കൊല്ലം: മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ് കേരളത്തില്‍. അരുംകൊലകളും മനസ്സു മടുത്തുള്ള ആത്മഹത്യകളും പതിവാകുന്നും. രണ്ട് ദിവസങ്ങളായി മണിക്കൂറുകളുടെ ഇടവേളകളിലാണ് നടുക്കുന്ന മരണവാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇപ്പോഴിതാ കൊല്ലത്തു നിന്നും ഹൃദയം നുറുങ്ങുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു.

കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് എന്നാണ് പോലീസിന്റെ നിഗമനം. ഇതിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

ഇരുവരെയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളില്‍ മരിച്ച നിലയില്‍ കിടക്കുന്ന കുഞ്ഞിനെ ആണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നടുക്കുന്ന കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും ഞെട്ടലിലാണ് നാട്ടുകാര്‍.

എല്ലാവരുമായി വളരെ സ്‌നേഹത്തില്‍ നല്ലരീതില്‍ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ചെറിയ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തില്‍ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. അജീഷിന്റെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും എഴുന്നേല്‍ക്കായതോടെ മുറിയില്‍ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കൂടുതല്‍ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.