കോട്ടയം: കൂവപ്പള്ളിയിലെ വീട്ടില്‍ വച്ച് ഷേര്‍ളി മാത്യുവിനെ കൊലപ്പെടുത്തും മുന്‍പ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ചിരുന്നുവെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ഈ വിവരങ്ങളൊക്കെ ഷേര്‍ളി തന്നോട് പറഞ്ഞിരുന്നെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് സുഹൃത്ത് പറഞ്ഞു. വീട്ടിനുള്ളില്‍ ഷേര്‍ളി മാത്യുവിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം കോട്ടയം സ്വദേശിയായ ജോബ് സക്കറിയ (38) സ്റ്റെയര്‍കേസില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഈ സംഭവം നടക്കുന്നതിന് മുന്‍പ് കൊലപ്പെടുത്തിയ ജോബ് സക്കറിയയും മകനും ചേര്‍ന്നാണ് ഇവരെ എറണാകുളത്തുള്ള മാനസിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.

ഷേര്‍ളി അനുഭവിച്ചത് കൊടിയ ക്രൂരത

ഷേര്‍ലിയെ മര്‍ദ്ദിക്കുകയും വായില്‍ തുണി തിരുകി ബലമായി വാഹനത്തിന്റെ പിന്നില്‍ കൈകാലുകള്‍ കെട്ടിയിട്ടാണ് ആശുപത്രിയില്‍ കൊണ്ടു പോയതെന്ന് സുഹൃത്ത് പോലീസിനോട് പറഞ്ഞു. ആശുപത്രിയില്‍ വച്ചാണ് ജോബും ഷേര്‍ളി മാത്യുവും തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നത്. വീട്ടില്‍ വച്ച് ജോബുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് മാനസിക നില തെറ്റിയ രീതിയില്‍ പെരുമാറിയ ഷേര്‍ളിയെ മകനുമായി ചേര്‍ന്ന് വെള്ളിയാഴ്ച്ച ബലമായി ആശുപത്രിയില്‍ കൊണ്ടു പോകുകയായിരുന്നു.

ആശുപത്രിയില്‍ വച്ച് രണ്ടു പേരും വഴക്കുണ്ടായി പിരിഞ്ഞു. പിന്നീട് ജോബ് ശനിയാഴ്ച്ച തന്നെ വീട്ടിലെത്തിയിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെ ആശുപത്രിയില്‍ നിന്നും ഷേര്‍ളിയും വീട്ടിലെത്തി. അവിടെയെത്തുമ്പോള്‍ ജോബ് കുളപ്പുറത്തെ വീട്ടിലുണ്ടായിരുന്നു. താക്കോലില്‍ ഒരെണ്ണം ജോബിന്റെയും കൈവശമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് തുടങ്ങിയത്്. ഇടയ്ക്കിടെ ജോബ് വീട്ടില്‍ വന്ന് താമസിക്കുമായിരുന്നു.

30 ലക്ഷം ജോബ് തിരിച്ചുചോദിച്ചത് വഴക്കിന് കാരണം

ജോബില്‍ നിന്നും 30 ലക്ഷത്തോളം രൂപ വാങ്ങിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇവര്‍ തമ്മിലുള്ള സൗഹൃദ ബന്ധം വഷളായതിനെ തുടര്‍ന്ന് തുക തിരിച്ചു ചോദിച്ചു. നിരന്തരം വഴക്കുണ്ടായതോടെ ഇയാള്‍ ഉപദ്രവിക്കുന്നതായി കാട്ടി കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും സ്റ്റേഷനില്‍ ഹാജരായി സി. ഐ. മുന്‍പാകെ കാര്യങ്ങള്‍ പറഞ്ഞു. താന്‍ നല്‍കിയ പണം തിരികെ മേടിച്ച് നല്‍കണമെന്ന സി. ഐയോട് ജോബ് പറഞ്ഞു. ഇതിനു ശേഷമാണ് വെള്ളിയാഴ്ച്ച ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നത്.

