കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പി.ജി ട്രെയ്‌നി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതിയായ സഞ്ജയ് റോയിയുടെ നുണ പരിശോധന ടെസ്റ്റ് തുടങ്ങി. മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷും സംഭവം നടന്ന രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഡോക്ടര്‍മാരും ഒരു സിവില്‍ വോളന്‍ന്റിയറും ഉള്‍പ്പെടെ ആറുപേരുടെ പോളിഗ്രാഫ് പരിശോധനയും നടക്കുന്നുണ്ട്.

പ്രതിയുടെ പരിശോധന ജയിലില്‍ വെച്ചും മറ്റ് ആറു പേരുടെത് സി.ബി.ഐ ഓഫിസില്‍ വെച്ചുമാണ് നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പോളിഗ്രാഫ് വിദഗ്ധരുടെ സംഘം പരിശോധനകള്‍ക്കായി കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയാണ് സി.ബി.ഐക്ക് പരിശോധന നടത്താന്‍ അനുമതി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനും മറ്റ് അഞ്ചു പേര്‍ക്കും പരിശോധന നടത്തണമെന്ന സി.ബി.ഐ അപേക്ഷ വ്യാഴാഴ്ച അതേ കോടതി അംഗീകരിച്ചിരുന്നു. അതേസമയം പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ അറസ്റ്റ് ചെയ്ത സഞ്ജയ് റോയി അര്‍ധരാത്രി ആശുപത്രിയില്‍ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ 1.03 നാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

സെമിനാര്‍ ഹാളില്‍ വെച്ചാണ് അന്ന് അര്‍ധരാത്രി ജൂനിയര്‍ ഡോക്ടര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കൊല ചെയ്യപ്പെട്ടതും. മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് കണ്ടെടുത്തതായി അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരന്നു. സെമിനാര്‍ ഹാളിലേക്ക് പ്രവേശിക്കുന്ന സഞ്ജയ് റോയിയുടെ കഴുത്തില്‍ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് വ്യക്തമായി കാണാം. ചോദ്യം ചെയ്യലില്‍, പോലീസ് സിസിടിവി തെളിവുകള്‍ സഞ്ജയിയെ കാണിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദിവസം രാത്രി ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് സഞ്ജയ് റോയ് കൊല്‍ക്കത്തയിലെ രണ്ട് വേശ്യാലയങ്ങളില്‍ പോയിരുന്നുവെന്നും പോലീസ് പറഞ്ഞു. ആഗസ്ത് എട്ടിന് രാത്രി സോനാഗച്ചി റെഡ് ലൈറ്റ് ഏരിയയില്‍ പോയ ഇയാള്‍ മദ്യം കുടിച്ച് രണ്ട് വേശ്യാലയങ്ങള്‍ ഒന്നിന് പിറകെ ഒന്നായി സന്ദര്‍ശിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

തുടര്‍ന്ന് അര്‍ദ്ധരാത്രിക്ക് ശേഷം ആശുപത്രിയിലേക്ക് പോയി. ജൂനിയര്‍ ഡോക്ടര്‍ ഉറങ്ങാന്‍ കിടന്ന സെമിനാര്‍ ഹാളിലേക്ക് ഇയാള്‍ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും സിസിടിവിയില്‍ വ്യക്തമാണ്. അതേസമയം സഞ്ജയ് റോയിക്ക് സഹായികള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സിബിഐ പറയുന്നത്. മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളിലെ പൂട്ട് തകര്‍ന്ന നിലയിലായിരുന്നു. പുറത്തു നടക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ സെമിനാര്‍ ഹാളിനുപുറത്ത് മറ്റൊരാളുടെ സഹായം ലഭിച്ചിരിക്കാനും സാധ്യത.

കുറ്റകൃത്യം നടക്കുന്ന സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന ആളുകള്‍ അസാധാരണമായ ശബ്ദം കേട്ടിരുന്നില്ല. ഇത് ഒഴിവാക്കിയത് പുറത്തു നിന്നൊരാള്‍ നിര്‍ദേശം നല്‍കിയതാവാമെന്നും സിബിഐ പറഞ്ഞു.