കൊച്ചി: ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കോന്തുരുത്തി സ്വദേശി ജോര്‍ജ് (61) നടത്തിയ ക്രൂരകൃത്യത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മദ്യലഹരിയില്‍ പ്രതി ഉറങ്ങിപ്പോയതാണ് സംഭവം വേഗം പുറത്തറിയാന്‍ കാരണം.

കഴിഞ്ഞ ദിവസം രാത്രി ഏകദേശം 10 മണിയോടെയാണ് ജോര്‍ജ് പാലക്കാട് സ്വദേശിനിയായ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുക പറഞ്ഞുറപ്പിച്ച ശേഷമാണ് ഇവരെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ചത്. അപ്പവും ചിക്കന്‍ കറിയും പാഴ്‌സല്‍ വാങ്ങിയാണ് സ്ത്രീയോടൊപ്പം വീട്ടിലെത്തിയത്. പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് രാത്രി 12 മണിയോടെയാണ് ജോര്‍ജ് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ചാക്ക് വാങ്ങിയെങ്കിലും മദ്യലഹരിയില്‍ ഉറങ്ങിപ്പോയി

കൃത്യം നടന്ന ശേഷം മദ്യലഹരിയിലായിരുന്ന ജോര്‍ജ് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം ഒളിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്.

വെളുപ്പിന് നാലരയോടെ മുക്കാല്‍ കിലോമീറ്റര്‍ അകലെയുള്ള അപ്പക്കടയിലെത്തി ജോര്‍ജ് രണ്ട് ചാക്കുകള്‍ വാങ്ങി. അരിയും മറ്റും കൊണ്ടുവരുന്ന കടയായതുകൊണ്ട് ആളുകള്‍ ചാക്ക് വാങ്ങാറുണ്ടെന്നും, കണ്ടുപരിചയമുള്ള ആളാണ് ജോര്‍ജെന്നും കടയുടമയായ ടി.കെ. സന്തോഷ് പറഞ്ഞു.

ചാക്ക് വാങ്ങിയ ശേഷം മൃതദേഹത്തിന്റെ തലയുടെ ഭാഗം ചാക്കുകൊണ്ട് മൂടി, കാലില്‍ പിടിച്ചുവലിച്ച് വീട്ടിലേക്കുള്ള ഇടവഴിയില്‍ 20 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുവന്നു. മൃതദേഹം വഴിയില്‍ കൊണ്ടിട്ട ശേഷം തളര്‍ന്നുപോയ ജോര്‍ജ് അവിടെത്തന്നെ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു.

ശനിയാഴ്ച രാവിലെ ആറരയോടെ ഈ വഴിയിലെത്തിയ ഹരിതകര്‍മസേനാംഗമായ കുമ്പളങ്ങി സ്വദേശി കെ.ജെ. മണിയാണ് സംഭവം ആദ്യം കണ്ടത്. ജോര്‍ജ് മൃതദേഹത്തിനടുത്ത് ഇരിക്കുന്നതും, മുഖം മറച്ച നിലയില്‍ ഒരാള്‍ കിടക്കുന്നതും കണ്ടപ്പോള്‍ അത് ജോര്‍ജിന്റെ ഭാര്യയാണെന്നാണ് മണി ആദ്യം കരുതിയത്. മണി വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍, തന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കൂടാതെ, ആരാണ് ഇതെന്ന് തനിക്കറിയില്ലെന്നും ആരോ ഇവിടെ കൊണ്ടിട്ടതാണെന്നും ജോര്‍ജ് പറഞ്ഞു. തുടര്‍ന്ന് മണി അയല്‍വീട്ടിലെ സ്ത്രീയെ വിവരമറിയിക്കുകയും അവര്‍ കൗണ്‍സിലര്‍ ബെന്‍സി ബെന്നിയെ അറിയിക്കുകയും കൗണ്‍സിലര്‍ പോലീസിനെ വിളിക്കുകയുമായിരുന്നു.

