കൊച്ചി: കുണ്ടന്നൂരില്‍ സ്റ്റീല്‍ കമ്പനിയില്‍നിന്ന് തോക്കുചൂണ്ടി പണം കവര്‍ന്ന സംഭവത്തിന് പിന്നില്‍ നോട്ടിരട്ടിപ്പ് സംഘമെന്ന് സൂചന. അഭിഭാഷകനും സ്ത്രീയും ഉള്‍പ്പടെ ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ എറണാകുളത്തെ അഭിഭാഷകനും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. ഇയാളാണ് കേസിലെ പ്രധാന സൂത്രധാരനെന്നാണ് വിവരം. കവര്‍ച്ച നടത്തുന്നതിനായി പ്രതികള്‍ക്ക് വാഹനം എത്തിച്ച് നല്‍കിയത് ഈ അഭിഭാഷകനാണ്. അതേസമയം കവര്‍ച്ച നടത്തി പണത്തിലെ ഇരുപത് ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്.

തൃശ്ശൂര്‍ നാട്ടിക സ്വദേശി വിഷ്ണു, വടുതല സ്വദേശി നിഖില്‍ നരേന്ദ്രന്‍, ചേരാനല്ലൂര്‍ സ്വദേശി ആസിഫ് ഇഖ്ബാല്‍, പള്ളുരുത്തി സ്വദേശി ബുഷ്റ എന്നിവരാണ് നേരത്തേ പിടിയിലായത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30-ഓടെയാണ് എറണാകുളം കുണ്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്റ്റീല്‍ കമ്പനിയില്‍ നിന്ന് മുഖം മൂടി ധരിച്ചെത്തിയ സംഘം തോക്ക് ചൂണ്ടി 81 ലക്ഷം കവര്‍ന്നത്.

സ്റ്റീല്‍ കമ്പനി ഉടമ സുബിന്‍ തോമസിന്റെ മുഖത്തേക്ക് മുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു കവര്‍ച്ച. സംഭവത്തില്‍ വടുതല സ്വദേശിയായ സജി എന്ന ആളെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘം സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തു. ഇതില്‍ ഒരു കാര്‍ തൃശൂരില്‍ നിന്നാണ് പിടികൂടിയത്.

'ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന' പേരില്‍ തമിഴ്നാട് കേന്ദ്രീകരിച്ചു നടക്കുന്ന നോട്ടിരട്ടിപ്പിനാണ് കവര്‍ച്ച നടത്തിയതെന്നാണ് കരുതുന്നത്. 81 ലക്ഷം രൂപ കൊടുത്താല്‍ 1.10 കോടിയായി തിരിച്ചു കിട്ടുമെന്ന് സംഘം, കടയുടമായ സുബിന് വാഗ്ദാനം ചെയ്തിരുന്നു. രണ്ടാഴ്ച്ച മുമ്പ് വടുതല സ്വദേശി സജി ഇക്കാര്യവുമായി കടയുടമ സുബിനെ സമീപിച്ചിരുന്നുവെന്നും നോട്ടിരട്ടിപ്പ് സംഘത്തിലുള്‍പ്പെട്ട വിഷ്ണു, ജോജി എന്നിവരെ പരിചയപ്പെടുത്തിയെന്നും സുബിന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കവര്‍ച്ചാ സംഘം മുഖംമൂടി ധരിച്ച് സ്ഥാപനത്തിലെത്തുമ്പോള്‍ സജിയും വിഷ്ണുവും ജോജിയുമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവര്‍ പണം എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മോഷണം. സംഘത്തെ കണ്ടതോടെ വിഷ്ണുവും ജോജിയും കടയില്‍ നിന്ന് മാറി. പണവുമായി കവര്‍ച്ചാ സംഘം കടന്നതിനു പിന്നാലെ കടയില്‍പ്പെട്ടു പോയ സജിയെ സുബിനും കടയിലെ ജീവനക്കാരും കൂടി പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.