അടൂർ: സുഖനിദ്രയിലായിരുന്ന പുലർച്ച നേരം വല്ലാത്തൊരു മണം മൂക്കിലേക്ക് തുളച്ചു കയറി. പരിസരം മുഴുവൻ പരതി നോക്കി ഒടുവിൽ അടുക്കള ഭാഗത്തെ പരിശോധനയിൽ വലിയ അമ്പരപ്പ്. തുരുമ്പ് എടുത്ത അവസ്ഥയിലായിരുന്ന വസ്തു കണ്ട് ആളുകൾ ഇറങ്ങിയോടി. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. പത്തനംതിട്ട കൊടുമൺ പഞ്ചായത്തിൽ പ്രവർത്തിച്ചു വന്നിരുന്ന അംഗണവാടിയിലെ ഗ്യാസ് സിലിണ്ടർ ലീക്കായതാണ് ആളുകളെ പരിഭ്രാന്തിയിലാക്കിയത്.

തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കൊടുമൺ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഐക്കാട് പ്രവർത്തിക്കുന്ന 101 ആം നമ്പർ അംഗനവാടിയിലെ ഗ്യാസ് സിലിണ്ടറാണ് ലീക്കായത്. ഐക്കാട് ഇടശ്ശേരിയത്ത് വീട്ടിലെ ദേവകിയമ്മയുടെ വീടിനോട് ചേർന്നുള്ള ഒരു ഭാഗത്തായിട്ടാണ് അംഗനവാടി പ്രവർത്തിക്കുന്നത്. രാവിലെ 5 മണിയോടെ ഗ്യാസിന്റെ മണം പർന്നതോടെ ദേവകിയമ്മ ഉണർന്ന അടുക്കള പരിശോധിച്ചപ്പോഴാണ് ഗ്യാസ് സിലിണ്ടർ ലീക്കാവുന്നതായി കണ്ടെത്തുന്നത്.

ദേവകിയമ്മ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചുവന്നത്. ഉടനെ അപകടം മനസിലാക്കിയപ്പോൾ തന്നെ ഇക്കാര്യം നാട്ടുകാരെ അറിയിക്കുകയായിരുന്നു. അവർ അടൂർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. വീട് മുഴുവൻ ഗ്യാസ് നിറഞ്ഞ അവസ്ഥയിലായിരുന്നു. ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തി സിലിണ്ടർ അടുക്കളയിൽ നിന്നും പുറത്തേക്ക് മാറ്റി. സിലിണ്ടറിന്റെ അടിവശം ദ്രവിച്ച് ഓട്ട വീണ നിലയിലായിരുന്നു. 2026 മാർച്ച് മാസം വരെ എക്സ്പയറി ഡേറ്റ് ഉള്ള സിലിണ്ടറിന്‍റെ ചുവട് ദ്രവിച്ച് പൊളിഞ്ഞ അവസ്ഥയിലായിരുന്നു. പറക്കോട്ട് പൂർണിമ ഗ്യാസ് ഏജൻസിയുടെ വിതരണത്തിലുള്ളതാണ് സിലിണ്ടർ എന്ന് വീട്ടുകാർ വ്യക്തമാക്കി.

എന്നാൽ, ഗ്യാസ് ലീക്കായത് അറിയാതെ രാവിലെ എഴുന്നേറ്റ് സിലിണ്ടർ കത്തിക്കാൻ ശ്രമിക്കുകയോ ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്യുകയോ മറ്റോ ചെയ്താൽ ഒരുപക്ഷേ തീ പിടിക്കാനുള്ള സാധ്യത ഉണ്ടായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലീക്കായ സിലിണ്ടർ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി ഗ്യാസ് പൂർണമായി ചോർത്തി കളയുകയും മുറിക്കുള്ളിൽ അടിഞ്ഞുകൂടിയ ഗ്യാസ് എക്സ് ഹോസ്റ്റ് ബ്ലോവർ ഉപയോഗിച്ച് ഫയർഫോഴ്സ് പുറത്തേക്ക് അടിച്ചു കളയും ചെയ്തു. സംഭവം സമയത്ത് അംഗനവാടിയിൽ കുട്ടികൾ ഇല്ലാതിരുന്നതിനാലും സിലിണ്ടർ കൂടുതൽ ലീക്ക് ആകുന്നതിനു മുമ്പ് തന്നെ വീട്ടമ്മ ഇത് കണ്ടെത്തിയതുകൊണ്ടും വലിയ ദുരന്തം ഒഴിവായി.