ജോര്‍ജിന്റെ പശ്ചാത്തലം

വയനാട്ടില്‍ നിന്ന് 30 വര്‍ഷം മുമ്പ് എത്തിയവരാണ് ജോര്‍ജും കുടുംബവും. 15 വര്‍ഷം മുമ്പാണ് ഇപ്പോള്‍ താമസിക്കുന്ന ഓടിട്ട വീട് വാങ്ങിയത്. ഇദ്ദേഹം കടുത്ത മദ്യപാനിയാണെന്നും, മദ്യപിച്ചു കഴിഞ്ഞാല്‍ സ്വഭാവം മാറുമെന്നും അയല്‍വാസികള്‍ പറയുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു.

പ്രായമായവരെ പരിചരിക്കുന്ന ഹോം നേഴ്‌സിങ് ജോലിയാണ് ജോര്‍ജിന്. പണമെത്തിയാല്‍ തുടര്‍ച്ചയായി മദ്യപിക്കുന്ന സ്വഭാവമുണ്ട്.

ജോര്‍ജിന്റെ ഭാര്യ മകളുടെ കുഞ്ഞിന്റെ പിറന്നാളിനായി അവരുടെ വീട്ടിലായിരുന്ന സമയത്താണ് കൃത്യം നടന്നത്. യുകെയിലുള്ള മകനും, മകളും കൗണ്‍സിലറുമായി സംസാരിച്ചിട്ടുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വൈകിട്ടോടെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കൊലപാതകത്തെ കുറിച്ച് എസ്പി സിബി ടോം മാധ്യമങ്ങളോട് വിശദീകരിച്ചത്:

'ജോര്‍ജ് എറണാകുളം സൗത്ത് ഗേള്‍സ് ഹൈസ്‌കൂളിന്റെ ഭാഗത്ത് നിന്ന് സ്ത്രീയെ കയറ്റി കൊണ്ട് പോന്നതായിരുന്നു. അവര് സെക്‌സ് വര്‍ക്കിനായിട്ട് വന്നിട്ടുള്ളതായിരുന്നു. ലൈംഗിക ബന്ധത്തിന് ശേഷം സാമ്പത്തികപരമായി അവര് തമ്മില്‍ തര്‍ക്കമുണ്ടായി. ആ തര്‍ക്കം മൂത്ത് ജോര്‍ജ് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അടുത്ത മുറിയില്‍ ഉണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല ചെയ്യുകയായിരുന്നു.

ഇന്ന് ഏഴുമണിയോടെ അടുപ്പിച്ചാണ് പൊലീസിന് വിവരം ലഭിക്കുന്നത്. കോന്തുരുത്തി ഡ്രീം ഫ്‌ലവര്‍ അപ്പാര്‍ട്ട്‌മെന്റിനടുത്തുള്ള ഇടവഴിയില്‍, സ്ത്രീയുടെ അര്‍ധനഗ്‌നമായ ഡെഡ് ബോഡി, മുകള്‍ഭാഗം ചാക്കിലിട്ട് പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തകരാണ് മൃതദേഹം ആദ്യം കണ്ടത്. അവര്‍ കൗണ്‍സിലറെയും തുടര്‍ന്ന് പോലീസിനെയും അറിയിച്ചു. ബോഡിയുടെ അടുത്ത് തന്നെ ജോര്‍ജ് എന്നയാള്‍ ഇരിപ്പുണ്ടായിരുന്നു. ജോര്‍ജിന്റെ വീട് ഈ വഴിയുടെ അറ്റത്താണ്.

