പത്തനംതിട്ട: ഒടിഞ്ഞ നാലു വാരിയെല്ലുകളും ശരീരമാസകലം പരുക്കുമായി ഒരു അമ്പത്തിയെട്ടുകാരന്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ച് വിജനമായ തോട്ടത്തില്‍ എത്തി സ്വയം തൂങ്ങി മരിക്കുമോ? മരിക്കുമെന്നാണ് പത്തനംതിട്ടയിലെ പോലീസ് പറയുന്നത്. കോയിപ്രം പോലീസ് എടുത്ത കഞ്ചാവു കേസിലെ പ്രതിയായ കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ വീട്ടില്‍ കെ.എം. സുരേഷിന്റെ (58) ഇളകൊള്ളൂരിലെ മാങ്കോസ്റ്റിന്‍ തോട്ടത്തിലെ തൂങ്ങിമരണം സംബന്ധിച്ച് പോലീസ് ഉരുണ്ടു കളി തുടരുകയാണ്. പക്ഷേ, സാഹചര്യത്തെളിവുകളും സംശയമുനയും പോലീസിലേക്ക് തന്നെയാണ് നീളുന്നത്. അതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനും നീക്കം തുടങ്ങി.

സുരേഷിനെ കസ്റ്റഡിയില്‍ എടുത്തതും വിട്ടയച്ചതും പിന്നീട് തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് പോലീസ് പറയുന്ന കാര്യങ്ങളില്‍ മുഴുവന്‍ പൊരുത്തക്കേടുകളാണ്. കഴിഞ്ഞ മാര്‍ച്ച് 22 ന് രാവിലെ കോന്നി സ്റ്റേഷന്‍ പരിധിയില്‍ പ്രമാടം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഇളകൊള്ളൂര്‍ പാലം ജങ്്ഷന് സമീപം ബിജുഫിലിപ്പിന്റെ മാങ്കോസ്റ്റിന്‍ തോട്ടത്തിലാണ് സുരേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും മേലാസകലം ഉരഞ്ഞതും ചന്തിക്ക് ചൂരല്‍ കൊണ്ട് അടിയേറ്റ പാടുകളുണ്ടെന്നും കണ്ടെത്തി.

ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നതോടെ പോലീസ് ഇളകി. ഉന്നത തലത്തില്‍ ഇടപെടല്‍ ഉണ്ടായി. പിന്നെ നടന്നത് പോലീസിന്റെ ഭാഗം ശരിയാക്കാനുള്ള നെട്ടോട്ടമായിരുന്നു. ദക്ഷിണമേഖല ഡി.ഐ.ജി അജിത ബീഗത്തിന്റെ നിര്‍ദേശപ്രകാരം അഡീഷണല്‍ എസ്.പി ആര്‍. ബിനുവും കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍ റാവുത്തറും ചേര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി. ഇതോടെ പുതിയ കഥയും പിറന്നു. സംശയ നിഴലിലുള്ള ഡാന്‍സാഫ് ടീം അടക്കം ഇന്നലെ കോയിപ്രം സ്റ്റേഷനില്‍ കേന്ദ്രീകരിച്ചു.

പുതിയ കഥയുമായി പോലീസ് അരങ്ങത്തേക്ക്...

സുരേഷിന്റെ തൂങ്ങി മരണം സംബന്ധിച്ച് ചില സുപ്രധാന ചോദ്യങ്ങള്‍ ഉണ്ട്. മാര്‍ച്ച് 19 ന് രാത്രി വീട്ടിലെത്തി സുരേഷിനെ വിളിച്ചു കൊണ്ടു പോയത് ആര്? പിന്നീട് ഇയാള്‍ എങ്ങനെ കോന്നി ഇളകൊള്ളൂരിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ എത്തി? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത് ഇയാളുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും അത് ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചതാകാമെന്നുമാണ്. നാലു വാരിയെല്ലുകള്‍ ഒടിഞ്ഞയാള്‍ എങ്ങനെ സ്വയം കുടുക്ക് കെട്ടി മരത്തില്‍ തൂങ്ങി മരിക്കും?

ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം തയാറാക്കുന്ന തിരക്കിലായിരുന്നു ഇന്നലെ പോലീസ്. 16 ന് സുരേഷിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചു. 19 ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടേയില്ല. വിട്ടയച്ച സുരേഷിനെ നാട്ടില്‍ കണ്ട സാക്ഷികളുണ്ട്.കോന്നി കല്ലേലി അപ്പൂപ്പന്‍കാവിലെ പരമഭക്തനായ സുരേഷ് അവിടെ ചെന്ന് ദര്‍ശനം നടത്തിയതിന് ശേഷം പുനലൂര്‍ പോയെന്നും മടങ്ങി വന്ന് തൂങ്ങി മരിച്ചുവെന്നുമാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.

ഡാന്‍സാഫിന്റെ പങ്കെന്ത്?

കോയിപ്രം പോലീസ് സുരേഷിനെ മാരകമായി മര്‍ദിച്ചുവെന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. മാര്‍ച്ച് 16 ന് വൈകിട്ട് ആറേമുക്കാലിനാണ് കഞ്ചാവ് ബീഡി വലിച്ചെന്ന കുറ്റത്തിന് സുരേഷിനെ കസ്റ്റഡിയില്‍ എടുത്തത്. തിരുവല്ല ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം എന്‍.ഡി.പി.എസ് ആക്ടിലെ 27(ബി) എന്ന വകുപ്പിട്ട് കേസെടുത്തു. തുടര്‍ന്ന് കഞ്ചാവ് അളവില്‍ കുറവായതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. അന്ന് തന്നെ രാത്രി മൂന്നു പേര്‍ ചെന്ന് വീട്ടില്‍ നിന്ന് സുരേഷിനെ വിളിച്ച് ഇറക്കി കൊണ്ടു പോയി എന്നാണ് മാതാവിന്റെ മൊഴി. കസ്റ്റഡിയില്‍ എടുത്ത ദിവസം തന്നെ സുരേഷിന് ഭീകരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ഇക്കാര്യം സുരേഷ് താന്‍ ഓടിക്കുന്ന വാഹനത്തിന്റെ ഉടമയോട് പറഞ്ഞിരുന്നു. ഇവര്‍ ഈ വിവരം കേസ് നേരത്തേ അന്വേഷിച്ച കോന്നി പോലീസ് എസ്.എച്ച്.ഓയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 19 ന് സുരേഷിനെ വീണ്ടും കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്തു വിട്ടയച്ചുവെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരമാസകലം മുറിവേറ്റ പാടുണ്ട്. പുറത്ത് ചൂരല്‍ പ്രയോഗിച്ചതിന്റെ പാടുകള്‍ തലങ്ങും വിലങ്ങുമുണ്ട്. പരുക്കുകള്‍ എല്ലാം മരിക്കുന്നതിന് മുന്‍പുള്ളതാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മരിക്കുന്നതിന് ആറു ദിവസം മുന്‍പുള്ള പരുക്കുകളാണ് ശരീരത്തുള്ളത്.

പോലീസ് അല്ലാതെ ആരും സുരേഷിനെ വിളിച്ചു കൊണ്ടു പോയിട്ടുമില്ല. നിലവില്‍ കോയിപ്രം പോലീസും ഡാന്‍സാഫ് ടീമുമാണ് സംശയ നിഴലില്‍ ഉള്ളത്. ഏറ്റവും അവസാനമായി സുരേഷിനെ കൂട്ടിക്കൊണ്ടു പോയത് ഡാന്‍സാഫ് ടീമാണെന്നാണ് പറയപ്പെടുന്നത്. പിന്നെ എന്തു സംഭവിച്ചുവെന്നതിനെ കുറിച്ച് പോലീസും ഒന്നും പറയുന്നില്ല. സംഭവത്തില്‍ പോലീസിന്റെ പങ്ക് പുറത്തു വരുന്നത് ഒഴിവാക്കാന്‍ തുടക്കം മുതല്‍ അട്ടിമറി നടന്നിരുന്നുവെന്ന കാര്യം വ്യക്തമാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം ലഭിക്കാന്‍ ഈ കാലതാമസം തടസമാണ്. മിക്കയിടത്തും സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് കാലാവധി കുറവാണ്.

മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ കണ്ട അജ്ഞാത മൃതദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡാണ് മരിച്ചത് സുരേഷാണെന്ന സൂചന നല്‍കിയത്. പിന്നാലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും വന്നു. ശരീരമാസകലം പരുക്കുണ്ടെങ്കിലും തൂങ്ങി മരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഫോറന്‍സിക് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കി. പക്ഷേ, നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതും ശരീരത്തിലെ ചൂരല്‍ പ്രയോഗത്തിന്റെ പാടുകളും കൂടിയായതോടെ കോന്നി എസ്.എച്ച്.ഓ പി. ശ്രീജിത്ത് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കോയിപ്രം സ്റ്റേഷനിലെ എന്‍ഡിപിഎസ് പ്രതിയാണെന്ന് അറിയുന്നത്. ഇയാളുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴികള്‍ ശേഖരിച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്തതും പിന്നീട് വിളിച്ചു കൊണ്ടു പോയതുമായ കഥകള്‍ മൊഴിയായി പുറത്തു വന്നു.

സുരേഷ് ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. ക്രൂരമര്‍ദനത്തിന് ഇരയായതിന്റെ വേദന ഇവരുമായി സുരേഷ് പങ്കു വച്ചിരുന്നു. ഇന്നലെ മാധ്യമങ്ങളോട് ഇവരും സുരേഷിന്റെ മാതാവും ബന്ധുക്കളുമെല്ലാം കോന്നി പോലീസിന് നല്‍കിയ മൊഴി ആവര്‍ത്തിക്കുകയായിരുന്നു. ഇത്രയുമൊക്കെ കോന്നി പോലീസ് കണ്ടെത്തിയിട്ടും മേലുദ്യോഗസ്ഥര്‍ കേസിന് വേണ്ടത്ര ഗൗരവം കൊടുക്കാതിരുന്നതും സംശയത്തിന് ഇട നല്‍കുന്നു. കേസ് അന്വേഷണം അട്ടിമറിക്കാന്‍ വേണ്ടി മനഃപൂര്‍വമായ കാലതാമസം ഉണ്ടായെന്ന് വേണം കരുതാന്‍.

കോയിപ്രത്തുകാരനായ സുരേഷ് എന്തിന് ജീവനൊടുക്കാന്‍ 25 കിലോമീറ്ററുകള്‍ അകലെ തനിക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത കോന്നിയിലെ തോട്ടം തെരഞ്ഞെടുക്കണമെന്ന ചോദ്യവും ബാക്കിയാണ്. നിസാരമായ ഒരു കേസിന്റെ പേരില്‍ ബൈക്കും ഫോണും പിടിച്ചു വച്ചത് സുരേഷിന് മാനസിക വിഷമം സൃഷ്ടിച്ചിരുന്നു. സുരേഷ് മരിച്ച് ഒരു മാസത്തിന് ശേഷം ബൈക്ക് സഹോദരന് കൈമാറി. ഫോണ്‍ തിരികെ കൊടുത്തിട്ടില്ലെന്ന് സഹോദരന്‍ പറയുന്നു.

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം സൃഷ്ടിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു ഇന്നലെ പോലീസ്. ഡാന്‍സാഫ് ടീം അടക്കം കോയിപ്രം സ്റ്റേഷനില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. മാര്‍ച്ച് 19 ന് സുരേഷിനെ പോലീസ് വിളിച്ചു കൊണ്ടു പോയിട്ടില്ല എന്ന് വരുത്താനുള്ള നീക്കം നടക്കുന്നുണ്ട്. ബൈക്കും ഫോണും അന്ന് തന്നെ തിരികെ സഹോദരനെ ഏല്‍പ്പിച്ചുവെന്നും പറയുന്നു. നേരത്തേ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച സുരേഷിനെ കണ്ടിരുന്നുവെന്നുള്ള സാക്ഷികളെയും രംഗത്തിറക്കി. കോന്നി കല്ലേലികാവില്‍ ദര്‍ശനത്തിന് പോയ സുരേഷ് ആ വഴി പുനലൂര്‍ പോയി മടങ്ങി വന്ന് ഒരു പരിചയവുമില്ലാത്ത ഇളകൊള്ളൂരിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ ജീവനൊടുക്കി. രണ്ടു മാസം നോക്കി ഇരുന്നിട്ട് പോലീസ് ഇപ്പോള്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ തേടി ഇറങ്ങിയിട്ടുണ്ട്. ഇതിനോടകം ദൃശ്യങ്ങള്‍ മാഞ്ഞു പോയി എന്ന് ഉറപ്പാക്കിയ ശേഷമാണ് അന്വേഷണം എന്നതാണ് ഏറെ ശ്രദ്ധേയം.