- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18കാരിയായ മകളെ എംഡിഎംഎ കേസിൽ കുടുക്കിയത് അടുപ്പക്കാരനും കൂട്ടുകാരനും ചേർന്ന്; വീട്ടിലെ സാഹചര്യം മുതലെടുത്ത് എബിൻ അടുത്തുകൂടി; എബിനുമായി അടുക്കാൻ ശ്രമിച്ചപ്പോൾ അനുലക്ഷ്മിയെ വിലക്കിയിരുന്നുവെന്ന് പിതാവ്; ഏവിയേഷൻ കോഴ്സിന് ചേർത്ത അനുലക്ഷ്മി മയക്കുമരുന്നു കേസിൽ കുടുങ്ങിയപ്പോൾ ആകെ തകർന്ന് കുടുംബം
അടിമാലി: എംഡിഎംഎ കേസിൽ മകളെ കുടുക്കിയത് അടുപ്പക്കാരനും കൂട്ടുകാരും ചേർന്നെന്ന് അടിമാലി ആയിരം ഏക്കർ പാറയിൽ ഗിരീഷ്. ഗിരീഷിന്റെ മകൾ അനുലക്ഷ്മി (18) ,ആനച്ചാൽ വെള്ളിയംകുന്നേൽ അഭിരാം(20),മരിയാപുരം തണ്ടാടിയിൽ എബിൻ(18)എന്നിവരെ 122 ഗ്രാം എംഡിഎംഎയുമായി എറണാകുളം ടൗൺ നോർത്ത് പൊലീസ് ഏതാനും ദിവസം മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ മൂവരും റിമാന്റിലാണ്.
വീട്ടിലെ സാഹചര്യം മുതലെടുത്ത് എബിൻ പലതും പറഞ്ഞ് മകളുമായി ആടുത്തുകൂടുകയായിരുന്നെന്നും സുഹൃത്തുക്കളും ഒത്തുചേർന്ന് ഇയാൾ നടത്തിവന്നിരുന്ന ലഹരിമരുന്ന് കച്ചവടത്തിന് മകളുടെ താമസ്ഥലം താവളം ആയി പ്രയോജനപ്പെടുത്തുകയായിരുന്നെന്നുമാണ് അടുപ്പക്കാരുമായി ഗിരീഷ് പങ്കിട്ട വിവരം. അനുലക്ഷ്മിയുമായി എബിൻ അടുക്കാൻ ശ്രമിക്കുന്നതായുള്ള വിവരം ലഭിച്ചപ്പോൾ തന്നെ മാതാപിതാക്കൾ വിലക്കിയിരുന്നെന്നാണ് സൂചന. ഏവിയേഷൻ കോഴ്സിന്റെ പഠനത്തിനായിട്ടാണ് അനുലക്ഷമി കൊച്ചിയിൽ താമസിച്ചുവന്നിരുന്നത്.
ഇത് മനസ്സിലാക്കി എബിൻ കൊച്ചിയിൽ തമ്പടിക്കുകയും സുഹൃത്തുക്കളെയും കൂട്ടി അനുലക്ഷമിയുടെ താമസസ്ഥലത്തെത്തി,ഇവിടെ വച്ച് വിൽക്കാൻ പാകത്തിൽ എംഡിഎംഎ പായ്ക്കറ്റുകൾ ആക്കിയിരുന്നെന്നുമാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. മുമ്പ് എബിൻ തനിക്ക് എംഡിഎംഎ നൽകിയിരുന്നെന്നും ഉപയോഗിക്കാൻ നിർബന്ധിച്ചെന്നും പെൺകുട്ടി പൊലീസിൽ മൊഴി നൽകിയതായിട്ടാണ് സൂചന.എബിനും കൂട്ടരും ചേർന്ന് മകളെ മയക്കുമരുന്നിന് അടിമയാക്കിയിരിക്കാമെന്നുള്ള സംശയവും ഉറ്റവർക്കുണ്ട്. എംഡിഎംഎ വിൽപ്പനയുടെ മുഖ്യസൂത്രധാരൻ അഭിരാം ആണെന്നാണ് പൊലീസിന്റെ നിഗമനം.
