- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊച്ചിയില്‍ 'ഹൈക്ലാസ്' കാണികളുണ്ടാകുമെന്ന് കണക്കുകൂട്ടി മൊബൈല്‍ ഫോണ്‍ കവര്‍ച്ച; ബെംഗളൂരുവിലും ചെന്നൈയിലും സംഘമെത്തി; മൊബൈല്‍ മോഷണത്തിനായി ഡിജെ പാര്‍ട്ടി നടത്താറുണ്ടെന്നും മുംബൈയില്‍ പിടിയിലായ പ്രതി
മുംബൈയില്‍ പലയിടങ്ങളിലും ഡിജെ പാര്‍ട്ടികള്‍ നടത്തി മൊബൈല്‍ കവര്‍ന്നു
കൊച്ചി: അലന്‍വാക്കറുടെ ഡി.ജെ പാര്‍ട്ടിക്കിടെയുണ്ടായ കൂട്ട മൊബൈല്‍ മോഷണക്കേസില്‍ മുംബൈയില്‍ പിടിയിലായ കവര്‍ച്ച സംഘം ഡിജെ പാര്‍ട്ടി സംഘാടകരെന്ന് വിവരം. മുംബൈയില്‍ പലയിടങ്ങളിലും ഡിജെ പാര്‍ട്ടികള്‍ നടത്തി മൊബൈല്‍ കവര്‍ച്ച പതിവെന്ന് പ്രതികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
സംഘതലവന്‍ പ്രമോദ് യാദവിന്റെ നേതൃത്വത്തില്‍ അലന്‍ വോക്കര്‍ ഷോകളില്‍ സമഗ്രകവര്‍ച്ചയ്ക്ക് സംഘം പദ്ധതിയിട്ടുവെന്നാണ് പ്രതികള്‍ കുറ്റസമ്മതത്തില്‍ പറയുന്നത്. കൊച്ചിക്ക് മുന്‍പ് ബെംഗളൂരുവിലും ചെന്നൈയിലും സംഘം കവര്‍ച്ചയ്‌ക്കെത്തിയെങ്കിലും സമയം വൈകിയതോടെ പരാജയപ്പെട്ടു. ഈ ക്ഷീണം കൊച്ചിയില്‍ പരിഹരിക്കാനായിരുന്നു കവര്‍ച്ച സംഘത്തിന്റെ പദ്ധതി.
കൊച്ചിയില്‍ 'ഹൈക്ലാസ്' കാണികളുണ്ടാകുമെന്നും വിലകൂടിയ ഫോണുകള്‍ ഇവിടെ നിന്ന് കവരാനായിരുന്നു പദ്ധതി. രാത്രി ഒന്‍പത് മണിയോടെ എത്തിയതിനാല്‍ ഉദേശിച്ച മെച്ചമുണ്ടായില്ലെന്നുമാണ് പിടിയിലായവരുടെ മൊഴി. ഡല്‍ഹി സംഘത്തില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകള്‍ കൂടി കൊച്ചിയിലേതെന്ന് സ്ഥിരീകരിച്ചു
കൂട്ട മൊബൈല്‍ മോഷണക്കേസില്‍ നാല് പ്രതികളെ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തിയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍നിന്ന് ദരിയാഗഞ്ച് സ്വദേശികളായ അതീഖു റഹ്‌മാന്‍ (38), വാസിം അഹമ്മദ് (31) എന്നിവരും മുംബൈയില്‍നിന്ന് താണെ സ്വദേശി സണ്ണിഭോല യാദവ് (28), ഉത്തര്‍പ്രദേശ് സ്വദേശി ശ്യാംബല്‍പാല്‍ എന്നിവരുമാണ് അറസ്റ്റിലായത്. പ്രതികളുമായി പൊലീസ് സംഘം കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
ഡല്‍ഹി, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള നാലുപേര്‍ വീതം അടങ്ങുന്ന രണ്ട് മോഷണസംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒരേ മോഷണരീതി പിന്തുടരുന്ന പരസ്പര ബന്ധമില്ലാത്ത കവര്‍ച്ച സംഘങ്ങളാണിത്.
കഴിഞ്ഞ ആറിന് കൊച്ചിയില്‍ നടന്ന അലന്‍വാക്കറുടെ പരിപാടിക്കിടെയാണ് ഐഫോണുകളടക്കം 39ഓളം മൊബൈല്‍ ഫോണ്‍ മോഷണം പോയത്. രണ്ട് സംഘമായി തിരിഞ്ഞ് മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ബാക്കി പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്.
ഡല്‍ഹിയില്‍നിന്നുള്ള പ്രതികള്‍ ആറിന് രാവിലെ ട്രെയിന്‍മാര്‍ഗം കൊച്ചിയിലെത്തി ലോഡ്ജ് എടുത്ത് വൈകീട്ട് അഞ്ചരയോടെ സംഭവസ്ഥലത്തെത്തുകയായിരുന്നു. 2000 രൂപ വീതമുള്ള പാസുകള്‍ ബുക്ക് ചെയ്താണ് പരിപാടിക്ക് കയറിയത്. മോഷണശേഷം ഏഴിന് രാവിലെ ട്രെയിനില്‍ മടങ്ങി.
ആറിന് ഉച്ചകഴിഞ്ഞ് വിമാനമാര്‍ഗമാണ് മുംബൈ സംഘം കവര്‍ച്ചക്ക് എത്തിയത്. പരിപാടിയില്‍ കയറി മോഷണം നടത്തി പിറ്റേദിവസം രാവിലെ വിമാനമാര്‍ഗം തന്നെ ഇവര്‍ മടങ്ങി. 2022ല്‍ ബംഗളൂരുവില്‍ നടന്ന സമാന മോഷണക്കേസ് ഉള്‍പ്പെടെ വാസിമിനെതിരെ നാല് കേസുണ്ട്. അതീഖു റഹ്‌മാനെതിരെ മോഷണം, ചതി, അടിപിടി എന്നിങ്ങനെ എട്ട് കേസുണ്ട്. സണ്ണിഭോല യാദവിനെതിരെ നാലും ശ്യാംബല്‍പാലിനെതിരെ ഏഴും പഴയ കേസുകളുണ്ട്.
മൊബൈല്‍ ഫോണുകളില്‍ ചിലതിന്റെ ലൊക്കേഷന്‍ കണ്ടെത്താനായതും ബംഗളൂരുവില്‍ സമാനമോഷണം നടത്തിയ ഒരാള്‍ ഇക്കൂട്ടത്തിലുണ്ടെന്ന് സ്ഥിരീകരിക്കാനായതും അന്വേഷണത്തില്‍ നിര്‍ണായകമായി. സെന്‍ട്രല്‍ എ.സി.പി സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഡല്‍ഹിയില്‍ മുളവുകാട് എസ്.എച്ച്.ഒ ശ്യാംകുമാറിന്റെയും മുംബൈയില്‍ എസ്.ഐ ബിജു ജോണിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.