തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസ്സന്‍കുട്ടിക്ക് 67വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. 1220000 പിഴയും വിധിച്ചു. 2024 ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (പോക്‌സോ) വിധി പ്രസ്താവിച്ചത്.

തിരുവനന്തപുരം ചാക്കക്ക് സമീപം അച്ചനമ്മമാര്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഹൈദരബാദ് സ്വദേശിയായ നാടോടി പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരം ഇടവ സ്വദേശി ഹസ്സന്‍കുട്ടിയെ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നേരത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ആറ്റിങ്ങല്‍ ഇടവ സ്വദേശിയായ പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

2024 ഫെബ്രുവരി 19-നാണ് കേസിനാസ്പദമായ സംഭവം. നാടോടികളായ ഹൈദരാബാദ് സ്വദേശികളുടെ മകളായ രണ്ടു വയസുകാരിയെയാണ് ബ്രഹ്‌മോസിന്റെ സമീപത്തുള്ള ടെന്റില്‍ നിന്ന് കാണാതായത്. രാത്രി അച്ഛനമ്മമാര്‍ക്കൊപ്പം ടെന്റില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബ്രഹ്‌മോസ് കേന്ദ്രത്തിനു പുറകിലുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനുശേഷം പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉടന്‍തന്നെ പേട്ട പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. എന്നാല്‍, പിറ്റേദിവസം വൈകുന്നേരം ബ്രഹ്‌മോസ് കേന്ദ്രത്തിന്റെ മതിലിനോട് ചേര്‍ന്ന കാടുപിടിച്ച സ്ഥലത്തുനിന്ന് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പ്രതിയുടെ വസ്ത്രത്തില്‍നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.