രണ്ടാണും ഒരു പെണ്ണും ഉൾപ്പെടെ ഗീരീഷ് -ലേഖ ദമ്പതികൾക്ക് 3 മക്കളാണുള്ളത്. ഇവരിൽ രണ്ടാമത്തെ കുട്ടിയാണ് അനുലക്ഷമി. ഗിരീഷ് തടപ്പണിക്കാരനാണ്. മാതാവ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കും പോകുന്നുണ്ട്. ഇതിനുപുറമെ കൃഷിയിൽ നിന്നുള്ള വരുമാനം കൂടി ചേർത്ത്, കുടുംബം ഞെങ്ങി, ഞെരുങ്ങിയാണ് കഴിഞ്ഞിരുന്നത്. മൂത്ത സഹോദരൻ തടിക്കച്ചവടവും മറ്റുമായി കുടുംബത്തിന് താങ്ങാവാൻ ശ്രമിച്ചെങ്കിലും വേണ്ടവണ്ണം വിജയിക്കാനായില്ല.
അനുലക്ഷമിയിലായിരുന്നു കുടുംബം പ്രതീക്ഷയർപ്പിച്ചിരുന്നത്. പത്താംക്ലാസ് ജയിച്ച ശേഷം വിഎച്ച്എസ്എസ് കോഴ്സിനായി നേര്യമംഗലത്തെ സർക്കാർ സ്കൂളിൽ ചേർന്നിരുന്നു. ഇതിന് ശേഷമാണ് ഏവിയേഷൻ കോഴ്സിനായി കൊച്ചിയിലെ സ്ഥാപനത്തിൽ ചേരുന്നത്. ഇടക്കാലത്ത് കുടുംബപ്രശ്നങ്ങളെത്തുടർന്ന് മാതാവ് കുറച്ചുകാലം സ്വന്തം വീട്ടിലായിരുന്നു താമസം. പ്രശ്നങ്ങൾ വീട്ടുകാർ ഇടപെട്ട് പറഞ്ഞുതീർത്തതിനെത്തുടർന്ന് ലേഖ ആയിരം ഏക്കറിലെ വീട്ടിലേയ്ക്ക് മടങ്ങി എത്തുകയും ചെയ്തിരുന്നു.
വീട് വിട്ട് പഠന ആവശ്യത്തിനും മറ്റുമായി മാറി നിൽക്കുന്ന കുട്ടുകളുടെ രക്ഷിതാക്കൾ മക്കളുടെ കൂട്ടുകെട്ടുകളെക്കുറിച്ചും താമസസ്ഥലത്തുള്ള പെരുമാറ്റത്തെക്കുച്ചും മറ്റും വേണ്ടവണ്ണം അന്വേഷിക്കാൻ മനസ്സുകാണിക്കുന്നില്ലന്നും കുട്ടികൾ വഴിതെറ്റിപോകുന്നതിന് ഒരു പരിധിവരെ കാരണമാവുന്നുണ്ടെന്നുമാണ് പൊലീസ് വിലയിരത്തൽ. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കലൂർ ലിബർട്ടി ലൈനിനു സമീപത്തെ വീട്ടിൽ നിന്നാണ് പൊലീസ് സംഘം എംഡിഎംഎ കണ്ടെടുത്തത്.അടുത്തകാലത്തായി കൊച്ചി കേന്ദ്രീകരിച്ച് മയക്ക് മരുന്ന് ഉപയോഗവും വിൽപ്പനയും വർദ്ധിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള കണക്കുകളിൽ നിന്നും വ്യക്തമായിട്ടുള്ളത്.
മറുനാടന് മലയാളി ലേഖകന്.