കൊച്ചി: നഗരത്തിൽ രാത്രികാലങ്ങളിൽ അനധികൃത കാർ റെയ്സിംഗിന് ഉപയോഗിച്ച രൂപമാറ്റം വരുത്തിയ മൂന്ന് ആഡംബര കാറുകൾ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതിക്ക് സമീപം കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന് മുന്നിൽ വെച്ച് ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് വാഹനങ്ങൾ പിടികൂടിയത്. കാതടിപ്പിക്കുന്ന ശബ്ദമുണ്ടാക്കി മത്സരയോട്ടം നടത്തുന്നതിനെതിരെ റസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് പോലീസ് നടപടി.

പോലീസ് നിരീക്ഷണത്തിനിടെ ആദ്യം കസ്റ്റഡിയിലെടുത്തത് ഹോണ്ട സിവിക്, ഹോണ്ട അക്കോർഡ് എന്നീ രണ്ട് കാറുകളാണ്. ഇവയുടെ സൈലൻസറുകൾ മത്സരയോട്ടത്തിനായി രൂപമാറ്റം വരുത്തുകയും, സ്റ്റിക്കറുകൾ പതിച്ച് നിറം മാറ്റുകയും ചെയ്തിരുന്നു. ഈ വാഹനങ്ങൾ സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ, കാസർകോട് സ്വദേശിയായ ഒരാൾ സ്വിഫ്റ്റ് കാറുമായി ഇവർക്കൊപ്പം ചേരുകയായിരുന്നു. ഇയാൾ റെയ്സിംഗ് ആണെന്ന് തെറ്റിദ്ധരിച്ചാണ് വന്നതെങ്കിലും, ഇയാളുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

പിടിച്ചെടുത്ത വാഹനങ്ങളുടെ രൂപമാറ്റം വരുത്തിയ സൈലൻസറുകൾ പണിശാലയിലെത്തിച്ച് പഴയപടിയാക്കി. വാഹന ഉടമകളിൽ നിന്ന് പതിനായിരം രൂപ വീതം പിഴ ഈടാക്കിയ ശേഷം കാറുകൾ വിട്ടയച്ചു.

ക്വീൻസ് വാക്‌വേ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാർ റെയ്സിംഗ് പതിവാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം എം.ജി. റോഡിലുൾപ്പെടെ അമിത ശബ്ദമുണ്ടാക്കി കാറുകൾ ചീറിപ്പാഞ്ഞതിനെതിരെയും പരാതികൾ ഉയർന്നിരുന്നു. നഗരത്തിൽ രാത്രികാലങ്ങളിലെ മത്സരയോട്ടം തടയുന്നതിനായി വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.