- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വൃക്ക തകാറിലായ യുവാവിന് ആദ്യം നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടു; 'ഡോണറെ' നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആറുലക്ഷം രൂപ തട്ടിയെടുത്തു; രോഗിയില്‍നിന്ന് കവര്‍ന്നത് ആറുലക്ഷം രൂപ; വൃക്ക വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ കേരളത്തില്‍ പലയിടത്തുമെന്ന് പോലീസ്
വൃക്ക തകാറിലായ യുവാവിന് ആദ്യം നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടു; 'ഡോണറെ' നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആറുലക്ഷം രൂപ തട്ടിയെടുത്തു
ഇരിട്ടി: തട്ടിപ്പുകള്‍ അരങ്ങുവാഴുന്ന കേരളത്തില്‍ നിന്നും മറ്റൊരു സാമ്പത്തിക തട്ടിപ്പിന്റെ വാര്‍ത്തകളും പുറത്ത്. വൃക്ക വാഗ്ദാനംചെയ്ത് രോഗിയില്‍നിന്ന് ആറുലക്ഷം രൂപ തട്ടിയതായാണ് പരാതി. പട്ടാന്നൂര്‍ സ്വദേശി ഷാനിഫ് (30) ആണ് തട്ടിപ്പിന് ഇരയായത്. വൃക്കരോഗിയായ ഷാനിഫിന് 'ഡോണറെ' നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആറുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ആറളം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വീര്‍പാട് സ്വദേശി നൗഫല്‍ എന്ന സത്താര്‍, നിബിന്‍ എന്ന അപ്പു, ഗഫൂര്‍ എന്നിവര്‍ക്ക് എതിരെയാണ് പരാതി.
2024 ഡിസംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് തട്ടിപ്പ്. മൂന്നുലക്ഷം രൂപ പണമായും ബാക്കി മൂന്നുലക്ഷം രൂപ ബാങ്കു വഴിയുമാണ് നല്‍കിയതെന്ന് പറയുന്നു. കൂട്ടുപ്രതി നിബിനെ ഡോണറായി പരിചയപെടുത്തിയായിരുന്നു തട്ടിപ്പ്. തട്ടിപ്പ് ആസൂത്രണം ചെയ്ത മുഖ്യ പ്രതി നൗഫല്‍ ഒളിവിലാണ്. ആറളം പോലീസ് എസ്‌ഐ കെ. ഷുഹൈബിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തില്‍ പല ഭാഗങ്ങളിലും നൗഫല്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആരും പരാതിയുമായി മുന്നോട്ട് വരാത്തതാണ് ഇത്തരം തട്ടിപ്പുകാര്‍ തഴച്ചുവളരാന്‍ കാരണം. വൃക്ക തകാറിലായ ഷാനിഫിന് ആദ്യം നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഉമ്മയുടെ വൃക്കയായിരുന്നു നല്‍കിയത്. വീണ്ടും അസുഖം പിടിപെട്ടതോടെ നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാസഹായ നിധി രൂപവത്കരിച്ച് പണം പിരിച്ചുനല്‍കിയത്. ഈ പണമാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്.
ചികിത്സാസഹായ കമ്മിറ്റിയെയും തട്ടിപ്പുകാരന്‍ ബന്ധപ്പെട്ടിരുന്നു. ഇവരെയും പറഞ്ഞുവിശ്വസിപ്പിച്ചശേഷമാണ് കമ്മറ്റി ഭാരവാഹികളില്‍നിന്നും മൂന്നുലക്ഷം രൂപ കൈപ്പറ്റിയത്. പണം മുഴുവന്‍ നഷ്ടമായതോടെ അസുഖം കൊണ്ട് വലയുന്ന ഷാനിഫിന് ഒരു വര്‍ഷത്തോളമായി ചികിത്സ ലഭിക്കാതെയായി.