ജോബിന്റെ സംശയം കൊലപാതക കാരണം

മറ്റൊരാളുമായി സൗഹൃദം ഉണ്ടായെന്ന് ജോബ് സക്കറിയ്ക്കുള്ള സംശയമാണ് കൊലപാതകത്തിന് കാരണം. ഞായറാഴ്ച്ച ജോബിനെതിരെ പരാതി നല്‍കണമെന്ന്് ഷേര്‍ളി മാത്യു മറ്റൊരു സുഹൃത്തിനോട് പറഞ്ഞിരുന്നു. വീട്ടില്‍ ചില പ്രശ്നങ്ങള്‍ നടക്കുന്നതായി പറഞ്ഞാണ് വൈകിട്ട് ആറരയോടെയാണ് ഷേര്‍ളി വിളിച്ചത്. കേസ് നല്‍കുന്ന കാര്യം അഭിഭാഷകനോട് ചോദിച്ചിട്ട് വിവരം അറിയിക്കുന്നതിനായി സുഹൃത്ത് തിരിച്ച് വിളിച്ചപ്പോള്‍ എടുക്കാതെ വന്നതോടെ സുഹൃത്ത് തന്നെ പോലീസില്‍ വിവരം അറിയിച്ചു. രാത്രി ഒന്‍പതരയോടെ പോലീസ് വിവരം അറിഞ്ഞ് അന്വേഷിച്ച് എത്തുമ്പോള്‍ അടുക്കള വശത്തെ വാതില്‍ തുറന്ന നിലയിലും മൂന്‍ വശത്തെ വാതില്‍ പൂട്ടിയ നിലയിലുമായിരുന്നു. പോലീസ് നാട്ടുകാരെയും കൂട്ടി അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്.

ഇടുക്കി ഇരട്ടയാര്‍ സ്വദേശിയായ ഷേര്‍ളി മാത്യുവിന്റെ (45) സംസ്‌ക്കാരം കോട്ടയത്തെ പൊതുശ്മശാനത്തില്‍ നടത്തി. ഭര്‍ത്താവ് മരണപ്പെട്ട ഷേര്‍ളിയുടെ മൃതദേഹം ജന്മനാട്ടിലേയ്ക്ക് കൊണ്ടു പോകാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു. ഭര്‍ത്താവിനെപ്പറ്റിയും മക്കളെപ്പറ്റിയുമെല്ലാം വ്യക്തമായി അയല്‍വാസികളോട് ഷേര്‍ളി പറഞ്ഞിരുന്നില്ല.

ഹണിട്രാപ് സംശയിച്ച് ജോബിന്റെ ബന്ധുക്കള്‍

സാമ്പത്തിക ഇടപാടും വഴിവിട്ട ബന്ധവുമാണ് ഷേര്‍ളിയെ മരണത്തിലേക്ക് തള്ളിവിട്ടത്. ജോബ് സക്കറിയയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സഹോദരന്‍ രംഗത്ത് വന്നിരുന്നു. ഇത്തരത്തില്‍ ഒരു കൊലപാതകം ചെയ്യാന്‍ കഴിവുള്ള ആളല്ല ജോബ് എന്ന് ബന്ധുക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നു. ജോബിനെ ഈ കെണിയില്‍പ്പെടുത്തിയതില്‍ മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടാകുമോയെന്നാണ് ബന്ധുക്കളുടെ സംശയം. ഭര്‍ത്താവിന്റെ മരണ ശേഷം ഷേര്‍ളിയുമായി ബന്ധമുണ്ടായിരുന്നത് ഇരട്ടയാര്‍ സ്വദേശിയായ യുവാവാണ്. ഇയാളുമായി വസ്തു കച്ചവടം ഉള്‍പ്പെടെ വന്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. ജോബില്‍ നിന്നും വന്‍ തുക വാങ്ങിയെടുത്തതിന് പിന്നില്‍ ഹണി ട്രാപ്പും സംശയിക്കാം. അതിന് മറ്റാരുടെയെങ്കിലും സഹായം ഉണ്ടായോ എന്നാണ് അന്വേഷിക്കേണ്ടത്.