കൊല്ലം: കൊല്ലത്തെ നടുക്കിയ ബോംബ് സ്‌ഫോടന കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസിലാണ് ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നാലാം പ്രതിയെ വിട്ടയച്ചു. ശിക്ഷാവിധി നാളെ പറയും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്. നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റ് ആയിരുന്നു ഈ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഈ സംഘടനയുടെ പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീം രാജ (33), ദാവൂദ് സുലൈമാന്‍ (27), ഷംസുദീന്‍ എന്നിവരാണു പ്രതികള്‍. അഞ്ചാം പ്രതിയായ മുഹമ്മദ് അയൂബിനെ മാപ്പു സാക്ഷിയാക്കിയാണ് കേസ് വിസ്തരിച്ചത്. 2016 ജൂണ്‍ 15ന് രാവിലെ 10.50ന് മുന്‍സിഫ് കോടതിക്കു മുന്നില്‍ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്‌ഫോടനം. ചോറ്റുപാത്രത്തില്‍ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബുവിന് പരുക്കേറ്റിരുന്നു.

സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 15 ബാറ്ററികളും 17 ഫ്യൂസ് വയറുകളും ബാഗും പൊലീസ് കണ്ടെടുത്തു. കലക്ടറേറ്റിലേക്ക് ജനങ്ങള്‍ എത്തുന്ന ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനം. ഏറെ പരിഭ്രാന്തി ഉയര്‍ത്തിയതായിരുന്നു സ്‌ഫോടനം. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

രണ്ടാം പ്രതി ഷംസൂണ്‍ കരിം രാജയാണ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍. തമിഴ്നാട്ടില്‍ നിന്ന് ബസില്‍ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറങ്ങി, അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ കലക്ടറേറ്റ് വളപ്പില്‍ എത്തി ബോംബ് സ്ഥാപിക്കുകയായിരുന്നു. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് നാലുപേരും.

ബേസ് മൂവ്‌മെന്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയില്‍ നടത്തിയത് 5 സ്‌ഫോടന പരമ്പരകളാണ്. ആന്ധ്രപ്രദേശിലെ നെല്ലൂര്‍, ചിറ്റൂര്‍, കര്‍ണാടകയില്‍ മൈസൂരു, കേരളത്തില്‍ കൊല്ലം, മലപ്പുറം എന്നിവിടങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍. 2016 നവംബര്‍ ഒന്നിന് മലപ്പുറം കലക്ടറേറ്റ് വളപ്പിലെ മജിസ്‌ട്രേട്ട് കോടതിക്കു മുന്നിലായിരുന്നു പരമ്പരകളിലെ അവസാന സ്‌ഫോടനം. മൈസൂരു സ്‌ഫോടന കേസിലെ അന്വേഷണത്തിനിടയില്‍ പ്രതികളുടെ വീട്ടില്‍ നിന്നു കണ്ടെടുത്ത ലാപ്‌ടോപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊല്ലം സ്‌ഫോടനക്കേസ് തെളിഞ്ഞത്.

പ്രോസിക്യൂഷന്‍ 63 സാക്ഷികളെ വിസ്തരിച്ചു. 109 രേഖകളും 24 തൊണ്ടികളും ഹാജരാക്കി. വിചാരണ ആരംഭിച്ചപ്പോഴും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനും മൊഴിയെടുക്കാനും മാത്രമായിരുന്നു പ്രതികളെ നേരിട്ട് ഹാജരാക്കിയത്. പിന്നീട് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതികള്‍ കോടതി നടപടികളില്‍ പങ്കെടുത്തത്. കൊല്ലം മുന്‍ എസിപി ജോര്‍ജ് കോശിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആര്‍. സേതുനാഥും പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസും ഹാജരായി. 2017 സെപ്റ്റംബറില്‍ 7ന് ആണു കുറ്റപത്രം സമര്‍പ്പിച്ചതെങ്കിലും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്.