കോട്ടയം: ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് യുവാവിന്റെ 18.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. വാകത്താനം കാടമുറി സ്വദേശിയുടെ പരാതിയില്‍ കണ്ണൂര്‍ കീഴൂര്‍ പുന്നാട് മീതലെ ശ്രീരാഗം വീട്ടില്‍ എ.കെ.പ്രദീഷിനെ (42) യാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെയ്‌സ്ബുക്കിലൂടെയാണ് പ്രദീഷുമായി വാകത്താനം സ്വദേശിയായ യുവാവ് സൗഹൃദം സ്ഥാപിക്കുന്നത്. സൗഹൃദം മുതലെടുത്ത പ്രദീഷ് ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാല്‍ വന്‍ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് കളം ഒരുക്കിയത്. പ്രദീഷിന്റെ കെണിയില്‍ വീണ യുവാവ് ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ പണം തട്ടിയെന്നാണു കേസ്. ഇരുവരും പരിചയപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുവാവ് 18 ലക്ഷത്തോളം രൂപ നിക്ഷേപിച്ചു. പണം തിരികെ ലഭിക്കുന്നതിനു 14 ലക്ഷം രൂപ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണു യുവാവിന് ഇത് തട്ടിപ്പാണെന്ന് മനസ്സിലായതും പരാതി നല്‍കിയതും.

അന്വേഷണത്തില്‍, തട്ടിയെടുത്ത പണം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ബാങ്കുകള്‍ വഴി പ്രദീഷ് പിന്‍വലിച്ചതായി കണ്ടെത്തി. ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരില്‍ പതിനഞ്ചോളം അക്കൗണ്ടുകള്‍ പ്രതി തുടങ്ങിയെന്നും കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി കെ.വിശ്വനാഥന്‍, വാകത്താനം എസ്എച്ച്ഒ സി.കെ.മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രദീഷിനെ അറസ്റ്റ് ചെയ്തത്.