണ വാര്‍ത്ത കേട്ടാണ് നാടുണര്‍ന്നത്. ഹൃദയാഘാതമെന്ന് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും കരുതി. എന്നാല്‍, വീട്ടില്‍ നിന്ന് സ്വര്‍ണം കാണാതായെന്ന വിവരം പുറത്തുവന്നതോടെ കളി മാറി. പൊലീസ് ഉണര്‍ന്നു. ഒന്നരവര്‍ഷത്തിനിപ്പുറം പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്‌മയിലെ എം സി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞപ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു. സംഭവത്തിലെ പ്രതികളായ ജിന്നുമ്മയും കൂട്ടരും അടിച്ചെടുത്തത് 596 പവന്‍ സ്വര്‍ണമാണ്. എന്നാല്‍, ഈ സ്വര്‍ണമെല്ലാം ഗഫൂര്‍ ഹാജിയുടേത് ആയിരുന്നോ?

ആഭിചാര ക്രിയയ്ക്ക് ഉപയോഗിച്ചത് സ്വന്തം സ്വര്‍ണം മാത്രമല്ല

ഷാര്‍ജയില്‍ ഒട്ടേറെ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഉടമയായ ഗഫൂര്‍ ഹാജി സ്വന്തം സ്വര്‍ണം മാത്രമല്ല, ആഭിചാരക്രിയയ്ക്കായി തട്ടില്‍ വച്ചത്. സ്വന്തമായുള്ളതും പലരില്‍ നിന്ന് വാങ്ങിയതുമായ 596 പവന്‍ കാണാനില്ലെന്നാണ് വീട്ടുകാര്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, അഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കയച്ച പരാതിയില്‍ പറഞ്ഞിരുന്നത്. മരിക്കുന്നതിന് രണ്ടുദിവസം മുന്‍പുവരെ ഇദ്ദേഹം പലരില്‍ നിന്നായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. സ്വര്‍ണം കടമായി വാങ്ങിയെന്ന് ചില ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ പോലും അറിയുന്നത്. സന്നന്നായ ഗഫൂര്‍ ഹാജി എന്തിനാണ് ഇത്രയും സ്വര്‍ണം ശേഖരിച്ചതെന്ന ചോദ്യവും ഉയര്‍ന്നു.

മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ഗഫൂര്‍ ഹാജി തന്നോട് 50 പവന്‍ ചോദിച്ചെന്നും 19 പവന്‍ ആഭരണങ്ങള്‍ മാത്രമേ കൊടുക്കാന്‍ കഴിഞ്ഞുള്ളുവെന്നും അടുത്ത ബന്ധു പറഞ്ഞിരുന്നു. 12 പവന്‍ വാങ്ങിയെന്ന് മറ്റൊരാളും. ഒരു സുഹൃത്ത് 50 പവന്‍ പണയംവെച്ചിരുന്നുവെന്നും പെട്ടെന്ന് അത് എടുക്കേണ്ട ആവശ്യം വന്നതിനാലാണ് കടം ചോദിക്കുന്നതെന്നും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ തിരികെ തരാമെന്നും പറഞ്ഞാണ് ഗഫൂര്‍ ഹാജി സ്വര്‍ണം വാങ്ങിച്ചതെന്നും ബന്ധു വിശദീകരിച്ചു. സ്വര്‍ണം കൊടുത്തവരെല്ലാം ഇതുപോലെയാണ്് പോലീസിനു മൊഴിനല്‍കിയത്.

സ്വര്‍ണമിരട്ടിപ്പ് തന്ത്രത്തില്‍ വീണുപോയി

അബ്ദുള്‍ ഗഫൂറിന്റെ കൊലപാതകത്തില്‍, മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം തിരിച്ച് നല്‍കേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം. 596 പവന്‍ സ്വര്‍ണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.

ഗഫൂര്‍ ഹാജിയെ കൊന്നത് എങ്ങനെ?

ഗഫൂര്‍ ഹാജിയുടെ മരണസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ആഭിചാരക്രിയകളുടെ പേരില്‍ സ്വര്‍ണം കൈക്കലാക്കിയ സംഘം ഗഫൂര്‍ ഹാജിയെ തലയില്‍ പ്രത്യേകവസ്ത്രം ധരിപ്പിച്ചശേഷം തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മന്ത്രവാദത്തിലൂടെ സ്വര്‍ണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ ഗഫൂര്‍ ഹാജിയെ സമീപിച്ചതെന്നാണ് നിഗമനം. പിന്നാലെ സ്വര്‍ണം കൈക്കലാക്കി.

