- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ ശ്രമം; മോഷ്ടിച്ച കാറിലെത്തിയ യുവാവ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു; നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തതോടെയാണ് യുവാവിന് കുട്ടിയുമായി ബന്ധമില്ലെന്ന് മനസ്സിലായി; പ്രതിയെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു നാട്ടുകാര്‍
കോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ ശ്രമം
കോഴിക്കോട്: പയ്യനാക്കലില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലാണ്. കാറില്‍ എത്തിയ യുവാവ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട നാട്ടുകാര്‍ എന്തിനാണ് കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടത് എന്ന് ചോദിക്കുകയും കുട്ടിയെ ഒരിടം വരെ കൊണ്ടുപോകാനാണെന്ന് ഇയാള്‍ മറുപടി പറയുകയും ചെയ്തു.
സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തതോടെയാണ് യുവാവിന് കുട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലായത്. താന്‍ കാസര്‍കോട് സ്വദേശിയാണ്, കുട്ടിയെ വീട്ടിലിറക്കാനാണ് വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടത് എന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ നാട്ടുകാര്‍ കാറിന്റെ താക്കോല്‍ ഊരി മാറ്റി ഇയാളെ തടഞ്ഞ് വച്ചു. യുവാവിന് നാട്ടുകാരില്‍ നിന്ന് മര്‍ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാസര്‍ഗോഡ് സ്വദേശി സിനാന്‍ അലി യൂസുഫ് ( 33)ാണ് പിടിയിലായത്.
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഒരു കാറില്‍ താക്കോലുണ്ടായിരുന്നു, ഈ കാര്‍ മോഷ്ടിച്ച് കൊണ്ടുവന്നായിരുന്നു യുവാവ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. നിലവില്‍ പരിക്കേറ്റ യുവാവിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍ കൂടുന്നതായി ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് രജിസ്റ്റര്‍ ചെയ്തത് 1,084 കേസുകളാണ്. 2020 മുതല്‍ ഈ വര്‍ഷം വരേയുള്ള കണക്കുകളാണിത്. ഈ വര്‍ഷം ഏപ്രില്‍ വരെ 50 കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജില്ലയില്‍ ആറ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
18 വയസിനു താഴെ പ്രായമുള്ളവരുടെ കണക്കാണിത്. അതേ സമയം തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍ കൂടുമ്പോഴും ഭൂരിഭാഗം കുട്ടികളേയും പൊലീസ് കണ്ടെത്തുന്നുണ്ട്. മാനസിക സംഘര്‍ഷം മൂലം വീടുവിട്ടിറങ്ങുന്നവരാണ് കൂടുതല്‍ പേരും. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കടന്നു കളയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഭിക്ഷാടന മാഫിയ, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഇതര സംസ്ഥാനക്കാര്‍ എന്നിവരാണ് തട്ടി കൊണ്ടു പോകുന്നതിനു പിന്നില്‍.
കുട്ടികള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണുള്ളത്. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2020 മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ സംസ്ഥാനത്ത് 26,870 കേസുകളാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയില്‍ 1,771 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ റൂറല്‍ ജില്ലയിലാണ് കൂടുതല്‍ കേസുകള്‍. 895 എണ്ണം. ജില്ലയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 84 കേസുകളും സിറ്റി പരിധിയിലാണ്.
ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 1,551 പോക്സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ കൂടുമ്പോഴും അവരുടെ സംരക്ഷണത്തിനായി രൂപീകരിച്ച ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ പരാജയമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേ സമയം കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പുറത്തുവരുന്നത് ആശ്വാസകരവുമാണ്.