വീട്ടുടമസ്ഥനായ ജോര്‍ജാണ് ബോഡിയുടെ അടുത്ത് ഉണ്ടായിരുന്നത്. ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ആദ്യം ജോര്‍ജ് തനിക്ക് ബോഡിയെക്കുറിച്ചോ മരിച്ചയാളെക്കുറിച്ചോ അറിയില്ലെന്നും, ഭയപ്പെട്ട് ബോഡിയുടെ അടുത്ത് ഇരുന്നുപോയതാണെന്നുമുള്ള മൊഴിയാണ് നല്‍കിയത് എന്നാല്‍, കൂടുതല്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ ജോര്‍ജ് കുറ്റം സമ്മതിച്ചു. എറണാകുളം സൗത്തില്‍ നിന്നും സ്ത്രീയെ കയറ്റിക്കൊണ്ടുവന്നതാണെന്നും സാമ്പത്തിക തര്‍ക്കം ഉണ്ടായപ്പോള്‍ ചെയ്തുപോയതാണെന്നും സമ്മതിച്ചു.

രാത്രി 11.30-12 മണി അടുപ്പിച്ചുള്ള സമയത്താണ് കൊലപാതകം നടന്നത്. അതിനുശേഷം ഡെഡ് ബോഡി മുറിയില്‍ നിന്നും മറവ് ചെയ്യാന്‍ വേണ്ടി കൊണ്ടുപോകുന്ന സമയത്ത് ഇവിടെ വരെ ജോര്‍ജ് കയര്‍ കഴുത്തില്‍ കെട്ടി വലിച്ച് കൊണ്ടുവരികയായിരുന്നു. അതിനുശേഷം ഇവിടെ കിടക്കുകയായിരുന്നു.

ഇവര് ഒരുമിച്ചിരുന്ന് മദ്യപിച്ചിട്ടുണ്ടോ എന്നറിയത്തില്ല. എന്നാല്‍, അയാള്‍ മദ്യപിച്ചിരുന്നുവെന്ന് അയാള്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ക്യത്യത്തിന് മുമ്പ് എറണാകുളം സൗത്തില്‍ നിന്ന് വരുമ്പോള്‍ ബാറില്‍ നിന്ന് മദ്യം കഴിച്ചിട്ടാണ് വന്നത്. പുലര്‍ച്ചയോടെയാണ് ബോഡി മറവ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. മറ്റൊരാളുടെ സഹായം കിട്ടിയതായി അറിവുകിട്ടിയിട്ടില്ല.

കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ജോര്‍ജിന് എതിരെ മറ്റുകേസുകളൊന്നും ഉള്ളതായി കണ്ടിട്ടില്ല. പ്രാഥമിക നിലയിലാണ് കേസിന്റെ അന്വേഷണം. കൂടുതല്‍ അന്വേഷണത്തിലൂടെയേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു. സിസി ടിവി ദൃശ്യങ്ങളുടെ പരിശോധന അടക്കം നടത്തേണ്ടതുണ്ട്.

ജോര്‍ജ് ഇവിടെ 30 വര്‍ഷമായിട്ട് ഉളളയാളാണ്. കോന്തുരുത്തി സ്വദേശി തന്നെയാണ്. 61 വയസുളള ജോര്‍ജിന് ഭാര്യയും രണ്ടുമക്കളുമാണുള്ളത്. മകളെ കല്യാണം കഴിച്ച് അയച്ചേക്കുകയാണ്. മോളെ കെട്ടിച്ചിരിക്കുന്നത് പൊന്‍കുന്നത്തിന് അടുത്ത് കൂരാലി എന്ന സ്ഥലത്താണ്. മോള്‍ടെ ബര്‍ത്ത്‌ഡേയ്ക്ക് ജോര്‍ജും ഭാര്യയും കൂടി ബുധനാഴ്ച പോയതായിരുന്നു. ഭാര്യ അവിടെ തങ്ങി. ജോര്‍ജ് വ്യാഴാഴ്ച തിരിച്ചുപോന്നു. അതിനുശേഷമാണ് ഇതുണ്ടായത്. മകന്‍ യുകെയില്‍ പഠിക്കുകയാണ്.