കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട 31 കാരിയായ വനിതാ ഡോക്ടര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായതായി സംശയം. യുവതിയുടെ മാതാപിതാക്കളാണ് കൊല്‍ക്കത്ത ഹൈക്കോടതിയെ ഈ വിവരം ധരിപ്പിച്ചത്. രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവത്തില്‍ സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

ശ്വാസം മുട്ടിച്ചാണ് യുവതിയെ വകവരുത്തിയതെന്നും ലൈംഗിക പീഡനം നടന്നതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മകളുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കാണാം. വലിയ മല്‍പ്പിടുത്തവും ക്രൂര പീഡനവും നടന്നതായാണ് സൂചനയെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. മകളുടെ തലയില്‍ പരുക്കുകളുണ്ട്. രണ്ടുചെവികളിലും പരുക്കേറ്റത് കടുത്ത ബലപ്രയോഗം നടന്നതിന്റെ ലക്ഷണമാണ്. ആക്രമണത്തിനിടെ, ചുണ്ടുകളില്‍ പരുക്കേറ്റത് വായ് പൊത്തിയപ്പോഴോ വായില്‍ തുണി തിരുകയിപ്പോഴോ ആവാം. കഴുത്തില്‍ കടിയേറ്റതിന്റെ പാടുകളും കാണാം. ഓട്ടോപ്‌സിയില്‍ ഇരയുടെ ശരീരത്തില്‍ നിന്ന് 150 മില്ലി ഗ്രാം ശുക്ലം കണ്ടെടുത്തു. ഇതാണ് കൂട്ടബലാല്‍സംഗം നടന്നതായി സംശയിക്കാന്‍ ഇടയാക്കിയത്.

കേസ് സിബിഐക്ക് കൈമാറും മുമ്പ് സംസ്ഥാന പൊലീസ് ആശുപത്രിയില്‍ പതിവായി എത്താറുള്ള സിവിക് വോളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കുറ്റകൃത്യത്തില്‍ ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ക്ക് പങ്കുണ്ടെന്നാണ് മാതാപിതാക്കളുടെ വാദം. സംഭവ സമയത്ത് ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിന്റെയും ആശുപത്രിയുടെയും പ്രിന്‍സിപ്പലായിരുന്ന ഡോ.സനദീപ് ഘോഷിനെയും മറ്റുചുമതലക്കാരെയും സുരക്ഷാവീഴ്ചയുടെ പേരില്‍ പിടികൂടിയിട്ടില്ലെന്നും മാതാപിതാക്കള്‍ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.

സിബിഐ കേസ് ഏറ്റെടുത്തു

കൊല്‍ക്കത്ത ഹൈക്കോടതി വിധിയെ തുടര്‍ന്ന് സിബിഐ ഇന്നലെ കേസെടുത്തു. പിടിയിലായ പ്രതി സഞ്ജയ് റോയ് കേന്ദ്ര ഏജന്‍സിയുടെ കസ്റ്റഡിയിലാണ്. മെഡിക്കല്‍, ഫോറന്‍സിക് വിദഗ്ധരുള്ള സിബിഐ സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാള്‍ ഒരു ടീം പരിശോധിച്ചു. മറ്റൊരു ടീം പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി. മൂന്നാമത്തെ സംഘം കൊല്‍ക്കത്ത പൊലീസ് ഓഫീസര്‍മാരുമായി സഹകരിച്ച് അന്വേഷണം തുടരുകയാണ്.

നേരത്തെ, കേസ് സിബിഐക്ക് വിട്ട ഉത്തരവില്‍ ഹൈക്കോടതി ആശുപത്രി മാനേജ്‌മെന്റിനെ വിശേഷിച്ചും മുന്‍ പ്രിന്‍സിപ്പല്‍ ഡോ സന്ദീപ് ഘോഷിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടും ആശുപത്രി അധികൃതര്‍ എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ല? ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് രാജി വച്ച ഡോ.ഘോഷിനെ മണിക്കൂറുകള്‍ക്കകം മറ്റൊരു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചതിന് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചിരുന്നു.