ഏപ്രില്‍ 13-ന് അര്‍ധരാത്രിയാണ് ഗഫൂര്‍ ഹാജിയുടെ മരണം നടന്നതെന്നായിരുന്നു പോലീസിന്റെ നിഗമനം. അന്ന് വൈകീട്ടുവരെ വീട്ടില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ഷെരീഫയും മകളും മരുമകളും ഒപ്പമുണ്ടായിരുന്നു. മരുമകള്‍ അവരുടെ വീട്ടിലേക്കും ഭാര്യയും മകളും മേല്‍പ്പറമ്പിലെ ബന്ധുവീട്ടിലേക്കും പോയി. റംസാന്‍ മാസമായതിനാല്‍ നോമ്പുതുറയ്ക്ക് വരില്ലെന്നും പുലര്‍ച്ചെ അത്താഴത്തിന് മേല്‍പ്പറമ്പിലെ വീട്ടിലെത്താമെന്നുമാണ് ഭാര്യയോടു പറഞ്ഞത്. പറഞ്ഞ സമയത്ത് കാണാതായപ്പോള്‍ ഷെരീഫ ഫോണില്‍ വിളിച്ചു. ഫോണ്‍ എടുക്കുന്നില്ല. തുടര്‍ന്ന് ഗഫൂര്‍ ഹാജിയുടെ സഹോദരപുത്രന്‍ ബദറുദ്ദീനെ ഫോണില്‍ വിളിച്ചുപറഞ്ഞു. ഏപ്രില്‍ 14-ന് പുലര്‍ച്ചെ നാലേമുക്കാലോടെ ബദറുദ്ദീന്‍ വീട്ടിലെത്തി. വാതില്‍ അടച്ചിരുന്നു. എന്നാല്‍ പൂട്ടിയിരുന്നില്ല. കിടപ്പുമുറിയില്‍ മലര്‍ന്നുകിടക്കുന്ന ഗഫൂര്‍ ഹാജിയെ വിളിച്ചെങ്കിലും ഉണര്‍ന്നില്ല.

ബദറുദ്ദീന്‍ ഉടന്‍ ആളുകളെ വിളിച്ചുവരുത്തുകയായിരുന്നു. അതിനിടെ ഭാര്യയും മറ്റു ബന്ധുക്കളുമെല്ലാമെത്തി. സാധാരണ കിടക്കാറുള്ള കിടപ്പുമുറിയിലല്ല മരിച്ചുകിടന്നതെന്നും മുഖത്ത് നീലനിറം ഉണ്ടായിരുന്നെന്നും ആദ്യം മൃതദേഹം കണ്ടവരെല്ലാം പറഞ്ഞിരുന്നു. എങ്കിലും സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി. മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. സ്വര്‍ണം നഷ്ടപ്പെട്ടതായി അറിഞ്ഞതോടെ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തെളിവുകള്‍ മാഞ്ഞുപോയില്ല

ജിന്നുമ്മയെക്കുറിച്ച് ഗഫൂര്‍ ഹാജിയുടെ കുടുംബം നല്‍കിയ പരാതിയില്‍ നേരത്തെ സൂചിപ്പിച്ചിരുന്നതിനാല്‍ ഇവരെ കേന്ദ്രീകരിച്ചായിരുന്നു വിശദമായ അന്വേഷണം നടന്നത്. എന്നാല്‍, പോലീസ് ചോദ്യംചെയ്യലിന്റെ പേരില്‍ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രതികള്‍ രംഗത്തെത്തി. അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം. പക്ഷേ, വീഡിയോ റെക്കോഡിങ് അടക്കം സജ്ജമാക്കിയാണ് കേസിലെ ചോദ്യംചെയ്യല്‍ നടക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ജിന്നുമ്മയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുക നിക്ഷേപം വന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇവരുടെ സഹായികളില്‍ ചിലര്‍ ഒറ്റദിവസംകൊണ്ട് ലക്ഷങ്ങള്‍ അടച്ച് വാഹനവായ്പ തീര്‍ത്തതും മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. മരിച്ച ഗഫൂര്‍ ഹാജിയും മന്ത്രവാദിനിയും തമ്മില്‍ കൈമാറിയ വാട്‌സാപ്പ് സന്ദേശങ്ങളും പോലീസ് വീണ്ടെടുത്തിരുന്നു.

ഗഫൂറില്‍നിന്നും മന്ത്രവാദിനിയായ യുവതി 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതെല്ലാം കേസില്‍ ജിന്നുമ്മയുടെ പങ്കു തെളിയിക്കുന്നതാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമയി ഗഫൂറിന്റെ കുടുംബാംഗങ്ങളും കര്‍മസമിതിയും നാട്ടുകാരും ഉള്‍പ്പെടെ 40-ഓളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ഗഫൂര്‍ ഹാജിയില്‍നിന്ന് കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങളില്‍ മിക്കതും പ്രതികള്‍ വിറ്റഴിച്ചെന്നാണ് കണ്ടെത്തല്‍. ഇത് വീണ്ടെടുക്കാനാണ് പോലീസിന്റെ ശ്രമം. കാസര്‍കോട്ടെ ജൂവലറികളിലടക്കം പ്രതികള്‍ ഇത് വിറ്റു. അന്വേഷണം അവസാനഘട്ടത്തിലെത്തിയ വേളയില്‍ മന്ത്രവാദിനിയായ ജിന്നുമ്മ കണ്ണൂരിലേക്ക് താമസം മാറുകയുംചെയ്തു.

2023 എപ്രില്‍ 27-ന് ഖബറിടത്തില്‍ നിന്നും ഗഫൂര്‍ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടവും നടത്തി. തലയ്ക്ക് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു പിതാവിന്റെ മരണത്തിലും ആഭരണങ്ങള്‍ കാണാതായതിന് പിന്നിലും ആഭിചാരക്രിയ നടത്തുന്ന ജിന്നുമ്മയെയും ഇവരുടെ രണ്ടാം ഭര്‍ത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂറിന്റെ മകന്‍ ബേക്കല്‍ പോലീസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചത്.